“ഞങ്ങള് സാധാരണക്കാരാണ്, കൂലിപ്പണി ചെയ്താണ് ജീവിതം കഴിക്കുന്നത്, കുടുംബം പോറ്റണതും കുട്ടികളെ പഠിപ്പിക്കണതുമൊക്കെ അന്തിയാകണതുവരെ പണിയെടുത്താണ്. ഇവര് ഇങ്ങനെ ചെയ്താല്‍ ഞങ്ങള് എങ്ങനാ സമാധാനത്തോടെ ജീവിക്കണത്?” ഇത് കാര്‍ത്തി എന്ന മധ്യവയസിനോടടുത്ത ഒരു സ്ത്രീയുടെ വാക്കുകളാണെങ്കിലും എടത്തിക്കാട് എന്ന പ്രദേശത്തെ ഏതാണ്ടെല്ലാ സ്ത്രീകളുടെയും ആശങ്കയും ഭയവും അതില്‍ ചേര്‍ന്നിട്ടുണ്ട്. നാലു ദിവസങ്ങള്‍ക്കു മുമ്പ് വരെ ഈ സ്ത്രീകളില്‍ ഇങ്ങനെയൊരു ഭയമോ ആശങ്കയോ ഇല്ലായിരുന്നു. പക്ഷേ, നിമിഷ എന്ന 22-കാരി അരുംകൊല ചെയ്യപ്പെട്ടതോടെ കിഴക്കമ്പലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ അമ്പുനാട് എടത്തിക്കാട്ടെ സ്ത്രീകളിലും കുട്ടികളിലും വല്ലാത്തൊരു ഭയം ഉടലെടുത്തിരിക്കുകയാണ്. നിമിഷയുടെ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറാത്തവരാണിവര്‍. അതിനു കാരണക്കാരനായത് ഒരു ഇതരസംസ്ഥാന തൊഴിലാളിയാണെന്നതാണ് അവരില്‍ ഭയം നിറച്ചിരിക്കുന്നതും, എടത്തിക്കാട് പ്രദേശത്തുള്ള മറ്റ് ഇതരസംസ്ഥാന തൊഴിലാളികളോടും ആ ഭയത്തില്‍ നിന്നുണ്ടായിരിക്കുന്ന പ്രതിഷേധവും അമര്‍ഷവും കാര്‍ത്തിയെ പോലുള്ളവര്‍ പ്രകടിപ്പിക്കുന്നതും.
എറണാകുളം പൂക്കാട്ടുപടിയില്‍ എടത്തിക്കാട് എംഇഎസ് ജംഗ്ഷന് സമീപം അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്ന നിമിഷയെ, മോഷണ ശ്രമത്തിനിടെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയും എടത്തിക്കാട് എകെ ഫ്ലവേഴ്‌സ് കമ്പനിയിലെ കരാര്‍ തൊഴിലാളിയുമായിരുന്ന ബിജു കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ, നിരവധി ഇതര സംസ്ഥാനക്കാര്‍ തൊഴില്‍ ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന എടത്തിക്കാട് പ്രദേശത്ത് അവര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധമാണ് നാലുദിവസത്തിനു ശേഷവും നിലനില്‍ക്കുന്നത്. ഇതില്‍ സ്ത്രീകളാണ് വളരെ വൈകാരികമായി തന്നെ ഇവരോട് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. പുരുഷന്മാര്‍, ഇതരസംസ്ഥാനക്കാര്‍ തൊഴില്‍ എടുക്കുന്നതിനും താമസിക്കുന്നതിനും തങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കിലും ഇനിയിവിടെ തങ്ങുന്ന ഓരോരുത്തരുടെയും കൃത്യമായ മേല്‍വിലാസങ്ങളും അവരുടെ ജീവിതപശ്ചാത്തലവും ബന്ധപ്പെട്ടവര്‍ അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമാണ് പറയുന്നത്. ഇതര സംസ്ഥാനക്കാരെ ഈ നാടിന് വേണ്ടയെന്നാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം സത്രീകളും പറയുന്നത്. തങ്ങളവരെ അടിച്ചോടിക്കാന്‍ പോലും മടിക്കില്ലെന്നു വരെ സ്ത്രീകള്‍ പറഞ്ഞുവയ്ക്കുന്നുമുണ്ട്.
