X

പ്രളയം ഡാം മാനേജ്മെന്റ് അശാസ്ത്രീയമാണെന്നതിന് പ്രഥമദൃഷ്ട്യായുള്ള തെളിവ്: മാധവ് ഗാഡ്ഗിൽ

കേരളത്തെ പുതുതായി നിർമിച്ചെടുക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ പദ്ധതികളാണ് ആവശ്യമെന്ന് ഗാഡ്ഗിൽ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

കേരളത്തിലെ വലിയ ഡാമുകളുടെ മാനേജ്മെന്റ് തികച്ചും അശാസ്ത്രീയമായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ഷട്ടറുകൾ തുറക്കുന്നതും അടയ്ക്കുന്നതുമടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും അശാസ്ത്രീയമായാണ് നടക്കുന്നത്. ഇതിനുള്ള പ്രഥമദൃഷ്ട്യാ തെളിവ് നൽകുന്നതാണ് കേരളത്തിലെ പ്രളയമെന്നും ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിന്റെ സുസ്ഥിര പുനർനിർമിക്കുന്നത് വിഷയമായുള്ള ഒരു സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗാഡ്ഗിലുമായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടർ വിഷ്ണു വർമ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ജലവിഭവ എൻജിനീയർമാർ പറയുന്നതു പ്രകാരം മൺസൂണിന്റെ അവസാനത്തിലായിരിക്കണം ഡാമിൽ വെള്ളം സംഭരിക്കേണ്ടത്. എന്നാൽ കേരളത്തിൽ തുടക്കം മുതലേ വെള്ളം പിടിച്ചു വെക്കുകയാണ്. മഴ ശക്തിയായതോടെ ഡാമുകൾ തുറക്കുകയും ചെയ്തു. ഇത് തീർത്തും അശാസ്ത്രീയമായ രീതിയാണ്. ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും ഗാഡ്ഗിൽ വിശദീകരിച്ചു.

ചെറുതോണി, മുല്ലപ്പെരിയാർ, ഇടമലയാർ ഡാമുകളുടെ ഷട്ടറുകൾ ഒരേസമയമാണ് തുറക്കേണ്ടി വന്നത്. ഇത് വിമർശനങ്ങൾക്ക് കാരണമായെങ്കിലും ഇലക്ട്രിസിറ്റി ബോർഡിനൊപ്പമാണ് സർക്കാർ നില കൊണ്ടത്.

കേരളത്തെ പുതുതായി നിർമിച്ചെടുക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ പദ്ധതികളാണ് ആവശ്യമെന്ന് ഗാഡ്ഗിൽ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. കൂറ്റൻ കെട്ടിടങ്ങൾ പോലെയുള്ള മനുഷ്യനിർമിതമായ മൂലധനത്തെ മാത്രം ആശ്രയിച്ച് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനാകില്ല. മനുഷ്യനെയും പ്രകൃതിയെയും പരിഗണിക്കുന്ന സന്തുലിതമായ വികസനമാണ് കേരളത്തിൽ നടപ്പാക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

മഹാരാഷ്ട്രയിൽ ക്വാറികളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിച്ച ഒരു ഉദാഹരണവും ഗാ‍ഡ്ഗിൽ പറഞ്ഞു. ക്വാറി മാഫിയകളുടെ ഇടപെടൽ ഇല്ലാതാക്കാന്‍ ക്വാറികളുടെ പ്രവർത്തനം കുടുംബശ്രീ പോലുള്ള സ്ത്രീകളുടെ സംഘങ്ങളെ ഏൽപ്പിക്കുകയാണ് വേണ്ടത്. കേരളത്തിന്റെ പുനർനിർമാണത്തിന് കല്ലും മണലുമെല്ലാം ധാരാളം വേണ്ടി വരുമെന്നും ഇത് കേരളത്തിന്റെ പ്രകൃതിയിൽ മാഫിയ ഇടപെടൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്താങ്ങളുടെ പ്രദേശത്തിന് ഏതുതരം വികസനം വേണമെന്ന് അതാത് പ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാൻ കഴിയണമെന്നും ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.

Related Post
Leave a Comment