X

അടച്ചിട്ട് സ്വകാര്യ ആശുപത്രികള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?

സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നതോടെ ഇവിടെ മെഡിക്കല്‍ അടിയന്തരാവസ്ഥ രൂപപ്പെടുമെന്നതിന് സംശയമില്ല

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പനിയും പനി മരണങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പല രോഗികളെയും കിടത്തി ചികിത്സിക്കാതെ പ്രാഥമിക ശുശ്രൂഷയും ഇന്‍ജക്ഷനുകളും മരുന്നും നല്‍കി വീടുകളിലേക്ക് മടക്കി അയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി അധികൃതരും സഹകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. തുച്ഛമായ ശമ്പളത്തില്‍ 12-ഉം അതിലധികവും മണിക്കൂറുകള്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഒരുകാരണവശാലും തള്ളിക്കളയാനാകില്ല. കാരണം ഭൂമിയിലെ മാലാഖമാര്‍ എന്ന വിശേഷണത്തിനപ്പുറം മാന്യമായി ജീവിക്കാനുള്ള തൊഴില്‍ സാഹചര്യമല്ല അവരുടേതെന്ന് ഏതൊരു വ്യക്തിക്കും അറിയാവുന്ന കാര്യമാണ്. നഴ്‌സുമാരുടെ സേവനത്തെ അങ്ങേയറ്റം ചൂഷണം ചെയ്താണ് ഇവിടുത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും പടര്‍ന്നു പന്തലിക്കുന്നത്. ആതുരസേവനമെന്നത് ഭൂരിഭാഗം ആശുപത്രികളെയും സംബന്ധിച്ച് കേവലം കച്ചവടം മാത്രമാണ് ഇന്ന്.

ഒരാഴ്ചയോളം പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന രോഗി പതിനായിരങ്ങളുടെയും ലക്ഷത്തിന്റെയും ബില്ലുമായാണ് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുന്നത്. ഒരേസമയം രോഗിയെയും നഴ്‌സുമാരെയും ചൂഷണം ചെയ്താണ് സ്വകാര്യ ആശുപത്രികളുടെ വളര്‍ച്ച. ആരംഭിച്ച് ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ തന്നെ പുതിയ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനത്തിലേക്ക് വളരാന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നത് ഇതിനാലാണ്. നഴ്‌സുമാരുടെ സമരത്തോട് ജനങ്ങള്‍ അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കുന്നത് ആശുപത്രി മാനേജ്‌മെന്റുകളുടെ ഈ കഴുത്തറപ്പ് മൂലമാണ്. ശമ്പള വര്‍ദ്ധനവെന്ന ആവശ്യത്തിലൂന്നി നഴ്‌സുമാര്‍ സമരം നടത്തുന്നുണ്ടെങ്കിലും പലരും രോഗികളെ അവഗണിച്ചല്ല സമരത്തില്‍ പങ്കെടുക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഒരു ദിവസം ഇരിക്കുന്ന ആളുകളല്ല അടുത്ത ദിവസം ഇരിക്കുന്നത് എന്നത് തന്നെ ഇതിന് തെളിവാണ്. രോഗികളോടുള്ള ഉത്തരവാദിത്വം നിറവേറ്റി അടുത്തയാള്‍ക്ക് ജോലി കൈമാറിയ ശേഷമാണ് ഇവര്‍ സമരപ്പന്തലിലെത്തുന്നത്.

എന്നാല്‍ 17-ാം തിയതി മുതല്‍ സംസ്ഥാന തലത്തില്‍ ഈ സമരത്തിന്റെ സ്വഭാവം മാറാനിരിക്കുകയാണ്. ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികള്‍ നിര്‍ദേശിച്ച ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കും വരെ അനിശ്ചിതകാല പണിമുടക്കാണ് ആഹ്വാനം ചെയ്യുന്നത്. ജില്ലാ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പണിമുടക്ക് 21 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനാണ് തീരുമാനം. ഏകദേശം ഒന്നരലക്ഷത്തോളം നഴ്‌സുമാരാണ് അന്ന് മുതല്‍ സെക്രട്ടേറിയറ്റ് വളയുക. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പറയുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജ നഴ്‌സുമാരുടെ സമരത്തെ അടിച്ചമര്‍ത്താനല്ല, പകരം പകര്‍ച്ചപ്പനി വ്യാപിക്കുന്നത് കണക്കിലെടുത്ത് അവരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാരും നഴ്‌സുമാരുടെ സമരത്തോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. അപ്പോഴാണ് പുതിയ തന്ത്രവുമായി ഏതാനും ആശുപത്രി മാനേജ്‌മെന്റ് സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാനാണ് അവരുടെ തീരുമാനം. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ കേരള ഘടകം, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌പെഷ്യാല്‍റ്റി ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് ഈ തീരുമാനത്തിന് പിന്നില്‍. സേവനങ്ങള്‍ പരിമിതപ്പെടുത്തിയുള്ള അടച്ചിടലാണ് ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമേ ഇനി ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കൂ. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശനമുണ്ടാകില്ല. ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിക്ക് അപ്പുറമുള്ള ചികിത്സകള്‍ നല്‍കില്ല.

