X

അഖില്‍ എന്റെ മകനാണ്, അവന്‍ സംസാരിച്ചത് മറ്റ് കുട്ടികള്‍ക്ക് വേണ്ടിക്കൂടിയാണ്; കാസര്‍ഗോഡ് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് സംസാരിക്കുന്നു

സര്‍വകാലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അഖില്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു

കാസര്‍ഗോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പുറത്താക്കിയതിനെ തുടര്‍ന്ന് ഗവേഷക വിദ്യാര്‍ഥി അഖില്‍ താഴത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഉപരോധിക്കുകയും അധികൃതര്‍ സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിടുകയുമുണ്ടായി. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും എസ്പിയുടെയും നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ, “തന്റെ ഭാഗത്ത് നിന്ന് സര്‍വകലാശാല അധികൃതര്‍ക്കെതിരെ എന്തെങ്കിലും മോശമായ പ്രയോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു” എന്ന രീതിയില്‍ മാപ്പപേക്ഷ എഴുതി നൽകാൻ കളക്ടർ അഖിലിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് അഖില്‍ ഈ രീതിയില്‍ എഴുതി നല്‍കുകയും ചെയ്തു. ഈ അപേക്ഷ സ്വീകരിച്ച് അഖിലിനെ തിരിച്ചെടുക്കാനും വിദ്യാർഥികളുമായി സമവായത്തിൽ എത്താനും ജില്ലാ കലക്ടർ ഡോ എസ്. സജിത് ബാബു സർവകലാശാല അതികൃതരോടും അഭ്യർഥിച്ചെങ്കിലും സർവകലാശാല അധികൃതർ ഇതിനോട് അനുകൂല മനോഭാവമല്ല സ്വീകരിച്ചത്.

വിസി സ്ഥലത്തില്ല എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി ചേർന്നു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ എന്നും അതിന് സമയം വേണമെന്നുമാണ് സര്‍വകലാശാല നിലപാട്. നവംബർ രണ്ടിന് എക്സ്ക്യൂട്ടീവ് മീറ്റിങ് നടന്നതിന് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുവെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികൾ സമരം നിർത്തിയാൽ ക്ലാസുകൾ തുറന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും സർവകലാശാല വ്യക്തമാക്കി. ഒപ്പം തങ്ങള്‍ സമരം ചെയ്യില്ല എന്ന് വിദ്യാര്‍ഥി സംഘടനകള്‍ എഴുതി നല്‍കുകയും വേണം. എന്നാല്‍ ഇതിന് ഒരുക്കമല്ലെന്നാണ് എഎസ്എ, എംഎസ്എഫ്, എന്‍ എസ് യു ഐ, എഐഎസ്എഫ്, മാര്‍ക്സ്-അംബേദ്‌കര്‍ സ്റ്റഡി സര്‍ക്കിള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കളക്ടറുടെ സമവായ ഫോര്‍മുല അംഗീകരിച്ചു കൊണ്ട് അഖിലിനെ തിരിച്ചെടുക്കുന്നത് വരെ ജനാതിപത്യപരമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി. എസ്എഫ്ഐയും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. 

അഖിലിന്റെ കോളേജ് പ്രവേശനം, രാഷ്ട്രീയം, യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പുറത്താകല്‍ തുടങ്ങിയവ സംബന്ധിച്ച് പിതാവ് ഫ്രെഡി കെ. താഴത്ത് സംസാരിക്കുന്നു.

