X
    Categories: കേരളം

കെവി തോമസ് പാർട്ടി വിടില്ല; നാളെ സോണിയയെ കാണും

ലോകസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന് അവസരം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെവി തോമസ് പാര്‍ട്ടി വിടുമോയെന്ന ആശങ്കയ്ക്ക് അവസാനമാകുന്നു. ബിജെപിയിലേക്ക് താൻ പോകില്ലെന്ന് കെവി തോമസ് ഇതിനകം ഉറപ്പ് നൽകിയതായാണ് അറിയുന്നത്.

കഴിഞ്ഞദിവസത്തെ വാർത്താ സമ്മേളനത്തിൽ പാര്‍ട്ടി വിടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ തോമസ് തയ്യാറായിരുന്നില്ല. ഇത് പാര്‍ട്ടിക്കുള്ളിൽ ആശങ്കയുണർത്തിയിരുന്നു. നരേന്ദ്രമോദിയെ പിന്തുണച്ച് പ്രസ്താവന നടത്തിയതിനാലാണ് തോമസ്സിന് സീറ്റ് നിഷേധിച്ചതെന്ന വാദമുയർത്തി ബിജെപിയും രംഗത്തെത്തി. കെവി തോമസ്സിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരമൊരു നീക്കം തോമസ്സിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് കോൺഗ്രസ്സ് നേതാക്കൾ ഉറപ്പിച്ചു പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. കെവി തോമസ്സിനെ ബിജെപിയിലെത്തിക്കുന്നതിനു മുമ്പ് സ്വന്തം പാർട്ടിയിൽ ഒരു സീറ്റെങ്കിലും ഒപ്പിച്ചെടുക്കാൻ നോക്ക് എന്ന് പിള്ളയെ കളിയാക്കി പിടി തോമസ് എത്തി.

പാർട്ടി നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് കെവി തോമസ് അയഞ്ഞിരിക്കുന്നത്. രമേശ് ചെന്നിത്തലയോട് താൻ ക്ഷോഭിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സോണിയ ഗാന്ധിയുമായി നാളെ ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം ഭാവി തീരുമാനം അറിയിക്കുമെന്നാണ് കെവി തോമസ്സിന്റെ ഇപ്പോഴത്തെ നിലപാട്.

This post was last modified on March 18, 2019 6:52 am