X

കേരള ബൗളര്‍മാര്‍ നിറഞ്ഞാടി: ജാര്‍ഖണ്ഡ് 202-ന് പുറത്ത്

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ ബൗളര്‍മാരുടെ മുന്നില്‍ ജാര്‍ഖണ്ഡിന്റെ ബാറ്റ്‌സ്മാന്‍മാര്‍ പതറി. പെരിന്തല്‍മണ്ണയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ജാര്‍ഖണ്ഡ് 202 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്. രണ്ട് വിക്കറ്റുകളുമായി മോനിഷ് കരേപറമ്പിലും രോഹന്‍ പ്രേമും സന്ദീപിന് മികച്ച പിന്തുണയാണ് നല്‍കിയത്. സന്ദീപ് 22 ഓവറില്‍ 56 റണ്‍സും മോനിഷ് 17 ഓവറില്‍ 29 റണ്‍സും വിട്ടു കൊടുത്തപ്പോള്‍ രോഹന്‍ നാല് ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ജാര്‍ഖണ്ഡിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണറായ പ്രകാശ് മുണ്ട 54-ഉം, സൗരഭ് തിവാരി 75-ഉം, വരുണ്‍ ആറോണ്‍ 37-ഉം റണ്‍സെടുത്തപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലെ നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍ എക്‌സ്ട്രാസ് ആയിരുന്നു. 14 റണ്‍സ്. ജാര്‍ഖണ്ഡ് നിരയില്‍ മൂന്ന് പേര്‍ പൂജ്യരായി മടങ്ങി. സ്‌കോര്‍ ബോര്‍ഡ് പൂജ്യത്തില്‍ നില്‍ക്കേ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ പ്രകാശ് മുണ്ടയും സൗരഭ് തിവാരിയും ചേര്‍ന്ന് 103 റണ്‍സ് എടുത്തു. സ്‌കോര്‍ 114 റണ്‍സില്‍ എത്തി നില്‍ക്കേ മൂന്ന് പേര്‍ പുറത്തായി. മുണ്ടയും ആനന്ദ് സിംഗും കൗശല്‍ സിംഗുമാണ് പവലിയനിലേക്ക് ഘോഷയാത്ര നടത്തിയത്. കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ചുപേരേയാണ് സഞ്ജു പുറത്താക്കിയത്. നാല് ക്യാച്ചും ഒരു സ്റ്റമ്പിങ്ങും. സഞ്ജു പിടികൂടിയ നാലുപേരും സന്ദീപിന്റെ ബൗളിങിന്റെ ഇരകളായിരുന്നു. ഒന്നാംഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സ് എടുത്തിട്ടുണ്ട്. ഒരു റണ്‍സ് എടുത്ത അക്ഷയ് കോടോത്താണ് പുറത്തായത്. വിഎ ജഗദീഷും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ അഹമ്മദ് ഫര്‍സീനുമാണ് ക്രീസില്‍.

This post was last modified on October 15, 2015 6:25 pm