കോണ്‍ഗ്രസ് പ്രസിഡന്റിന് രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വയനാട് ചുരം കയറി വരണമെന്നത് ഏറ്റവും വലിയ നാണക്കേടാണെന്ന് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പര്യടനവേളയില്‍ ചെറായിയില്‍ അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കേ ഇന്ത്യയെ രക്ഷിക്കാനും പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം ഉണ്ടാക്കുന്നതിനുമാണ് താന്‍ കേരളത്തിലെത്തിയതും വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം തമിഴ്‌നാട്ടിലോ, ആന്ധ്രയിേലാ, തെലുങ്കാനയിലോ മത്സരിക്കാത്തത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ പച്ചയല്ലാതെ വേറെ ഏതെങ്കിലും നിറം ഉണ്ടായിരുന്നോ? എന്താ ഇത് വര്‍ഗീയതയല്ലേ? എങ്ങും ജയിക്കാന്‍ ആകാത്ത കോണ്‍ഗ്രസ് പ്രസിഡന്റ് വയനാട്ടില്‍ മത്സരിക്കുന്നു. ഇതാണോ സെക്യുലറിസം, ഇതാണോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം? അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ചോദ്യങ്ങളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വര്‍ഗീയത പറഞ്ഞാണ് നേരിടുന്നത്. വയനാട് പാകിസ്താനിലാണോ ഇന്ത്യയിലാണോ എന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ ചോദിച്ചത്. മുസ്ലിം ലീഗിന്റെ സാന്നിധ്യത്തെയാണ് വര്‍ഗീയതയും പാകിസ്താന്‍ ബന്ധവും ആരോപിക്കാന്‍ ബിജെപി കാരണമാക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കള്‍ പോലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്താതിരിക്കുമ്പോള്‍ ദേശീയനേതാക്കള്‍ വര്‍ഗീയ പ്രസ്താവനകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു;
കേരളത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് ആരാണ്? രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്വീകരണം കണ്ടാല്‍ അത് മനസിലാകും. പച്ചയല്ലാതെ അന്ന് വയനാട്ടില്‍ എന്താണ് കാണാനുണ്ടായിരുന്നത്. ബിജെപിയല്ല കേരളത്തില്‍ വര്‍ഗീയത കൊണ്ടു വരുന്നത്. എല്ലാ മതത്തില്‍പ്പെട്ട ആള്‍ക്കാരും ഞങ്ങളുടെ സ്ഥാനാര്‍ഥികളാണ്. പച്ചയും മഞ്ഞയും നിറഞ്ഞ കൊടികള്‍കൊണ്ട് നടക്കുന്നവരല്ല ബിജെപി.
മുസ്ലിം ലീഗിനെ പേരെടുത്തു പറയാതെയാണെങ്കിലും മോദിയും യോഗിയും അമിത് ഷായും കുറ്റപ്പെടുത്തിയതുപോലെ തന്നെ വര്‍ഗീയമായി ആക്ഷേപിക്കാനാണ് അല്‍ഫോന്‍സ് കണ്ണന്താനവും തയ്യാറായത്. രാഹുല്‍ ഗാന്ധി ആരുടെ പിന്തുണയാണ് തേടുന്നതെന്ന് ജനങ്ങള്‍ക്ക് കണ്ടാല്‍ മനസിലാകുമെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹം ആര്‍ക്ക് വേണ്ടിയാണ് ഭരിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്കറിയാം. ഒരു കാലത്ത് ഈ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി അല്ലായിരിക്കാം, എന്നാല്‍ ഇപ്പോള്‍ അടിസ്ഥാനപരാമായും കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടി തന്നെയാണ്; അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
‘രാഹുല്‍ ബാബ, തന്റെ മുന്നണിക്ക് വേണ്ടി കേരളത്തിലെ അത്തരമൊരു സീറ്റില്‍ മത്സരിക്കാന്‍ പോയി. അവിടെ നടന്ന പ്രകടനം കണ്ടാല്‍ ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് കാഴ്ചക്കാര്‍ക്ക് സംശയം തോന്നും. അത്തരമൊരു സീറ്റില്‍ അയാള്‍ മത്സരിക്കാന്‍ പോയി എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല” എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറാകുന്നതെന്നും മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.
ഹിന്ദുക്കളെ അപമാനിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമാധാനപ്രിയരായ ഹിന്ദുക്കളെ കോണ്‍ഗ്രസ് ഭീകരര്‍ ആയാണ് കാണുന്നതെന്നും മോദി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദതിത്യനാഥും മുസ്ലീംലീഗിനെതിരെ രംഗത്ത് വന്നിരുന്നു. മുസ്ലിം ലീഗ് വൈറസാണ്. കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ട്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
This post was last modified on April 11, 2019 6:49 am
Leave a Comment