X

‘കാറ് ചീറിപ്പാഞ്ഞു വരുന്നത് കണ്ട് ബൈക്ക് ഒതുക്കാന്‍ നോക്കി, പക്ഷേ…, വാഹനമോടിച്ചത് പുരുഷന്‍’; ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

അപകട സമയത്ത് ശ്രീരാം മദ്യപിച്ചിരുന്നതായി പോലീസ് ശരി വയ്ക്കുന്നുണ്ട്.

സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ചിരുന്നത് ആരെന്നതില്‍ വൈരുദ്ധ്യം. മദ്യപിച്ച് കാല് നിലയ്ക്കുറയ്ക്കാത്ത അവസ്ഥയിലായിരുന്നു ശ്രീറാമെന്നാണ് വിവിിധ ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ താനല്ല വാഹനനോടിച്ചിരുന്നത് എന്നാണ് ശ്രീറാമിന്റെ മൊഴി. അതേ സമയം, അപകട സമയത്ത് ഇയാള്‍ തന്നെയാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓട്ടോ ഡ്രൈവര്‍മാരായ മണിക്കുട്ടനും ഷഫീക്കും ഇക്കാര്യം വിവിധ മാധ്യമങ്ങളോട് പങ്കുവച്ചു. അതേ സമയം, ശ്രീറാമാണോ കാര്‍ ഓടിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് മ്യൂസിയം പോലീസ്. ഇതിനായി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറയുന്നു.

താനല്ല, സുഹൃത്തായ വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞത്. അപകടത്തില്‍ ശ്രീറാമിന്റെ കൈകള്‍ക്ക് പരിക്കുണ്ട്. ശ്രീറാമല്ല, താനാണ് വാഹനമോടിച്ചിരുന്നത് എന്നാണ് വഫയും മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനെ പാടേ നിഷേധിക്കുന്നതാണ് ദൃക്‌സാക്ഷികളായ മണിക്കുട്ടന്റേയും ഷഫീക്കിന്റെയും വാക്കുകള്‍.

ഷഫീക്കിന്റെ വാക്കുകള്‍

കാറ് ചീറിപ്പാഞ്ഞ് വരികയായിരുന്നു. കാറിന്റെ വരവ് കണ്ട് ബൈക്ക് ഒതുക്കുന്നതിനിടെ സ്‌കിഡ് ചെയ്തു വന്ന് ഇടിച്ചു കയറുകയായിരുന്നു. വണ്ടി ഓടിച്ചിരുന്നത് കറുത്ത്, പൊക്കമുള്ള ഒരാളായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നു. സ്ത്രീ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. പോലീസ് വന്ന് നടപടി ക്രമങ്ങളൊക്കെ ചെയ്തു. ആ സ്ത്രീയെ വീട്ടില്‍ പറഞ്ഞു വിട്ടു.


മണിക്കുട്ടന്റെ വാക്കുകള്‍

വെള്ളയമ്പലത്തു വച്ച് എന്റെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തു പോയതാണ്. ആ സമയത്ത് റോഡില്‍ മൂന്നോ നാലോ വണ്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമിത വേഗതയിലായിരുന്നു കാര്‍. പാഞ്ഞു വന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടതാണെന്നാണ് തോന്നുന്നത്. വണ്ടി ഓടിച്ചിരുന്നത് പുരുഷന്‍ തന്നെയായിരുന്നു. പോലീസിന്റെ സഹായത്തോടെ ബൈക്കിനടിയില്‍ നിന്ന് അയാളും കൂടിയാണ് എടുത്തത്.

അതേ സമയം, താനല്ല വാഹനമോടിച്ചിരുന്നത് എന്ന ശ്രീരാമിന്റെ മൊഴി ഇതിന് കടകവിരുദ്ധമാണ്. അപകട സമയത്ത് ശ്രീരാം മദ്യപിച്ചിരുന്നതായി പോലീസ് ശരി വയ്ക്കുന്നുണ്ട്. രാത്രി 12 മണി കഴിഞ്ഞായിരുന്നു അപകടം.തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് കാര്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും അപകടം നടന്നയുടന്‍ വീട്ടില്‍ പറഞ്ഞു വിട്ട പോലീസി പോലീസിന്റെ നടപടിയില്‍ വീഴ്ചയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അപകടം നടന്നയുടന്‍ സംഭവസ്ഥലത്തെത്തിയ ഗവേഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡി. ധനസുമോദും ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയോട് സമാനമായ കാര്യങ്ങള്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ കുറിപ്പ് വ്യക്തമാക്കുന്നില്ല. ഈ കുറിപ്പ് പുറത്തു വന്ന ശേഷമാണ് അപകടം ഉണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമാന്റെ കാറാണെന്ന വിവരം പുറത്തുവന്നത്.

Also Read: ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; അപകട സമയത്ത് മദ്യപിച്ചിരുന്നുവെന്നും ആരോപണം

അപകടം നടന്ന് മണിക്കൂറുകള്‍ക്കകം ധനസുമോദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പോലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പോലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പോലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക്‌ ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു.ആംബുലൻസ് ഇതിനിടയിൽ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.

കാറിൽ വന്ന പെൺകുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടിൽ ആരുണ്ട്? കൂടെയുള്ള ആൾ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്ക്കോളാൻ പോലീസ് പറഞ്ഞു. ആടി നിൽക്കുന്ന ആളുടെ അഡ്രെസ്സ് പോലീസ് ചോദിച്ചു.സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പോലീസ് ചോദിച്ചില്ല.മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാർ എടുത്ത് മാറ്റുന്നതിനായി ക്യാരി വാൻ എത്തി. ബൈക്ക് പോലീസ് പരിശോധിക്കുന്നതിനിടയിൽ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പോലീസിനോട് ചോദിച്ചെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടൻ ഫോൺ ബാറ്ററി തീർന്നു ഓഫ് ആയി.

വളവിൽ തിരിയാതെ മുന്നിൽ പോയ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേർ പോലീസിനോട് വിശദമായി കാര്യങ്ങൾ പറഞ്ഞു.അവരുടെ ഫോൺ നമ്പറും പോലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോൺ ചാർജ് ചെയ്ത ശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ബൈക്കിന്റെ നമ്പർ നൽകിയപ്പോഴാണ് മുഹമ്മദ്‌ ബഷീർ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോൺടാക്ട് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഫോൺ നമ്പർ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോൾ
മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോർട്ടർമാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീർ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരൻ അടുത്ത ചങ്ങാതി കൂടിയായ റിപ്പോർട്ടർ ശ്രീജിത്ത്‌ ആണ്. അവനെ വിളിച്ചപ്പോൾ അപകട വിവരം അറിഞ്ഞു മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേൽവിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവർ താമസിക്കുന്ന പ്രദേശമാണിത്. മുന്തിയ ഇനം ആളുകളുടെ പോസ്റ്റൽ അഡ്രസ്സ് ആണ് കവടിയാർ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങൾ പോലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയിൽ തന്നെ പോലീസ് നടത്തികാണുമായിരിക്കും.

This post was last modified on August 3, 2019 11:46 am

Related Post
Leave a Comment