X

ദൈവവും മാര്‍ക്‌സും കേരള നിയമസഭയില്‍

കെ എ ആന്റണി

സത്യപ്രതിജ്ഞാ വേളകളില്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രത്യേക ശ്രദ്ധ വയ്ക്കുന്ന ഒരു കാര്യം ആരൊക്കെ ദൃഢപ്രതിജ്ഞ എടുക്കുന്നു ആരൊക്കെ ദൈവ നാമത്തില്‍ പ്രതിജ്ഞ എടുക്കുന്നുവെന്നതാണ്. കേരളം ഒരു പരിധിവരെ കമ്മ്യൂണിസ്റ്റ് അനുകൂല ഭൂമികയാണെന്ന ചിന്തയില്‍ നിന്ന് ഉയരുന്ന ഒരു തരം വൃത്തികെട്ട ജേര്‍ണലിസ്റ്റ് ബുദ്ധിയില്‍ നിന്നും തികട്ടി വരുന്ന ജിജ്ഞാസയുടെ ഭാഗമായി തന്നെ വേണം ഇതിനെ കാണാന്‍.

ആരൊക്കെ ആരുടെയൊക്കെ നാമത്തില്‍ പ്രതിജ്ഞ എടുത്താലും ചെയ്യേണ്ട ജോലി ഒന്നു തന്നെയാണ്. നിസ്വാര്‍ത്ഥ ജനസേവനം. ഇതിന് ഇടയില്‍ കാള്‍ മാര്‍ക്‌സിനോ ദൈവത്തിനോ പ്രസക്തിയില്ല. അവരാരും പൊതു പ്രവര്‍ത്തകരുടെ ജോലി കൃത്യമായി നിരീക്ഷിക്കുകയോ അത് പൊതുജനത്തിന് ഉതകുന്നതാണെന്ന് ഉറപ്പു വരുത്തുന്നതോ ആയി കണ്ടിട്ടില്ലെന്ന് മാത്രമല്ല കാലം തെളിയിച്ചിട്ടുമില്ല. കടുത്ത ദൈവ വിശ്വാസിയും കാള്‍ മാര്‍ക്‌സില്‍ അഭയം അര്‍പ്പിച്ചവനും പൊതുജന ശത്രുവായി മാറുന്ന കാഴ്ച്ച കേരളത്തിലെന്നല്ല ലോകമെമ്പാടും നമ്മള്‍ കണ്ടു മടുത്തതാണ്. ബാര്‍കോഴ കേസ് ഉയരുമ്പോള്‍ തന്നെ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക എന്ന തന്ത്രമൊന്നും ദൈവം അംഗീകരിച്ചതായി കേട്ടിട്ടില്ല. കടുത്ത കാള്‍ മാര്‍ക്‌സ് ഭക്തരുടെ കാര്യവും ഇങ്ങനെ തന്നെയാകണമെന്ന ചില മാധ്യമ തലകള്‍ ചിന്തിക്കുമ്പോഴുണ്ടാകുന്ന ഒരു തരം വൈകൃതമാണ് ആരൊക്കെ എങ്ങനെയൊക്കെ പ്രതിജ്ഞ എടുത്തു എന്ന് കണ്ടെത്തി എഴുതാനുള്ള വ്യഗ്രതയ്ക്ക് പിന്നില്‍.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കവിതകള്‍ എഴുതുന്ന ശീലം കാള്‍ മാര്‍ക്‌സിനുണ്ടായിരുന്നു. അക്കാല കവിതകളില്‍ പലതും മാര്‍ക്‌സ് സമര്‍പ്പിച്ചത് ക്രൂശിതനായ ക്രിസ്തുവിനുവേണ്ടിയായിരുന്നു. കാള്‍ മാര്‍ക്‌സ് വളര്‍ന്നതുപോലെ തന്നെ ലോകവും വളര്‍ന്നു. കോളനിവല്‍ക്കരണം ഒരുഭാഗത്ത് നടക്കുന്നു. നിന്ദിതരുടേയും പീഡിതരുടേയും വലിയൊരു കൂട്ടം ആര്‍ത്തി പൂണ്ട മനുഷ്യര്‍ക്ക് മുന്നില്‍ അനാഥരായി നില്‍ക്കുന്നു. അവരുടെ മോചനത്തെ കുറിച്ചാണ് മാര്‍ക്‌സ് പിന്നീട് കണ്ട സ്വപ്‌നമത്രയും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് പറഞ്ഞത് വെറുതേയായിരുന്നില്ല. അതിനെ അതിന്റെ അര്‍ത്ഥത്തില്‍ വായിക്കാത്ത ശിഷ്യന്‍മാര്‍ ഇപ്പോഴും മാര്‍ക്‌സിനുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് യാഥാര്‍ത്ഥ്യങ്ങളെ കാണാതിരിക്കരുതെന്ന മുന്നറിയിപ്പിനെ കാലം വായിച്ചെടുത്തത് മറ്റൊരു കോലത്തിലായി എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ.

