X

കൈതപ്രത്തെ ദുരിതാശ്വാസ ക്യാമ്പിനെ സേവാഭാരതിയുടേതാക്കി പ്രചാരണം; പ്രതിഷേധവുമായി നാട്ടുകാര്‍

കഴിഞ്ഞ വര്‍ഷവും സേവാഭാരതിയുടേതായി സമാനമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.

കടന്നപ്പള്ളി പാണപ്പുഴ പ‍ഞ്ചായത്തിലെ കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിന്റെ ചിത്രങ്ങളെടുത്ത് സേവാഭാരതി നടത്തുന്ന ക്യാമ്പാണെന്ന് പ്രചരിപ്പിക്കുന്നതായി ആരോപണം. ഗായത്രി ഗിരീഷ് എന്ന പ്രൊഫൈലില്‍ നിന്നാണ് ഇത്തരമൊരു പ്രചാരണം വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

ഈ ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വേണ്ടത്ര പ്രചരിച്ചു കഴിഞ്ഞാല്‍ ഈ അക്കൗണ്ടുകളില്‍ നിന്നും ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് രീതി. ഈ ഫോട്ടോകളെടുത്ത് മറ്റുള്ളവര്‍ സ്വന്തം നിലയ്ക്ക് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ തുടര്‍ന്നും പ്രചരിക്കും.

ഇതിനിടെ താന്‍ ഫേസ്ബുക്ക് പേജിലിട്ട ക്യാമ്പിന്റെ ചിത്രങ്ങള്‍ തന്റെ സുഹൃത്തു പോലുമല്ലാത്ത ഒരാളെടുത്ത് സേവാഭാരതിയുടേതാക്കി പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു യുവതി രംഗത്തു വന്നിട്ടുണ്ട്. കൈതപ്രം ക്യാമ്പ് നാട്ടുകാരുടെ കൂട്ടായ്മയാണെന്നും അതില്‍ ജാതിമതഭേദമില്ലെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും സേവാഭാരതിയുടേതായി സമാനമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ദുരിതാശ്വാസത്തിന് സാധനങ്ങള്‍ കൊണ്ടുപോകുന്നതെന്ന പേരില്‍ കറങ്ങി നടന്ന ലോറി നാട്ടുകാര്‍ തടഞ്ഞ് പരിശോധിച്ചത് വാര്‍ത്തയായിരുന്നു. വണ്ടിയില്‍ യാതൊന്നും ഉണ്ടായിരുന്നില്ല.

This post was last modified on August 14, 2019 11:11 pm