X

കണ്ണന്താനത്തെ ഉൾപ്പെടുത്താത്തതിൽ അതൃപ്തി; മുഖ്യമന്ത്രിക്ക് മോദി കൊടുത്തത് നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക

സർവ്വകക്ഷിസംഘത്തിന്റെ ആവശ്യങ്ങൾ നിരാകരിച്ചെങ്കിലും കേന്ദ്രഫണ്ട് ലഭിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ ഒരു പട്ടിക മോദി നൽകി.

റേഷൻ വിഹിതം വെട്ടിക്കുറച്ചത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരിടേണ്ടി വന്നത് വൻ തിരിച്ചടി. ഉന്നയിച്ച ഒരു പ്രശ്നത്തിനും പരിഹാരനിർദ്ദേശം നൽകാൻ പ്രധാനമന്ത്രി തയ്യാറായില്ല.

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ സർവ്വകക്ഷി സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ മോദി അതൃപ്തി അറിയിച്ചതായും അറിയുന്നു.

റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യങ്ങള്‍ തീരുമാനത്തിലാക്കുക, വിഴിഞ്ഞം തുറമുഖത്തിനുള്ള സഹായം, ശബരി പാത, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംസ്ഥാനത്തിന്റെ ശുപാര്‍ശകള്‍ എന്നിവയായിരുന്നു സർവ്വകക്ഷി സംഘത്തിന്റെ പ്രധാന പ്രശ്നവിഷയങ്ങൾ. ഇതര സംസ്ഥാന തൊഴിലാളികൾ കൂടി വന്നെത്തിയതോടെ കേരളത്തിന്റെ റേഷൻ ആവശ്യം കൂടിയിട്ടുണ്ട്. എന്നാൽ, നേരത്തെ 16 മെട്രിക് ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്നതിൽ നിന്നും 14.25 മെട്രിക് ടൺ ആയി വിഹിതം കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. കേരളം നാണ്യവിളകളിൽ ശ്രദ്ധ വെക്കുകയും ഇതര സംസ്ഥാനങ്ങൾ ഭക്ഷ്യവിളകളുമായി സഹായിക്കുകയും ചെയ്യുക എന്ന ഫെഡറൽ തത്വമാണ് ഇക്കാലമത്രയും പാലിച്ചുപോന്നത്. ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

സർവ്വകക്ഷിസംഘത്തിന്റെ ആവശ്യങ്ങൾ നിരാകരിച്ചെങ്കിലും കേന്ദ്രഫണ്ട് ലഭിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ ഒരു പട്ടിക മോദി നൽകി.
കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പാക്കണമെന്ന ആവശ്യത്തെ മോദി നേരിട്ടത് മുൻ സർക്കാർ എന്തു കൊണ്ട് പദ്ധതി നടപ്പാക്കിയില്ല എന്ന ചോദ്യത്തോടെയാണ്.

This post was last modified on July 19, 2018 2:14 pm