X

രാജ്യസഭയിലെത്താൻ മോഹൻലാലിനുമേൽ സമ്മർദ്ദം ചെലുത്തും; സുരേഷ് ഗോപിയെ മത്സരിപ്പിച്ചേക്കും

തിരുവനന്തപുരത്ത് പിഎസ് ശ്രീധരൻപിള്ള, നമ്പി നാരായണൻ, സുരേഷ് ഗോപി, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ചൊവ്വാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ബിജെപിയുടെ പൊതുതരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കമായി മാറുമെന്ന് റിപ്പോർട്ട്. പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിച്ച് ജയിപ്പിക്കുന്ന, ഉത്തരേന്ത്യയിൽ പ്രയോഗിച്ച് വിജയം കണ്ട മാർഗം കേരളത്തിൽ വിജയിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം പാർട്ടിയിലുണ്ട്. മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമമുണ്ടെങ്കിലും അദ്ദേഹം വഴങ്ങില്ലെന്നാണ് സൂചന. ഇതിനാൽ അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കണമെന്നാണ് പൊതുവിൽ ഉയരുന്ന നിർദ്ദേശം. ഇതോടൊപ്പം ഇപ്പോഴത്തെ രാജ്യസഭാ മെമ്പർ സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മുൻ ഡിജിപി സെൻകുമാറിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. തിരുവനന്തപുരത്ത് പിഎസ് ശ്രീധരൻപിള്ള, നമ്പി നാരായണൻ, സുരേഷ് ഗോപി, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

മോഹൻലാലിനെ എങ്ങനെയെങ്കിലും മത്സരിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെടുമെന്ന പ്രതീക്ഷ ചിലർക്കുണ്ട്. സമ്മർദ്ദം ചെലുത്തി മത്സരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഇതിനകം തന്നെ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനങ്ങളിലേക്ക് മോഹൻലാലിനെ ഉൾച്ചേർ‍ക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു നടൻ. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലകളിലെവിടെയെങ്കിലും എൻഡിഎ സ്ഥാനാർത്ഥിയായേക്കും. തിരുവനന്തപുരം ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്.

This post was last modified on January 14, 2019 6:52 am

Related Post
Leave a Comment