X

കവളപ്പാറയിലേത് വന്‍ ദുരന്തം: മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍, അമ്പതിലേറെ പേരെ കാണാനില്ല, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കവളപ്പാറ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂതനം കവളപ്പാറയില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 30 ഓളം വീടുകള്‍ മണ്ണിനിടയില്‍. ഇവിടെ അമ്പതിനും നൂറിനും ഇടയില്‍ ആളുകളെ കാണാതായെന്നാണ് വിവരം. രണ്ടു കുട്ടികളുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. മലയുടെ താഴ് വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി മണ്ണിനടിയില്‍ ആയെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പറയുന്നത്.

വലിയ ദുരന്തം ഉണ്ടായ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായി തുടരുന്നതാണ് ഭയം വര്‍ദ്ധിപ്പിക്കുന്നത്. അപകടം ഉണ്ടായ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ തടസം നേരിടുന്നതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നത്. ഇതുമൂലം മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് വരുന്ന വാര്‍ത്തകള്‍ പറയുന്നത്.

സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമെ മണ്ണിനടിയില്‍ കുടിങ്ങയവര്‍ ഉണ്ടെങ്കില്‍ രക്ഷിക്കാന്‍ കഴിയൂ എന്ന് എംഎല്‍എയും പറയുന്നുണ്ട്. ഇതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എംഎല്‍എ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം വേണ്ടി വരുമെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.

ഈ പ്രദേശത്ത് റോഡുകള്‍ തകര്‍ന്നു കിടക്കുന്നകുകൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്താന്‍ തന്നെ സാധിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് രണ്ട് കുട്ടികളുടെതുൾപ്പെടെ മുന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കവളപ്പാറ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഉരുള്‍പൊട്ടുന്നത്. കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് നിലമ്പൂരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ് നിലമ്പൂര്‍ ഇപ്പോള്‍ ഉള്ളതും. മഴ തുടരുന്നതും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വര്‍ദ്ധിക്കുന്നതും സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നതിനാല്‍ അപകടമേഖലകളില്‍ നിന്നെല്ലാം ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായ വന്‍ ഉരുള്‍പ്പൊട്ടലിനു പിന്നാലെയാണ് നിലമ്പൂരിലെ കവളപ്പാറയിലും ദുരന്തം ഉണ്ടായത്. ഈ പ്രളയകാലത്ത് ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ അപകടങ്ങളാണ് മേപ്പാടിയിലും കവളപ്പാറയിലും നടന്നിരിക്കുന്നത്. മേപ്പാടിയില്‍ ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ഇവിടെ തുടരുകയാണ്.

This post was last modified on August 14, 2019 2:34 pm