X

എസ് ഐയുടെ തൊപ്പി തലയില്‍വച്ച് ഗൂണ്ട ആക്രമണത്തില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിന്റെ സെല്‍ഫി

പ്രതി കൂട്ടുകാര്‍ക്ക് അയ്ച്ച ഈ ചിത്രം ബിജെപി പ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്

ബിജെപിക്കാരെ ആക്രമിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി വച്ച് സെല്‍ഫിയെടുക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രതി കൂട്ടുകാര്‍ക്ക് അയച്ച ഈ ചിത്രം ബിജെപി പ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്. കോട്ടയം കുമരകത്ത് കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ (അമ്പിളി-23) ആണ് എസ്‌ഐയുടെ തൊപ്പിവച്ചിരിക്കുന്ന ചിത്രം കൂട്ടുകാര്‍ക്ക് അയ്ച്ച് കൊടുത്തത്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ മിഥുനെതിരെ മൂന്നു വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ 18 കേസുകള്‍ ഉണ്ട്. സംസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയത്തെ പ്രശ്‌നങ്ങളിലും ഇരു വിഭാഗങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ഒന്നാം തീയതി സമാധാന ചര്‍ച്ച നടത്തി സമാധാനത്തിലെത്തിയിരുന്നു.

എന്നാല്‍ ഇത് വകവയ്ക്കാതെ അഞ്ചാംതീയതി കുമരകത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മിഥുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇന്നലെ രാവിലെ ഈസ്റ്റ് സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മിഥുനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈകിട്ടാണ് മിഥുന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്‌ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫി എടുത്തത്.

സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്‌ഐയുടെ തൊപ്പി പ്രതിയുടെ തലയില്‍ വന്നതെങ്ങനെയെന്ന് അന്വേഷിക്കാനുള്ള ചുമതല കോട്ടയം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

This post was last modified on August 8, 2017 8:24 am