“നിമിഷയ്ക്ക് സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കരുത്. സ്വസ്ഥമായി പണിയെടുത്തു ജീവിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം, കുട്ടികളെ വീടുകളില്‍ ഇരുത്തി സമാധാനത്തോടെ തൊഴിലെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കണമെങ്കില്‍ അന്യസംസ്ഥാനക്കാരെ മുഴുവനായും ഇവിടുന്ന് കെട്ട് കെട്ടിക്കണം”, രോഷവും സങ്കടവും നിറഞ്ഞ ശബ്ദത്തില്‍ കാര്‍ത്തി പറയുമ്പോള്‍ കൂടെ ഉണ്ടായിരുന്ന മറ്റു ചില സ്ത്രീകള്‍ അത് തങ്ങളുടെ കൂടി അഭിപ്രായമാണെന്നു വ്യക്തമാക്കുകയായിരുന്നു. കൃത്യമായ രേഖകള്‍ ഇല്ലാതെ ഇതര സംസ്ഥാനക്കാരെ പാര്‍പ്പിക്കാനോ തൊഴിലെടുക്കാനോ അനുവദിക്കരുതെന്ന് ഒരു വിഭാഗം പറയുമ്പോള്‍, കാര്‍ത്തിയെ പോലെ, സൈനബയെ പോലെ, വസന്തയെപോലെ, ജാന്‍സിയേയും ജിഷയെയുമെല്ലാം പോലെ സാധരണക്കാരായ സ്ത്രീകള്‍ പറയുന്നത് ഇതര സംസ്ഥാനക്കാരെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ്.
നിമിഷയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലേയെന്നും ഒരാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ എല്ലാവരേയും ഒരുപോലെ കുറ്റക്കാരായി കണ്ട് ശിക്ഷിക്കണമോ എന്ന ചോദ്യവും ഈ സ്ത്രീകള്‍ അംഗീകരിക്കുന്നില്ല. ഇന്നാട്ടില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്നും ഒരു കൊച്ചു പെണ്‍കുട്ടിയോട് ഇത്തരത്തില്‍ ചെയ്തത് തങ്ങള്‍ക്ക് ഒരിക്കലും മറക്കാനോ ക്ഷമിക്കാനോ കഴിയില്ലെന്നാണ് കാര്‍ത്തിയെ പോലുളളവര്‍ പറയുന്നത്. ഇതുപോലൊരു സംഭവം നിങ്ങളുടടെ വീട്ടിലോ നാട്ടിലോ നടന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ന്യായം തന്നെ പറയുമോ എന്നാണ് അവരുടെ മറുചോദ്യം.
ഭയം കൂടാതെ നാട്ടില്‍ ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളെ ഇപ്പോള്‍ ഭയത്തിലാക്കിയിരിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്, കഴിഞ്ഞ ദിവസം വരെ അവരോടാരോടും തങ്ങള്‍ക്കാര്‍ക്കും തന്നെ ഇതുപോലെ പേടിയോ ദേഷ്യമോ ഇല്ലായിരുന്നു. പക്ഷേ, മനുഷ്യര് ചെയ്യാന്‍ മടിക്കുന്നൊരു ക്രൂരത ചെയ്തു കഴിഞ്ഞപ്പോള്‍ എല്ലാവരോടും തങ്ങള്‍ക്ക് ഒരുപോലെ ദേഷ്യമാണെന്നാണ് എടത്തിക്കാട് പലയിടങ്ങളിലായി കണ്ട സ്ത്രീകള്‍ പറയുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൊലപാതകികളും സ്ത്രീകളെ ഉപദ്രവിക്കുന്നവരും അക്രമം നടത്തുന്നവരും മോഷ്ടാക്കളും ലഹരിപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവരും ഒക്കെയാണെന്ന ധാരണ ഈ സ്ത്രീകളില്‍ കേവലം ദിവസങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
“എടത്തിക്കാട് മാത്രമല്ലല്ലോ, വേറെ പലയിടത്തും ഇവര് ഇതുപോലെ പല ക്രൂരതകളും ചെയ്തിട്ടില്ലേ, പെരുമ്പാവൂര് തന്നെ ജിഷയെന്ന പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി കൊന്നില്ലേ, അന്നും ഇവരുട കാര്യത്തില് എന്തൊക്കെയോ ചെയ്യുമെന്ന് സര്‍ക്കാര് പറഞ്ഞിട്ട് എന്തായി? ഒന്നും ചെയ്യാഞ്ഞിട്ടല്ലേ ഇവര് ഇപ്പോഴും ഇങ്ങനെയെല്ലാം തുടരുന്നത്. എവിടുന്നൊക്കെ ആരൊക്കെയാ വരണതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഓരോന്നും ചെയ്തിട്ടും ഇവര് അവരുടെ നാട്ടിലേക്ക് കടന്നു കളയും, ആ നാടൊക്കെ എവിടെയാണെന്ന് എങ്ങനാ കണ്ടു പിടിക്കണത്. ജിഷ കൊല്ലപ്പെട്ടപ്പോള്‍ നിരപരാധികളായ എത്രപേരെയാണ് പൊലീസ് ഇടിച്ചത്. ഇവിടെയിപ്പോള്‍ പ്രതിയെ കൈയോടെ പിടിക്കാന്‍ പറ്റിയതുകൊണ്ടല്ലേ, അല്ലേല്‍ ഇവിടുള്ള ആണുങ്ങളെയെല്ലാം പൊലീസ് പിടിച്ചോണ്ട് പോകത്തില്ലായിരുന്നോ? ഇങ്ങനെ പേടിച്ചും ഭയന്നും ഞങ്ങള്‍ക്ക് വയ്യ, ഞങ്ങള്‍ക്ക് പെണ്‍കുട്ടികളൊക്കെയുള്ളതാ. എങ്ങനാ അതുങ്ങളെ ഒറ്റയ്ക്ക് വീട്ടിലിരുത്തിയിട്ട് പോകാന്‍ പറ്റണത്, രാവിലെ മുതല് വൈകിട്ട് വരെ പണിയെടുക്കുന്നവരാണ്, രാവിലെ വീട്ടീന്ന് ഇറങ്ങിയാല്‍ പിന്നെ ഇരുട്ടുമ്പോഴായിരിക്കും തിരികെ വരണത്, അതിനിടയില്‍ വീട്ടില്‍ എന്തേലും നടന്നാല്‍ ആര് അറിയാനാ? ഇവരാണെങ്കില്‍ ഇവിടം മുഴുവനും ഉണ്ട്… പറ, ഞങ്ങള് എന്താ ചെയ്യേണ്ടത്? പ്രസന്ന ചോദിക്കുന്നു.
