X

‘നവോത്ഥാന’ കേരളത്തില്‍ ഈഴവശാന്തിക്ക് ശ്രീകോവിലില്‍ കയറാന്‍ വിലക്ക്; പോലീസിനെ വിളിച്ച് സരുണിനെ അകത്തുകയറ്റി ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോർഡ് താഴ്ന്ന ജാതിയിലെ ശാന്തിക്കാരെ നിയമിച്ചാൽ നമ്പൂതിരിമാർക്ക് പണിയില്ലാതാവും എന്നും പ്രതിഷേധക്കാര്‍

“അബ്രാഹ്മണരാരും ഇതുവരെ ശ്രീകോവിലിൽ കയറിയിട്ടില്ല എന്നാണ് പ്രതിഷേധത്തിനു വന്നവര് പറഞ്ഞത്. അതുകൊണ്ട് എനിക്ക് മൂന്ന് ദിവസം പുറത്തിരിക്കേണ്ടി വന്നു. അമ്പലത്തിന്റെ അടുത്ത് താമസിക്കുന്നവരാണ് പ്രതിഷേധവുമായി വന്നത്. ഞാൻ വേറെ ഒരു നാട്ടിൽ നിന്ന് വന്നതല്ലേ, അതുകൊണ്ട് അവരോട് അപ്പൊ എതിർക്കാനൊന്നും പറ്റിയില്ല. മൂന്ന് ദിവസം ചുറ്റമ്പലത്തിലെ വരാന്തയിൽ തന്നെയിരുന്നു”; ദേവസ്വം ബോർഡിന്റെ ശാന്തി നിയമനത്തിനായുള്ള പരീക്ഷ പാസ്സായി ലിസ്റ്റിൽ 41-ആം റാങ്കുകാരനായി ഇടം പിടിച്ച ആലപ്പുഴ സ്വദേശി സരുൺ കുമാറിന്റെ വാക്കുകളാണിത്. തൃശ്ശൂർ ഏവന്നൂർ തേൻകുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലായിരുന്നു സരുൺ കുമാറിന്റെ ആദ്യ നിയമനം. ഈ കഴിഞ്ഞ ഡിസംബർ പത്താം തീയതി ക്ഷേത്രം ശാന്തിയായി ചുമതല ഏറ്റെടുക്കാൻ സരുൺ കുമാർ ക്ഷേത്രത്തിലെത്തി. എന്നാൽ പ്രദേശവാസികൾ കുറേപ്പേർ സംഘടിച്ച് സരുണിനെതിരെ പ്രതിഷേധവുമായി വന്നു. മേൽജാതിക്കാർ മാത്രം കയറിയിട്ടുള്ള ശ്രീ കോവിലിൽ ഈഴവനായ സരുൺ കയറാൻ പാടില്ല എന്നുപറഞ്ഞായിരുന്നു പ്രതിഷേധം.

പ്രത്യേകിച്ച് സംഘടനാ പിന്തുണയൊന്നും പ്രതിഷേധത്തിനുണ്ടായിരുന്നില്ലെങ്കിലും ക്ഷേത്രക്ഷേമ സമിതിയിലെ എഴുത്തച്ഛൻ സമാജക്കാരാണ് ഇതിനു പിന്നിൽ എന്നാണ് എസ്എൻഡിപി യോഗം തൃശ്ശൂർ യൂണിയൻ സെക്രട്ടറി രാജേന്ദ്രൻ പറയുന്നത്. “എഴുത്തച്ഛൻ സമാജക്കാരാണ് തേൻകുളങ്ങര ക്ഷേത്ര കമ്മറ്റിയിലൊക്കെ ഉള്ളത്. പക്ഷെ ഇപ്പോ ഈ ശബരിമല പ്രശ്നമൊക്കെ വന്ന് ജാതിയെ കുറിച്ചൊക്കെ കേരളത്തിൽ വലിയ ചർച്ചകളൊക്കെ നടന്നോണ്ടിരിക്കുവല്ലേ, അതുകൊണ്ടാണ് അവർ നേരിട്ട് രംഗത്തിറങ്ങാതെ പരിസരത്തുള്ള കുറച്ചു സ്ത്രീകളെ പ്രതിഷേധത്തിനയച്ചത്. ‘അവരുടെ കാരണവന്മാർ ഉണ്ടാക്കിയ അമ്പലമാണ്, അവിടെ നമ്പൂതിരിമാരെ മാത്രേ കയറ്റാൻ പാടുള്ളൂ. ദേവസ്വം ബോർഡ് താഴ്ന്ന ജാതിയിലെ ശാന്തിക്കാരെ നിയമിച്ചാൽ നമ്പൂതിരിമാർക്ക് പണിയില്ലാതാവും’ എന്നൊക്കെ പറഞ്ഞായിരുന്നു പ്രതിഷേധം. ഇതറിഞ്ഞപ്പോൾ തന്നെ എസ്എൻഡിപി യോഗം ദേവസ്വം സ്പെഷ്യൽ കമ്മീഷണർക്ക് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണം എന്നു കാണിച്ച് കത്ത് കൊടുക്കയുണ്ടായി. പതിമ്മൂന്നാം തീയതി ദേവസ്വം ആസ്ഥാനത്തേക്ക് എസ്എൻഡിപി ഒരു പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു. അതെ തുടർന്ന് ദേവസ്വം കമ്മീഷണർ ആർ. ഹരി നേരിട്ട് പോലീസ് അകമ്പടിയോടെ അമ്പലത്തിൽ ചെല്ലുകയും സരുണിനെ ശ്രീ കോവിലിൽ കയറ്റുകയുമായിരുന്നു”.

