X

എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴ താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാറായിട്ടില്ല.

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നതിനാൽ അവധി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും.

മഴ താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാറായിട്ടില്ല. മറ്റൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഇതുവരെ 79 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആയിരത്തി അഞ്ഞൂറിലധികം ക്യാമ്പുകളിലായി രണ്ടേമുക്കാല്‍ ലക്ഷം പേരാണ് കഴിയുന്നത്. മലപ്പുറം കവളപ്പാറയില്‍ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 15 ആയി. 44 പേരെയാണ് കവളപ്പാറയില്‍ ഇനിയും കണ്ടെത്താനുള്ളത്.

എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ ജില്ലകളിലെ കളക്ടർമാർ പിന്നീട് അവധി പ്രഖ്യാപനവുമായി എത്തുകയായിരുന്നു. വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് കളക്ടര്‍മാര്‍ അവധി നല്‍കിയിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

This post was last modified on August 14, 2019 11:14 pm