X

ഇടുക്കി പഴയ ഇടുക്കിയല്ല; ജോയ്സിന് മാത്രമല്ല ഡീനിനും

ഇടതുപക്ഷത്തെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ചായ്‌വ് വലത്തോടു കാണിക്കുന്ന മണ്ഡലമാണ് ഇടുക്കി

കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ ഏറ്റവും അധികം നാശമുണ്ടായ ജില്ലയാണ് ഇടുക്കി. ആ മഹാദുരന്തത്തില്‍ നിന്നും ഇടുക്കി ഇപ്പോഴും തിരിച്ചു കയറിയിട്ടില്ല. അതിന് കാലങ്ങള്‍ തന്നെയെടുക്കും. പഴയതില്‍ നിന്നും ഏറെ മാറിയുളളതാണ് പ്രളയാനന്തര ഇടുക്കി. ഈ കുടിയേറ്റ ജില്ലയിലെ ജനങ്ങള്‍ പലതും തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ജീവിക്കുന്നത്. മൊത്തത്തിലുണ്ടായിരിക്കുന്ന ഈ മാറ്റം ഇടുക്കിയുടെ രാഷ്ട്രീയ ചിന്താഗതിയേയും മാറ്റിയിട്ടുണ്ടോ? ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ഒന്നും വിട്ടുപറയാന്‍ തയ്യാറാകുന്നില്ല ഇടുക്കി.

2914 ല്‍ മത്സരിച്ച രണ്ടുപര്‍ തമ്മില്‍ തന്നെയാണ് ഇത്തവണയും പ്രധാന പോരാട്ടം. എല്‍ഡിഎഫിന്റെ ജോയ്‌സ് ജോര്‍ജും, യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസും. ഇവര്‍ക്കൊപ്പം ബിഡിജെഎസിന്റെ ബിജു കൃഷ്ണനുമുണ്ട്. തുടക്കത്തില്‍ ജോയ്‌സിനുണ്ടായിരുന്ന നേരിയ മുന്‍തൂക്കം ഇപ്പോള്‍ ഇല്ലെന്നതും ഇടുക്കിയിലെ കാറ്റ് ഡീനിന് അനുകൂലമായി വീശുന്നുണ്ടെന്ന സൂചനകളുമാണ് ഈ അവസാനഘട്ടത്തില്‍ കേള്‍ക്കുന്നത്. അത് പക്ഷേ ഒരു രാഷ്ട്രീയ പ്രചാരണമായി മാത്രം എടുക്കാം. രണ്ടുപേര്‍ക്കും ഒരുപോലെ സാധ്യത നിലനില്‍ക്കുന്നുവെന്നുള്ളതാണ് ഇപ്പോഴത്തെ രാഷ്ടീയകാലാവസ്ഥ നിരീക്ഷിക്കുമ്പോള്‍ ഒന്നുകൂടി ഉറപ്പോടെ പറയാനാകുന്നത്.

ഇടതുപക്ഷത്തെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ചായ്‌വ് വലത്തോടു കാണിക്കുന്ന മണ്ഡലമാണ് ഇടുക്കി. 2014 ല്‍ പക്ഷേ, വലതിനെ കുടഞ്ഞു ദൂരെയെറിയുന്നപോലെയായിരുന്നു ജോയ്‌സ് ജോര്‍ജിനെ വിജയിപ്പിച്ചത്. പ്രാദേശികവാദവും മതവും മണ്ണും വൈകാരികതയുമെല്ലാം ചേര്‍ന്ന് സംജാതമായൊരു രാഷ്ട്രീയ കാലാവസ്ഥയില്‍ കാലങ്ങള്‍ക്കിപ്പുറം ഇടതുപക്ഷത്തിന് ഒരു എംപിയെ കിട്ടുകയായിരുന്നു. എന്നാല്‍ ഇത്തവണ അതേ സാഹചര്യമില്ല. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളോ ഹൈറേഞ്ച് സംരക്ഷണ സമിതിയോ വോട്ട് പിടിക്കാനിറങ്ങുന്ന വൈദികരോ കാര്യങ്ങള്‍ ജോയ്‌സിനും ഇടതിനും എളുപ്പമാക്കില്ല. മറുവശത്താണെങ്കില്‍ കഴിഞ്ഞ തവണ ഏല്‍ക്കേണ്ടി വന്ന അവഗണനകളോ തൊഴില്‍കുത്തോ ഇത്തവണ ഡീന് ഉണ്ടാകുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞതിനാണ് പി ടി തോമസിന് മലയിറങ്ങിപ്പോകേണ്ടി വന്നതും പകരക്കാരനായി നിന്ന ഡീനിന് വമ്പന്‍ തോല്‍വി ഉണ്ടായതും. എങ്കില്‍, ഇത്തവണ കോണ്‍ഗ്രസിനെയും ഡീനിനെയും സഹായിക്കുന്നതും അതേ പ്രകൃതിയും പരിസ്ഥിതിയുമൊക്കെ തന്നെയാണ്; പ്രളയത്തിന്റെ രൂപത്തില്‍! പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ ഇടുക്കിയിലെ ജനങ്ങളില്‍ അസന്തുഷ്ടിയുണ്ട്. വീടുകളും കൃഷിയിടങ്ങളും ഭൂമിയും നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ഇവരെല്ലാം തന്നെ ഇപ്പോഴും പ്രതികൂല സാഹചര്യത്തില്‍ തന്നെ കഴിയുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരായെന്ന പരാതി ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാരിനെതിരേ നിശിതമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പോലും ഒരു മുറുമുറുപ്പ് ഉണ്ട്.

