X

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 2 അടി കൂടി; താമരശ്ശേരിയിൽ ചുഴലിക്കാറ്റ്; നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തോട് പലരും സഹകരിക്കുന്നില്ലെന്ന് പരാതി

ഇടുക്കി അണക്കെട്ടിൽ 8 അടി വെള്ളം ഉയർന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ 2 അടി വെള്ളം കൂടി.

ഇടുക്കി മുത്തവറ മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന മണിമലയാർ കരകവിഞ്ഞൊഴുകുകയാണ്. മൂന്നാറില്‍ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 194.8 മില്ലീമീറ്റര്‍ മഴയാണ്. കാട്ടിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായിട്ടുണ്ട്. ഇത് സ്ഥിതി ഏറെ ഗുരുതരമാക്കിയിരിക്കുകയാണ്. മൂന്നാർ മുൻ വർഷത്തേതിനെക്കാൾ കടുത്ത സ്ഥിതിയെയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീനച്ചില്‍, മൂവാറ്റുപുഴ, പമ്പ എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി മ്ലാമല ശാന്തിപാലത്തില്‍ വെള്ളം കയറിയതായും റിപ്പോർട്ട്.

കണ്ണൂർ പറശ്ശിനിക്കടവ് മടപ്പുരയ്ക്കുള്ളിൽ വെള്ളം കയറിയിരിക്കുകയാണ്. പാംബ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ചാലിയാർ കാഞ്ഞിരപ്പുഴ ഗതി മാറിയൊഴുകുകയാണ്. നിലമ്പൂര്‍ ടൗണി രണ്ടാള്‍പ്പൊക്കത്തിൽ ജലം ഉയർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായതാണ് നിലമ്പൂരിലെ വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്. നിലമ്പൂര്‍ വനമേഖലയിലെ നെടുങ്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. പലയിടങ്ങളിലും ജനങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ വിസമ്മതിക്കുകയാണ്. നിലമ്പൂരിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറാത്തയിടങ്ങളിലും ഇത്തവണ വെള്ളം കയറിയെന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പമ്പാനദി കരകവിഞ്ഞ് ഒഴുകുകയാണ്. ശബരിമലയിൽ പമ്പാതീരത്തെ കടകളും അയ്യപ്പസേവാസംഘത്തിന്റെ ഓഡിറ്റോറിയവും വെള്ളത്തിൽ മുങ്ങി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ശക്തമാണ്. ചെറുതോണി – നേര്യമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയിലും ഉരുള്‍പൊട്ടല്‍ റിപ്പോർട്ട് ചെയ്തു. താമരശ്ശേരിയിൽ ചുഴലിക്കാറ്റടിച്ചതായും മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിൽ വീണതായും അറിയുന്നു. കല്ലാർ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നിട്ടുണ്ട്. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു. വയനാട് ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ഇടുക്കി അണക്കെട്ടിൽ 8 അടി വെള്ളം ഉയർന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ 2 അടി വെള്ളം കൂടി.

മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും തുറന്നു. മൂവാറ്റുപുഴ ആറിൽ ജലനിരപ്പുയർന്നതായി റിപ്പോർട്ടുണ്ട്. കർണാടക വനത്തിൽ രാത്രിയും പുലർച്ചെയുമായി ഉരുൾപൊട്ടലുണ്ടായത് കണ്ണൂരിലെ പുഴകളിൽ വെള്ളം കൂട്ടിയിട്ടുണ്ട്.

This post was last modified on August 14, 2019 1:22 pm