X

സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഒഴിയാൻ അന്ത്യശാസനം; എങ്ങോട്ട് പോകണമെന്നറിയാതെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ

"ഞങ്ങളെല്ലാം അന്നന്ന് പണി ചെയ്ത് അതുകൊണ്ട് ജീവിക്കുന്നവരാണ്. ഇത്രയും ദിവസം ഞങ്ങള്‍ക്ക് പണി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മഴ മാറാതെ മത്സ്യബന്ധനത്തിനോ ഒന്നും പോവാനും കഴിയില്ല. രണ്ട് ദിവസത്തെ സഹായം മതി. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ നയിച്ചുണ്ടാക്കും."

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മണിക്കൂറുകള്‍ക്കകം ഇറങ്ങണമെന്ന് അന്ത്യശാസന നല്‍കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. എറണാകുളം വൈപ്പിന്‍ പള്ളിപ്പുറം സ്വദേശികളോടാണ് ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. വൈപ്പിന്‍ സെന്റ്‌മേരീസ് ഹൈസ്‌കൂളില്‍ ആറ് ദിവസമായി താമസിക്കുന്ന നാനൂറോളം ആളുകളോട് നാളെ രാവിലെ ആറ് മണിക്കുള്ളില്‍ തിരികെ വീടുകളിലേക്ക് പോവാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍, പ്രളയബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നാടൊന്നടങ്കം ശ്രമിക്കുമ്പോഴാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്നവരുടെ ഈ ക്രൂരത.

വീടുകളില്‍ അരപ്പൊക്കം വെള്ളം കയറിയപ്പോഴാണ് പള്ളിപ്പുറം സ്വദേശികള്‍ വൈപ്പിന്‍ സെന്റ്‌മേരീസ് ഹൈസ്‌കൂളില്‍ അഭയം തേടിയത്. അന്ന് മുതല്‍ വസ്ത്രങ്ങള്‍ പോലും മാറാതെ ക്യാമ്പില്‍ കഴിച്ചുകൂട്ടുകയാണ് ഇവരില്‍ പലരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തിച്ച് നല്‍കുന്ന ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് ആശ്വാസമായിരുന്നത്. വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും വൃത്തിയാക്കാനുള്ള സമയം ഇവര്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം കേള്‍ക്കുക പോലും ചെയ്യാതെ ഇന്ന് രാത്രി തന്നെ ഇറങ്ങാനാണ് ആദ്യം പറഞ്ഞതെന്ന് ക്യാമ്പിലെ അംഗമായ അനിലബാബു പറയുന്നു. എന്നാല്‍ പിന്നീട് രാവിലെ ആറ് വരെ സമയം നീട്ടി നല്‍കിയതായും ക്യാമ്പിലുണ്ടായിരുന്ന സാധനസാമഗ്രികളെല്ലാം അധികൃതര്‍ തിരികെ കൊണ്ടുപോയതായും ഇവര്‍ പറയുന്നു

“എന്ത് ക്രൂരതയാണ് ഞങ്ങളോട് കാണിക്കുന്നത്. ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതെയാണ് ഞങ്ങള്‍ ഈ ക്യാമ്പില്‍ വന്ന് കയറിയത്. ഭക്ഷണം കിട്ടി. അതില്ല എന്ന് പറയുന്നില്ല. ഇത്രയും ദിവസം ഞങ്ങള്‍ ഈ സ്‌കൂളില്‍ നിന്നു. ഇനി അധിക ദിവസം ഒന്നും വേണ്ട. വെള്ളം കയറിയ വീടെല്ലാം ഒന്ന് വൃത്തിയാക്കിയെടുക്കാന്‍ രണ്ട് ദിവസമാണ് ഞങ്ങള്‍ ചോദിക്കുന്നത്. പക്ഷെ അത് അനുവദിക്കാന്‍ പറ്റില്ല എന്നാണ് ഇവര്‍ പറയുന്നത്. കൊച്ചുകുട്ടികളുണ്ട്, ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ വരെയുണ്ട്, ഗര്‍ഭിണികളുണ്ട്, പ്രായമായവരുണ്ട്. ഇവരെയെല്ലാം കൊണ്ട് ചെളി വന്നടിഞ്ഞ വീട്ടിലേക്ക് എങ്ങനെ കയറും? നാളെ പോയി ഞങ്ങള്‍ അത് വൃത്തിയാക്കി അടുത്ത ദിവസം മാറാം എന്നാണ് ഞങ്ങള്‍ പറഞ്ഞത്. പക്ഷെ അതൊന്നും കണക്കാക്കാതെ ഇവിടെ ഞങ്ങള്‍ക്ക് വേണ്ടിയൊരുക്കിയിരുന്ന സാധനസാമഗ്രികളെല്ലാം മെമ്പര്‍മാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും വന്ന് എടുത്തുകൊണ്ട് പോയി.”

“രണ്ട് ദിവസത്തേക്ക് കൂടി ഞങ്ങള്‍ക്ക് ഭക്ഷണം തരണം. വീട്ടില്‍ ചെന്നാല്‍ രണ്ട് ദിവസം ഞങ്ങള്‍ക്ക് കഴിച്ചുകൂട്ടാനുള്ള ഭക്ഷണവും നല്‍കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അതൊന്നും പരിഗണിച്ചില്ല. ഞങ്ങളെല്ലാം അന്നന്ന് പണി ചെയ്ത് അതുകൊണ്ട് ജീവിക്കുന്നവരാണ്. ഇത്രയും ദിവസം ഞങ്ങള്‍ക്ക് പണി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മഴ മാറാതെ മത്സ്യബന്ധനത്തിനോ ഒന്നും പോവാനും കഴിയില്ല. രണ്ട് ദിവസത്തെ സഹായം മതി. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ നയിച്ചുണ്ടാക്കും. പക്ഷെ അതിനൊന്നും അവര്‍ തയ്യാറാവുന്നുമില്ല. ഇന്ന് പോവണമെന്നാണ് പറഞ്ഞത്. പിന്നീട് നാളെ രാവിലെ ആറ് മണി വരെ സമയം നല്‍കി. ഞങ്ങളെങ്ങനെ നാളെ വീട്ടിലേക്ക് പോവും?” ക്യാമ്പില്‍ കഴിയുന്ന പലരുടേയും വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചതാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പില്‍ നിന്ന് ഇറക്കിവിട്ടാല്‍ എവിടേക്ക് പോവുമെന്ന ചോദ്യവും ഇവര്‍ ചോദിക്കുന്നു.

സ്ഥലം എംഎൽ‌എ എസ് ശർമ ക്യാമ്പ് നീട്ടുന്ന കാര്യം സ്കൂളധികൃതരുമായി സംസാരിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്. അതെസമയം ജില്ലാ കളക്ടറുടെ പ്രതികരണം ലഭ്യമായിട്ടില്ല.

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on August 20, 2018 9:30 pm