X

കള്ളവോട്ട്: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; ഓപ്പൺ വോട്ട് ചെയ്യാനെത്തിയവരെ കള്ളവോട്ടുകാരാക്കി ചിത്രീകരിക്കുന്നെന്ന് സിപിഎം

ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥർ കള്ളവോട്ടിന് കൂട്ടു നിന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്.

സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ശക്തമായ നിയമനടപടികളുമായി മുമ്പോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസറഗോഡ് ലോകസഭാ മണ്ഡലത്തിൽ പെടുന്ന കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പത്തൊമ്പതാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. അതെസമയം കള്ളവോട്ട് നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുധാകരൻ പറഞ്ഞു. കള്ളവോട്ടുകൾ സംബന്ധിച്ച് കോൺഗ്രസ് വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ള വോട്ട് ചെയ്തവരിൽ സിപിഎം പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടുന്നു. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗമാണ് ഇങ്ങനെ പിടിക്കപ്പെട്ടിട്ടുള്ളത്. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡംഗം എം.പി. സലീന 19-ാം ബൂത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 24-ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തില്‍ വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തൃക്കരിപ്പൂർ 48ാം ബൂത്തിലും പയ്യന്നൂർ 136ാം ബൂത്തിലും കള്ളവോട്ട് നടന്നതായി ആരോപിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിന്റെ അന്നേദിവസം രാത്രിയിൽ പല പ്രദേശങ്ങളിൽ വൈദ്യുതിബന്ധം ഇല്ലാതായിരുന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നത് വൈകിച്ച് ഇതിന്റെ മറവിൽ കള്ളവോട്ട് ചെയ്തുവെന്നും കോൺഗ്രസ്സ് ആരോപിക്കുന്നുണ്ട്.

വീഡിയോ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് കള്ളവോട്ട് ചെയ്തതെന്നും കോൺഗ്രസ്സ് ആരോപിക്കുന്നുണ്ട്. ബൂത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ നിസ്സഹായരായിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പലയിടങ്ങളിലും കോൺഗ്രസ്സ് ബൂത്ത് ഏജന്റുമാരെ പുറത്താക്കിയാണ് കള്ളവോട്ട് നടന്നതെന്നും ആരോപണമുണ്ട്.

ഇതിനിടെ കാസറഗോ‍ഡ് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് തേടി. കണ്ണൂർ, കാസറഗോഡ് ജില്ലാ കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുമെന്ന് മീണ പറഞ്ഞു.

കോൺഗ്രസ്സ് പ്രചരിപ്പിക്കുന്നത് ഓപ്പൺ വോട്ടിന്റെ ദൃശ്യങ്ങൾ

കാസറഗോഡ്, കണ്ണൂർ ലോകസഭാ മണ്ഡലങ്ങളിൽ സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണം പച്ചനുണയാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കള്ളവോട്ടെന്ന പേരിൽ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഓപ്പൺ വോട്ടിന്റേതാണെന്നും ജയരാജൻ പറഞ്ഞു. ചെറുതാഴം പഞ്ചായത്തംഗം എംവി സലീന കള്ളവോട്ട് ചെയ്തെന്ന ആരോപണവും അദ്ദേഹം തള്ളി. സലീന 19ാം ബൂത്തിൽ സഹായിയായി പോയതാണെന്ന് ജയരാജൻ പറഞ്ഞു. അന്വേഷണത്തെ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്മോഹൻ ഉണ്ണിത്താന്റെ ഇടപെടൽ

കാസറഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍ പല സ്ഥലങ്ങളിൽ നിന്നും കള്ളവോട്ട് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വാതിൽ അടച്ചിട്ടിട്ടാണ് കള്ളവോട്ട് നടക്കുന്നതെന്ന് വീഡിയോകളിൽ കാണാം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സിപിഎമ്മിനെതിരെ പരാതി നൽകാനാണ് കോൺഗ്രസ്സിന്റെ നീക്കം. സംശയമുള്ള എല്ലാ ബൂത്തുകളിൽ‌ നിന്നും ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.

ഇതിനിടെ ഒരു വോട്ടർ ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തതായി ഉദ്യോഗസ്ഥർ പറയുകയും അവർക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വരികയും ചെയ്തു. സ്ഥലത്തെ രാഷ്ട്രീയ നേതാക്കൾ ബൂത്തിൽ കയറിയിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ചട്ടവിരുദ്ധമാണ്. ഇവർ സിപിഎം നേതാക്കളെന്നാണ് അറിയുന്നത്.

ഉദ്യോഗസ്ഥർ കൂട്ടുനിന്നു

ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥർ കള്ളവോട്ടിന് കൂട്ടു നിന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇത് പരിശോധിക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിരിക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ.

അയ്യായിരത്തിലധികം കള്ളവോട്ടുകളെന്ന് ചെന്നിത്തല

കാസറഗോഡ് മാത്രം അയ്യായിരത്തിലധികം കള്ളവോട്ടുകൾ നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വോട്ടെടുപ്പിനു മുമ്രു തന്നെ ഇക്കാര്യത്തിൽ യുഡിഎഫ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ പൊലീസോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് തടയാൻ ശ്രമം നടത്തുകയുണ്ടായില്ല. ഉദ്യോഗസ്ഥർക്കും കള്ളവോട്ടിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.

ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. കള്ളവോട്ട് സംബന്ധിച്ച കേസുകള്‍ അനന്തമായി നീളുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on April 28, 2019 4:19 pm