“നാസി ജര്‍മനിയില്‍ പൂര്‍ണ ആരോഗ്യവാന്മാരല്ലാത്ത കുട്ടികളെ ക്യാമ്പുകളില്‍ വെച്ച് കൊലപ്പെടുത്താനുള്ള നഴ്‌സുമാരുടെ ഒരു പ്രത്യേക സ്‌ക്വാഡ് തന്നെ നിലവിലുണ്ടായിരുന്നു. പൂര്‍ണ ആരോഗ്യവാന്മാരല്ലാത്ത ഒരു പുതുതലമുറയെ രാജ്യത്തിന് ആവശ്യമില്ലെന്നായിരുന്നു ഹിറ്റ്‌ലര്‍ വിഭാവനം ചെയ്തത്. ഇതിന്റെ പുതിയ രൂപങ്ങളാണ് ഇപ്പോഴത്തെ സര്‍വകലാശാലകള്‍” എന്ന് പറഞ്ഞാണ് ഫ്രെഡി സംസാരിച്ചു തുടങ്ങിയത്. മറ്റ് പല രക്ഷിതാക്കളും പാടേ പതറിപ്പോകുന്ന ഈ സമയത്ത് തികച്ചും സമചിത്തതയോടെ കാര്യങ്ങളെ നേരിട്ട്, അഖിലിനെ സര്‍വകലാശാലയില്‍ തിരിച്ചെടുക്കാനുള്ള വിദ്യാര്‍ഥി സമരത്തെ മനസ്സറിഞ്ഞ് പിന്തുണയ്ക്കുകയാണദ്ദേഹം.

അഖില്‍ ആദ്യമായി പഠിക്കുന്ന സ്ഥാപനമല്ല ഈ കേന്ദ്രസര്‍വകലാശാല, ഇതിന് മുമ്പും പല സ്ഥലങ്ങളിലും എന്റെ മകന്‍ പഠിച്ചിട്ടുണ്ട്. ഡിഗ്രിക്ക് പഠിച്ച ഇതേ സര്‍വ്വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരത്തെ ക്യാപ്പിറ്റല്‍ സെന്ററില്‍ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയാണ് അവന്‍. പ്രവേശന പരീക്ഷയില്‍ വിജയിച്ചാണ് അവനവിടെ ചേര്‍ന്നത്. പഠിച്ച ഒരിടത്തും അവനെപ്പറ്റി ആരും മോശം പറഞ്ഞിട്ടില്ല. പിന്നെ ഇവിടെ സംഭവിച്ചതെന്താണ്? തുടക്കം മുതല്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നുള്ള അജണ്ടകള്‍ ഞങ്ങള്‍ക്ക് വളരെ കൃത്യമായി തന്നെ മനസ്സിലാവുന്നുണ്ട്. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും കൃത്യമായി തന്നെ അഖില്‍ അറിയിക്കാറുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ അക്കാദമിക് സ്വാതന്ത്രത്തില്‍ സര്‍വകലാശാല എത്രത്തോളം ഇടപെടുന്നുണ്ടെന്നും അതില്‍ അവര്‍ എത്രത്തോളം അസ്വസ്ഥരാണെന്നും പലപ്പോഴും അവന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ട്; എന്തിനേറെ കുടിവെള്ളം വേണമെങ്കില്‍ യാചിക്കണമെന്ന് വരെ ഇവിടുത്തെ അധികൃതര്‍ പറഞ്ഞതായി അഖില്‍ പറഞ്ഞിട്ടുണ്ട്”,  അഖിലിന്റെ അനുഭവങ്ങള്‍ വിവരിക്കുകയാണ് അദ്ദേഹം.

