UPDATES

എംടി, കമല്‍, സിന്ധു സൂര്യകുമാര്‍; ഇവര്‍ കേരളത്തില്‍ അല്ലായിരുന്നെങ്കിലോ?

കേരളത്തിലും ഹിന്ദുത്വ ഭീകരത അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ ആക്രമണം നടത്തുന്നുണ്ട്‌

കെ എ ആന്റണി

കെ എ ആന്റണി

എം.ടി വാസുദേവന്‍ നായര്‍, കമല്‍, സിന്ധു സൂര്യകുമാര്‍; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ചും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അനുദിനം കരുത്താര്‍ജിക്കുന്ന സംഘപരിവാര്‍ ഭീകരതയെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ അടുത്തകാലത്ത് സംഘടിതമായ തീവ്ര ഹിന്ദുത്വ നിലപാടുകാരുടെ ആക്രമണം നേരിട്ട ഇവരെ നമ്മള്‍ മറന്നുകൂടാ.

നോട്ടു നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് സംഘപരിവാറുകാര്‍ മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ഉറഞ്ഞു തുള്ളിയതെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഈ കലിപ്പിന് പിന്നില്‍ മറ്റു രണ്ടു കാരണങ്ങള്‍ കൂടി ഉണ്ടെന്നതാണ് വസ്തുത. തിരൂര്‍ തുഞ്ചന്‍ സ്മാരകത്തില്‍ കടന്നുകയറി അതൊരു സംഘി വിദ്യാപീഠമാക്കി മാറ്റാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് എം.ടി എതിരു നില്‍ക്കുന്നു എന്നത് തന്നെ ഇതില്‍ പ്രധാനം. മറ്റൊന്ന് ‘നിര്‍മാല്യം’ സിനിമയ്ക്ക് ആധാരമായ എം.ടിയുടെ ‘പള്ളിവാളും കാല്‍ ചിലമ്പും’ എന്ന കഥയോട് ഹിന്ദുത്വവാദികള്‍ക്കു പണ്ടുതന്നെ ചൊറിഞ്ഞു തുടങ്ങിയ എതിര്‍പ്പും. ധാബോല്‍ക്കറെയോ പന്‍സാരയെയോ കല്‍ബര്‍ഗിയേയോ ഗൗരി ലങ്കേഷിനെയോ പോലെ എം ടിയും കേരളത്തിന് വെളിയിലുള്ള ഒരാളായിരുന്നവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നത് ചിന്തിക്കാവുന്നതേ ഉള്ളു.

മുസ്ലിം മതം സ്വീകരിച്ച മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയെക്കുറിച്ചു ‘ആമി’ എന്ന പേരില്‍ സിനിമ നിര്‍മിക്കാനുള്ള തീരുമാനമാണ് സംവിധായകന്‍ കമലിനെതിരെ തിരിയാന്‍ സംഘികളെ പ്രേരിപ്പിച്ചതെങ്കില്‍ ‘കവര്‍ സ്‌റ്റോറി’ എന്ന പ്രതിവാര വാര്‍ത്താ വിശകലന പരിപാടിയിലൂടെ ശ്രദ്ധേയയായ സിന്ധു സൂര്യകുമാറിനെതിരെ ഫേസ്ബുക്കിലൂടെയും ഫോണിലൂടെയുമൊക്കെ തെറി അഭിഷേകം നടത്തിയത്, ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ സംഘപരിവാറിന് സുഖിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നതിന്റെ പേരിലായിരുന്നു.

"</p

എഴുത്തുകാരോടും മാധ്യമ പ്രവര്‍ത്തകരോടുമൊക്കെ ഇതാദ്യമായല്ല സംഘപരിവാറുകാര്‍ ഉറഞ്ഞു തുള്ളുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പോലീസുകാരുടെയും അഭിഭാഷകരുടെയും കണ്‍മുന്‍പിലാണ് ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതും കൊന്നുകളയും എന്ന് ഭീഷണി മുഴക്കിയതും. സമാനമായ അനുഭവങ്ങള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പും നേരിടേണ്ടി വന്നിട്ടുണ്ട്.

പതിനേഴു വര്‍ഷം മുന്‍പ് ആര്‍എസ്എസ്സുകാര്‍ എറിഞ്ഞ ബോംബ് കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ അസ്‌ന എന്ന പെണ്‍കുട്ടിയുടെ കാല്‍ തകര്‍ത്ത ദിവസം അവിടെ ആദ്യമെത്തിയ കൈരളി ചാനല്‍ റിപ്പോര്‍ട്ടറേയും കാമറമാനേയും കൈയേറ്റം ചെയ്തതും കാമറ തല്ലി തകര്‍ത്തതും തൊട്ടു പിന്നാലെ പത്തായക്കുന്നിനടുത്ത ഒരു ബൂത്തില്‍ വടിവാളും ബോംബുമൊക്കെയായി എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ചു ഒരു ഫോട്ടോഗ്രാഫറെ തല്ലിച്ചതച്ചതും ഒക്കെ സംഘിക്കലിയുടെ മായാത്ത ഓര്‍മകളായി നിലനില്‍ക്കുന്നുണ്ട്.

പക്ഷെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. കേരളത്തില്‍ ഒറ്റപ്പെട്ട നിലയ്‌ക്കെങ്കിലും മുസ്ലിം മതഭ്രാന്തന്മാരും ഉറഞ്ഞു തുള്ളുകയും ആളുകളെ ഉന്മൂലനം ചെയ്യുകയും ചെയ്യാറുണ്ട്. 1993 ല്‍ മലപ്പുറം എടപ്പാളിലെ ചേകന്നൂര്‍ മുഹമ്മദ് അബുല്‍ ഹസ്സന്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവം കേരളം ഇനിയും മറന്നിട്ടില്ല. മത പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ ചേകന്നൂര്‍ മൗലവി ചെയ്ത കുറ്റം ഇസ്‌ലാമിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിലകൊണ്ടു എന്നത് മാത്രമായിരുന്നു. മൗലവിയുടെ തിരോധനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്തു സൊസൈറ്റി പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭത്തോട് അനുഭാവം കാട്ടിയതിന്റെ പേരില്‍ പല മുസ്ലിം എഴുത്തുകാര്‍ക്കും വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

പാലക്കാട്ടെ സിദ്ധന്റെ കൊലപാതകവും പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈപ്പത്തി അറുത്തു മാറ്റിയ സംഭവവും സംഘപരിവാര്‍ ഭീഷണിപോലെ തന്നെ വളര്‍ന്നു വരുന്ന മുസ്ലിം ഭീകരതയുടെ ബീഭത്സ മുഖം വ്യക്തമാക്കുന്നു. ഈ അടുത്ത കാലത്ത് എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് നേരെ ഉയര്‍ന്ന വധഭീഷണിയെയും ഈ അര്‍ത്ഥത്തില്‍ തന്നെ കാണേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