“ആ കുഞ്ഞിന്റെ മുഖം മനസീന്ന് പോണില്ല. എല്ലാ ദിവസോ അതിനെ കാണുമായിരുന്നു. പാലും കൊണ്ടു പോകുമ്പോഴൊക്കെ കാണുന്നതാ… ആ കുഞ്ഞിനെയാണ് കഴുത്ത് അറത്ത് കൊന്നത്… വെറും സങ്കടം കൊണ്ട് മാത്രം പറയണല്ല, അവര് ഇനി ഇവിടെ വേണ്ടാ”; കാര്‍ത്തിയുടെ ഈ വാക്കുകളും ഒറ്റപ്പെട്ടതായിരുന്നില്ല.
ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം നിമിഷയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് സൂചിപ്പിച്ചപ്പോള്‍ ഒരു മറുപടി പോലും നല്‍കാതിരുന്നതില്‍ ഏറെ സങ്കടമുണ്ടെന്നും കാര്‍ത്തി പറയുന്നു. “അവരൊക്കെ ഞങ്ങളെ പോലുള്ള പാവങ്ങളോട് മിണ്ടുമോ? ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവരോടല്ലാതെ ആരോടാണ് പറയേണ്ടത്”, തങ്ങളോട് ഒരു ആശ്വാസ വാക്ക് പോലും പറയാതെ മടങ്ങിയ മുഖ്യമന്ത്രിയോടുള്ള പരിഭവം മറച്ച് വയ്ക്കാതെ കൂട്ടത്തില്‍ പ്രായം ചെന്ന കാളി പറഞ്ഞു. നിമിഷയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ബിജുവിന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ലെന്നാണ് കാളി പറഞ്ഞത്.
അതേസമയം, ഈ വികാരവിക്ഷോഭവങ്ങള്‍ നിമിഷയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നുണ്ടായിരിക്കുന്നതാണെന്നും തൊഴിലും ജീവിതവും തേടി വരുന്നവരെ അടിച്ചോടിക്കാനോ എതിര്‍ക്കാനോ തങ്ങളാരും തയ്യാറാകില്ലെന്നും എന്നാല്‍ ഇതര സംസ്ഥാനക്കാരായവരില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭയം ഇല്ലാതാക്കാന്‍ സര്‍ക്കാരും പൊലീസും ഉടനടി ഇടപെടണമെന്നാണ് എടത്തിക്കാട്ടെ നാട്ടുകാര്‍ പൊതുവില്‍ പറയുന്നത്. കൃത്യമായ രേഖകളോ വിവരങ്ങളോ ഇല്ലാതെ, ഏതൊക്കെ നാട്ടില്‍ നിന്നോ വരുന്നവരാണ് കൂടുതലും, അതില്‍ മോഷ്ടാക്കളും കൊലപാതകികളുമൊക്കെ കാണും അതൊന്നും ഇവിടെ എത്തുമ്പോള്‍ ആര്‍ക്കും മനസിലാകുന്നില്ലല്ലോ. ഒരു ദിവസം ഇവിടെയും ഇതുപോലെ എന്തെങ്കിലും ചെയ്തിട്ട് പോകും. ഇനിയും ഇതുപോലെ നിമിഷമാരോ ജിഷമാരോ ഉണ്ടാകരുത്. അതിന് എന്തു ചെയ്യാമെന്നാണ് ആലോചിക്കേണ്ടതും ഉടനടി ചെയ്യേണ്ടതുമെന്നും ബഷീറിനെ പോലുള്ളവര്‍ പറയുന്നു. സ്ത്രീകളുടെ ഇപ്പോഴത്തെ ദേഷ്യമൊക്കെ പതിയെ മാറുമെന്നും ബഷീര്‍ പറയുന്നു. അത് പലരും തലകുലുക്കി സമ്മതിക്കുന്നുമുണ്ട്.
This post was last modified on August 2, 2018 12:28 pm
Leave a Comment