അഖില്‍ ഇപ്പോഴും ചികിത്സയിലാണ്. മാനസിക സമ്മര്‍ദ്ദം കുറയാനുള്ള മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് മയക്കത്തിലാണെന്നും അതിനാല്‍ സംസാരിക്കാനാവുന്ന അവസ്ഥയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജ് അധികൃതര്‍, കളക്ടര്‍ തുടങ്ങിയവരുമായി നടന്ന ചര്‍ച്ചയെ കുറിച്ച് എന്ത് തോന്നുവെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്: “കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ പല സംഭവ വികാസങ്ങളും നടക്കുന്നുണ്ട്, വിദ്യാര്‍ഥികള്‍ പല തവണയായി സമരത്തിലായിട്ടുണ്ട്. എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് എല്ലായ്‌പ്പോഴും സര്‍വകലാശാലയുടെ പക്കല്‍ നിന്നുമുണ്ടായിട്ടുള്ളത്, മുമ്പും ഇവിടെ ഇത്തരത്തില്‍ യോഗങ്ങള്‍ നടന്നിട്ടുണ്ട്. എംപി വരെ പങ്കെടുത്ത ചര്‍ച്ചകള്‍, എന്നാല്‍ എല്ലാത്തിനോടും മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ ഇത്തവണ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ കാര്യങ്ങളെ കുറച്ച് കൂടി പോസിറ്റീവ് ആക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇത് വരെ കുട്ടികളും അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള ഇടപാടുകള്‍ മാത്രമായിരുന്നു. അതിലേക്ക് അംപയറിങ്ങ് ആയിട്ടാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. കളക്ടര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞതും അങ്ങനെയാണ്. കളക്ടര്‍ നിര്‍ദ്ദേശിച്ച ഫോര്‍മാറ്റില്‍ കത്തെഴുതി കൊടുക്കുന്നതില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും തന്നെയില്ല. അത് മുന്നെയും അഖില്‍ പറഞ്ഞതാണ്. എഴുതി നല്‍കിയിട്ടുമുണ്ട്; അവനെ തിരിച്ചെടുക്കണമെന്ന് കളക്ടര്‍ എക്‌സിക്യൂറ്റീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ നമ്മള്‍ക്കെല്ലാം കൂറച്ച് കൂടി കാര്യങ്ങള്‍ വ്യക്തമാണല്ലോ, തികച്ചും സംഘപരിവാര്‍ അജണ്ടയിലേക്ക് യൂണിവേഴ്‌സിറ്റിയെ കൊണ്ടുപോകാനുള്ള വ്യക്തമായ ശ്രമമാണിവിടെ നടക്കുന്നത്. സ്വജനപക്ഷപാതപരമായ പിന്‍വാതില്‍ നിയമനങ്ങള്‍, അഴിമതി, ഇതെല്ലാം ചോദ്യം ചെയ്താല്‍ കുട്ടികളെ പുറത്താക്കുക, തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടികള്‍“, ഫ്രെഡി പറഞ്ഞു.

അഖിലിന് ഇത്തരം വിഷയങ്ങളോടുള്ള സമീപനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ”അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരിക്കല്‍ പോലും എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ തോന്നിയിട്ടില്ല, മോശം ഭാഷ ഉപയോഗിച്ചുവെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. മലയാളികള്‍ കണ്ടാസ്വദിച്ച ഒളിമ്പ്യന്‍ അന്തോണി ആദമെന്ന സിനിമയില്‍ ഒരു പാട്ടുണ്ട്, അതിന്റെ ഭാഷയെ കുറിച്ച് പറയുമ്പോള്‍ അരുന്ധതി റോയിയുടെ പ്രശസ്ത നോവലായ ‘ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി’ല്‍ ഉള്ളതാണെന്ന് അതില്‍ നായകന്‍ പറയുന്നുണ്ട്. അപ്പോള്‍ എന്താണ് മോശം ഭാഷ? ഈ അടുത്ത് കേരളത്തില്‍ വിവാദമായ മീശ എന്ന നോവലുമായി ബന്ധപെട്ട വിധിയില്‍ സുപ്രീംകോടതിയുടെ വിധിയില്‍ ഒരു പരാമര്‍ശമുണ്ട്. നോവല്‍ വായിക്കാനറിയാത്തവര്‍ അത് വായിക്കേണ്ടെന്ന്, ആവിഷ്‌കാര സ്വാതന്ത്രത്തിന് തടയിടാന്‍ ഒരിക്കലും സാധിക്കില്ലെന്ന്, അപ്പോള്‍ വായിക്കാനറിയാത്തവര്‍ ഒന്നും വായിക്കാത്തത് തന്നെയാണ് നല്ലത്. മാത്രമല്ല ഇത്തരത്തിലുള്ള കാര്യങ്ങളോട് ബോധ്യങ്ങളുള്ള ആരും പ്രതികരിക്കുന്ന പോലെ തന്നെയാണ് എന്റെ മകനും പ്രതികരിച്ചത്. ഒന്നും അവന് വേണ്ടി മാത്രമല്ല. അവിടെ പഠിക്കുന്ന കുട്ടികള്‍ക്കും മറ്റ് പലര്‍ക്കും കൂടി വേണ്ടിയാണ്. അവന് വൈകാരികതയല്ല, അതിവൈകാരികതയാണ്, അതുകൊണ്ട് തന്നെ അവന്റെ ഇത്തരത്തിലുള്ള പ്രതികരണം എനിക്കും പൂര്‍ണമായി മനസ്സിലാവും’.