ശ്രീനാരായണഗുരു ഇല്ലാതാക്കിയ അയിത്താചാരങ്ങളെ പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്നും സമാനമായ പ്രശ്നങ്ങൾ തൃശ്ശൂർ ജില്ലയിലെ മറ്റു ചില ക്ഷേതങ്ങളിലും ഉണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും അവിടെയും പ്രതിഷേധങ്ങൾ നടത്താൻ എസ്എൻഡിപി യോഗം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

വൈദിക സമിതിയാണ് ആദ്യം തന്റെ പ്രശ്നത്തിൽ ഇടപെട്ടതെന്ന് സരുൺ പറയുന്നു. “എനിക്ക് നിയമനം കിട്ടിയപ്പോൾ ചേർത്തലയിൽ വച്ച് വൈദിക സമിതി ഒരു സ്വീകരണം തന്നിരുന്നു. അമ്പലത്തിൽ കയറാൻ പറ്റാതെയായപ്പോൾ ഞാൻ ആദ്യം വൈദിക സമിതിയുടെ ആളുകളെയാണ് സഹായത്തിനു സമീപിച്ചത്. അവരും എസ്എൻഡിപി നേതൃത്വവും എന്റെ പ്രശ്നത്തിൽ ഇടപെട്ടു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും എല്ലാ പിന്തുണയും നൽകി. അതൊക്കെ കൊണ്ടാണ് ഇപ്പൊ ശ്രീകോവിലിൽ കയറി പൂജ ചെയ്യാൻ സാധിച്ചത്”.

തങ്ങൾ നിയമിച്ച ശാന്തിമാർക്ക് എല്ലാ പിന്തുണയും സഹായവും ദേവസ്വം ബോർഡ് നൽകുമെന്ന് സ്പെഷ്യൽ കമ്മീഷണർ ആർ. ഹരി വ്യക്തമാക്കി. “ഇത്തരം പ്രശ്നങ്ങളിൽ ദേവസ്വം ബോർഡിൽ പരാതി നൽകിയാൽ ഉടൻ നടപടി ഉണ്ടാവുന്നതാണ്. നമ്പൂതിരി പൂജ ചെയ്താലേ ഫലിക്കു എന്നൊരു വിശ്വാസം ഇപ്പോഴും കേരളത്തിലെ ജനങ്ങൾക്കിടയിലുണ്ട്. ആ ചിന്തയാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. പൂജാ വിധികളെല്ലാം പഠിച്ചവരിൽ നിന്നും ഏറ്റവും മിടുക്കരായവരെ കണ്ടെത്തിയാണ് ദേവസ്വം ബോർഡ് നിയമിക്കുന്നത്. അതുകൊണ്ട് ശാന്തിയുടെ അറിവിനേയോ ജ്ഞാനത്തെയോ കുറിച്ച് ആർക്കും ആശങ്ക ഉണ്ടാവേണ്ട കാര്യമില്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അയിത്തത്തിന്റെ പേരിൽ ആരെയെങ്കിലും മാറ്റി നിർത്തിയാൽ ബോർഡ് ശക്തമായി ഇടപെടും”.

അബ്രാഹ്മണന്‍ പൂജിച്ചാല്‍ അയ്യപ്പന്‍ കനിയില്ലേ?; ചെട്ടിക്കുളങ്ങര അവസാനിക്കുന്നില്ല

വടയമ്പാടിയില്‍ ജാതി മതില്‍ കെട്ടിയപ്പോള്‍ പുറത്തുവന്നത് സവര്‍ണ്ണ ജാതി വെറിയല്ലാതെ മറ്റെന്താണ്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

This post was last modified on December 16, 2018 4:19 pm