X

‘ഓപ്പറേഷൻ ഒളിമ്പ്യ’: ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് കേരളം

കേരളത്തിലെ കായികപ്രതിഭകളെ അവരുടെ സ്വപ്നലക്ഷ്യമായ ഒളിമ്പിക്സ് മെഡലിലേക്ക് എത്തിക്കുന്നതിനായി സര്‍ക്കാർ തയ്യാറാക്കിയ പദ്ധതിക്ക് തുടക്കമായി. ‘ഓപ്പറേഷൻ ഒളിമ്പ്യ’ എന്ന പേരിലാണ് പദ്ധതി. ഇതൊരു വിദഗ്ധ പരിശീലന പരിപാടിയാണ്. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ പരിശീലകരുടെ സേവനം കൂടി ലഭ്യമാക്കി കായിക താരങ്ങളെ അന്തർദേശീയ മത്സരങ്ങൾക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം.

അത് ലറ്റിക്സ്, ബോക്സിംഗ്, സൈക്ളിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, റസ്ലിംഗ്, ബാഡ്മിന്‍റണ്‍, കനോയിംഗ് കയാക്കിംഗ്, ഫെന്‍സിംഗ്, റോവിംഗ്, ആര്‍ച്ചറി എന്നീ 11 കായിക ഇനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുളള സജ്ജീകരണങ്ങളോടു കൂടിയുള്ള വിദഗ്ധ പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ റസ്ലിംഗ്, സൈക്ളിംഗ്, സ്വിമ്മിംഗ്, ബോക്സിംഗ് എന്നീ ഇനങ്ങളിലെ പരിശീലനം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടന്നു വരുന്നു. കനോയിംഗ്‌ – കയാക്കിംഗ് പരിശീലനം കൊല്ലത്തും, ബാഡ്മിന്‍റണ്‍ എറണാകുളത്തും ഫെന്‍സിംഗ് കണ്ണൂരിലും റോവിംഗ് പരിശീലനം ആലപ്പുഴയിലുമാണ് പുരോഗമിക്കുന്നത്. 123 കായിക താരങ്ങൾക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്. ദീർഘകാല പരിശീലനത്തിലൂടെ കേരളത്തിന്റെ കായിക ഭാവി ഭദ്രമാക്കാനാണ് സർക്കാരിന്റെ ശ്രമം.