ഇനിയെങ്ങെനെ മുന്നോട്ട് പോകാനാണ് തിരുമാനമെന്നതും വ്യക്തമാണ് ഫ്രെഡിക്ക്. “എന്റെ മകനുണ്ടായ മാനസിക-ശാരീരിക സമ്മര്‍ദ്ദങ്ങള്‍ക്ക് അതിനുള്ള പരിഹാരമുണ്ടായേ തീരൂ, തീര്‍ച്ചയായും ഞാന്‍ യൂണിവേഴ്‌സിറ്റിക്കെതിരെ കേസുമായി മുന്നോട്ട് പോകും. അഖിലിന്റെ ആത്മഹത്യ കുറിപ്പില്‍ കാരണക്കാരായി വിസിയെയും പിവിസിയെയും പരാമര്‍ശിക്കുന്നുണ്ട്. അത് സംബന്ധിച്ചുള്ള കേസ് അതിന്റെ വഴിക്കു മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടര്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ ഇതൊരു വിദ്യാര്‍ഥി സമരത്തിന്റെ ഭാഗം കൂടിയാണിപ്പോള്‍. എന്റെ മകനുണ്ടായ അനുഭവത്തേക്കാളേറെ ഇപ്പോള്‍ ഒരു മൂവ്‌മെന്റ് ആണ്. അതില്‍ വിദ്യാര്‍ഥികളോടൊപ്പം തന്നെയാണ്. ഇന്നലത്തെ ഈ മീറ്റിങ്ങ് തന്നെ സത്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ പരാജയമാണ്. സംഭവം നടന്ന അന്ന് തന്നെ പിവിസിക്ക് കുട്ടികളുമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താമായിരുന്നു. ഇതിപ്പോള്‍ യൂണിവേഴ്‌സിറ്റി അടച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ ഒരിക്കലും കുട്ടികളെ അഡ്രസ്സ് ചെയ്യാന്‍ തയ്യാറാകുന്നില്ല“, അദ്ദേഹം പറയുന്നു.

സജീവമായി സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ഫ്രെഡി, സിപിഐ (എം എല്‍- റെഡ്ഫ്ലാഗ്) കേന്ദ്രകമ്മിറ്റിയംഗം കൂടിയാണ്.

വിസിക്കും പിവിസിക്കും അകമ്പടിക്ക്‌ ആര്‍എസ്എസുകാര്‍; അഖിലിനെ തിരിച്ചെടുക്കാതെ പറ്റില്ലെന്ന് വിദ്യാര്‍ഥികള്‍; കാസര്‍ഗോഡ്‌ സര്‍വകലാശാലയില്‍ നടക്കുന്നത്

കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയിലെ ചര്‍ച്ച പരാജയം; അഖിലിനെ തിരിച്ചെടുക്കണമെന്ന കളക്ടറുടെ ആവശ്യം തള്ളി

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on October 13, 2018 12:47 am