17ന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് മൂന്നിലൊന്ന് നഴ്‌സുമാരെ ആശുപത്രികളില്‍ നിലനിര്‍ത്തി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മാനേജ്‌മെന്റുകളുടെ ഈ സമ്മര്‍ദ്ദ തന്ത്രത്തോടെ നഴ്‌സുമാരുടെ സംഘടയായ യുഎന്‍എ ആ തീരുമാനം മാറ്റി. മുഴുവന്‍ നഴ്‌സുമാരെയും പണിമുടക്കിന് ഇറക്കാന്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനം.

ഇവിടെ മാനേജ്‌മെന്റുകള്‍ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന ചോദ്യം ഉയരുന്നു. ന്യായമായ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്ന നഴ്‌സുമാരെയോ അതോ നിസാര രോഗങ്ങള്‍ക്ക് പോലും തങ്ങള്‍ പതിനായിരക്കണക്കിന് രൂപ ഊറ്റിയെടുക്കുന്ന സാധാരണക്കാരായ ജനങ്ങളെയോ? നഴ്‌സുമാരാണ് ആശുപത്രികളുടെ നട്ടെല്ല്. ആശുപത്രിയുടെ ഓരോ പ്രവര്‍ത്തനങ്ങളും നടക്കുന്നതും മാനേജ്‌മെന്റും രോഗികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്നതുമെല്ലാം നഴ്‌സുമാര്‍ വഴിയാണ്. അവരുടെ ജീവിതനിലവാരം ഉയരേണ്ടത് മാനേജ്‌മെന്റുകളുടെ തന്നെ ആവശ്യവും ഉത്തരവാദിത്വവുമാണ്. ഒട്ടുമിക്ക ആശുപത്രികളിലും രോഗികളില്‍ നിന്നും ബില്ലിനൊപ്പം നഴ്‌സിംഗ് അസിസ്റ്റന്റ് ഫീസ് എന്ന പേരില്‍ വന്‍തുക ഈടാക്കുന്നുണ്ട്. ഈ ഫീസ് നഴ്‌സുമാരുടെ ശമ്പളത്തിനൊപ്പം അവര്‍ക്ക് തന്നെ കൊടുത്താല്‍ തീരുന്ന പ്രശ്‌നങ്ങളേ നിലവിലുള്ളൂ. നഷ്ടത്തിലായെന്ന് പറഞ്ഞ് ഒരു ആശുപത്രിയും അടച്ചു പൂട്ടിയ ചരിത്രം കേരളത്തിലില്ല. ദിനംപ്രതി വളരുന്ന വ്യവസായമായി ആതുരസേവനം മാറിയതും അതിനാലാണ്. എന്നാല്‍ തങ്ങളുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കാതെ നഴ്‌സുമാരുടെ ആവശ്യങ്ങളോടും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ചെയ്യേണ്ടത്.

പകര്‍ച്ചപ്പനിയുടെ ഈ കാലഘട്ടത്തില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനല്ലെങ്കില്‍ പിന്നെ എന്തിനാണ് ആതുരസേവനത്തിന്റെ പേരില്‍ ഈ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു വച്ചിരിക്കുന്നതെന്ന ചോദ്യം ഉയരും. ഏതു പ്രതിസന്ധിയിലും ആശുപത്രികള്‍ അടച്ചിടില്ലെന്ന് ചില സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത് അവര്‍ക്ക് ആതുരസേവനത്തിന്റെ മൂല്യം അറിയാം എന്നതിനാലാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമായ നിലവിലെ സാഹചര്യത്തില്‍ പോലും എത്തിച്ചേരുന്ന രോഗികളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ അവയ്ക്ക് സാധിക്കുന്നില്ല. സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നതോടെ ഇവിടെ മെഡിക്കല്‍ അടിയന്തരാവസ്ഥ രൂപപ്പെടുമെന്നതിന് സംശയമില്ല. സമരം ചെയ്യുന്ന നഴ്‌സുമാരോടും സമരത്തെ അടിച്ചമര്‍ത്താത്ത സര്‍ക്കാരിനോടും പ്രതികാരം ചെയ്യാന്‍ ആശുപത്രികള്‍ അടച്ചിടുന്ന മാനേജ്‌മെന്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശിക്ഷിക്കുന്നത് ജനങ്ങളെയാണ്. ഈ ജനങ്ങളെ ഊറ്റിയാണ് തങ്ങള്‍ തഴച്ചുവളര്‍ന്നതെന്നത് മറന്ന് ആശുപത്രികള്‍ അടച്ചിടുമെന്ന തീരുമാനവുമായി മുന്നോട്ട് പോയാല്‍ നഴ്‌സുമാരുടെ സമരത്തിന് ജനകീയ പിന്തുണ വര്‍ദ്ധിക്കുമെന്നെങ്കിലും അവര്‍ മനസിലാക്കേണ്ടതുണ്ട്. രോഗികള്‍ക്ക് സേവനം ലഭ്യമാകാതെ വന്നാല്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുന്നത് ജനകീയ കോടതിക്ക് മുന്നിലായിരിക്കുമെന്നും മറക്കരുത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on July 14, 2017 1:40 pm