ഒരു പഴ കഥയുണ്ട്. സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് കേട്ട ഒരു കഥ. ഈ കഥ അതിനു മുമ്പും പ്രചാരത്തിലുണ്ടായിരുന്നിരിക്കണം. കഥ ഇങ്ങനെയാണ്. കാള്‍ മാര്‍ക്‌സ് മരിച്ചു. സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്ന തര്‍ക്കത്തിന് ഒടുവില്‍ മാര്‍ക്‌സിനെ നരകത്തിലേക്ക് തന്നെ അയച്ചു. കഷ്ടി ഒരു മാസം തികഞ്ഞില്ല. അതിന് മുമ്പ് തന്നെ ലൂസിഫര്‍ ഒരു പരാതിയുമായി ദൈവത്തിന് മുന്നില്‍ എത്തി. എത്രയും പെട്ടെന്ന് മാര്‍ക്‌സിനെ അവിടെ നിന്ന് മാറ്റി തരണം എന്നതായിരുന്നു അപേക്ഷ. പ്രശ്‌നം എന്തെന്ന് ദൈവം തിരക്കി. അയാള് അവിടേയും തൊഴിലാളികളെ സംഘടിപ്പിക്കുകയാണെന്ന് ലൂസിഫര്‍ പറഞ്ഞു. അക്കഥ അവിടെ നില്‍ക്കട്ടെ. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റായിരുന്നു യേശു ക്രിസ്തു എന്നാണ് എന്നെ ചില പാതിരിമാര്‍ സെമിനാരിയില്‍ പഠിപ്പിച്ചത്. യേശുവും കാള്‍ മാര്‍ക്‌സിന്റെ പാത പിന്തുടര്‍ന്നിരുന്നുവെന്ന് അവര്‍ പറയുന്നതില്‍ അയഥാര്‍ത്ഥ്യമായി ഒന്നും അനുഭവപ്പെട്ടിരുന്നില്ല.

ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് കെ കെ ഷാജുവായിരുന്നു കേരള നിയമസഭയില്‍ ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ക്കോ സഭയില്‍ ഹാജരായിരുന്ന മറ്റുള്ളവര്‍ക്കോ ഒട്ടും അപാകതയൊന്നും തോന്നിയില്ല. ഷാജു ഗുരുദേവനെ ദൈവമായി കാണുന്നതില്‍ നമ്മളെന്തിന് പ്രശ്‌നക്കാരാകണം എന്ന ചിന്തയാകണം അവരെ ദുഷ്ചിന്തകളില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നിട്ടും ഒരു പത്രക്കാരന്‍ അതേറ്റ് പിടിച്ചു. കേസും വയ്യാവേലിയുമായി. ഗുരുനാമത്തില്‍ പ്രതിജ്ഞ എടുക്കാന്‍ പറ്റില്ലെന്ന കോടതി വിധി വന്നു. ഷാജു വീണ്ടും പ്രതിജ്ഞ ചെയ്യേണ്ട ഗതികേടിലുമായി.

സത്യത്തില്‍ ആരാണ് ദൈവങ്ങളെ തീരുമാനിക്കുന്നത്. ഭരണഘടനയില്‍ ശ്രീനാരായണ ഗുരുവോ അംബേദ്കറോ ദൈവങ്ങള്‍ ആയിരിക്കില്ല. ഒരു നിയമ നിര്‍മ്മാണത്തിലൂടെ അവരേയും ദൈവങ്ങളാക്കി മാറ്റാവുന്നതേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ കസാന്ത്‌സാക്കിന്‍സ് പറഞ്ഞതു പോലെ ദൈവവും മനുഷ്യനും തമ്മില്‍ നിതാന്ത യുദ്ധത്തിലാണ് നന്മയും തിന്മയും തമ്മിലുള്ള യുദ്ധം. മനുഷ്യനിലെ ദൈവീകാംശവും പൈശാചികത്വവും തമ്മിലെ യുദ്ധം. ഈ യുദ്ധത്തിന്റെ പരിണിത ഫലങ്ങളാണ് ജിഷയുടേയും നിര്‍ഭയയുടേയും സൗമ്യയുടേയും ഒക്കെ ദാരുണ കൊലപാതകങ്ങളില്‍ നമ്മള്‍ കാണുന്നത്. ഇത്തരം ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിക്കാതെ ദൈവത്തിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ത്തും ഭോഷ്‌കന്‍മാരാണെന്ന് പറയാതെ വയ്യ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 2, 2016 4:41 pm