ലോ റേഞ്ച് മേഖലകള്‍ ഇത്തവണയും ഡീനിന് അനുകൂലമായി തന്നെ നില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ നിന്നും വ്യക്തിമായ ഭൂരിപക്ഷം ഡീന്‍ നേടുമെന്നുള്ള കണക്കുക്കൂട്ടലാണ് അവസാനഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പിനെ ആത്മവിശ്വാസത്തിലാക്കുന്നത്. ഈ രണ്ടു നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫിന്റെതാണ്. 2014 ലെ ലോക്‌സഭ മത്സരത്തില്‍ ഡീന്‍ മൂവാറ്റുപുഴയില്‍ നിന്നു 5,572 വോട്ടുകളും കോതമംഗലത്തു നിന്നും 2,476 വോട്ടുകളും നേടിയിരുന്നു. എന്നാല്‍ അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ 9,375 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിച്ചു. കോതമംഗലത്താകട്ടെ 19,282 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫിന്റെ വിജയം. നിയമസഭ തെരഞ്ഞെടുപ്പില്‍ തന്ന ഭൂരിപക്ഷം ലോക്‌സഭ മത്സരത്തില്‍ ജോയ്‌സിനും നല്‍കുമെന്നായിരുന്നു ഈ രണ്ടു മണ്ഡലങ്ങളെയും കുറിച്ചുള്ള ഇടതു കണക്കു കൂട്ടലുകള്‍. എന്നാല്‍ ആ കണക്കുകള്‍ ഡീന്‍ തെറ്റിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇതിനൊപ്പം ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളുടെ സഹായവും ഡീന്‍ ഉറപ്പിക്കുന്നുണ്ട്. കഴിഞ്ഞതവണയും തൊടുപുഴ ഒപ്പമുണ്ടായിരുന്നുവെങ്കിലും ഇടുക്കിയില്‍ 24,227 വോട്ടുകളുടെ ഭൂരിപക്ഷം ജോയ്‌സാണ് നേടിയത്. ഇടുക്കി യുഡിഎഫിന്റെ ഉറച്ച സീറ്റ് ആയിട്ടും അങ്ങനെ സംഭവിച്ചത് അന്നത്തെ മാത്രം സാഹചര്യം കൊണ്ടാണ്. പള്ളിയും മെത്രാനുമൊക്കെ ശക്തമായി ഇടപെട്ടതുകൊണ്ട്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ റോഷി അഗസ്റ്റിന്‍ 9,333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനായാസമായി ജയിച്ചുപോരുന്നത് കാണുമ്പോള്‍ തന്നെ ഇതെല്ലാം മനസിലാകുന്നതാണ്. കോതമംഗലത്തിനും മൂവാറ്റുപുഴയ്ക്കും ഒപ്പം ഇടുക്കിയും തൊടുപുഴയും പൂര്‍വ്വാധികം ശക്തിയോടെ ഒപ്പം നില്‍ക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഡീനിന് അനുകൂലമാകും.പ്രളയം സാരമായി ബാധിച്ച ഹൈറേഞ്ച് മേഖലകളില്‍ സര്‍ക്കാരിനെതിരേയുള്ള വാദങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ നേടാന്‍ കൂടി കഴിഞ്ഞാല്‍ വിജയം ഉറപ്പിക്കാനുമാകും.

2014 ല്‍ 50,542 എന്ന വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു ജോയ്‌സിന്റെ വിജയം. മൂവാറ്റുപുഴയും കോതമംഗലവും തൊടുപുഴയും മറുഭാഗത്ത് നിന്നപ്പോള്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി മണ്ഡലങ്ങളില്‍ ഇടതിനൊപ്പം നിന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയും തൊടുപുഴയും ഒഴിച്ച് ബാക്കി അഞ്ചു മണ്ഡലങ്ങളിലും ഇടതിന് വിജയിക്കാനായി. ഇത് നിലനിര്‍ത്താനായാല്‍ ജോയ്‌സിന് രണ്ടാമതൊരിക്കല്‍ കൂടി പാര്‍ലമെന്റില്‍ പോകാം. സിപിഎം സംഘടനസംവിധാനം ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന ജില്ലകളില്‍ ഒന്നാണ് ഇടുക്കി. ഇടുക്കി മണ്ഡലത്തിലൊഴിച്ചാല്‍ ബാക്കി ഹൈറേഞ്ച് ആകെ സിപിഎം ശക്തമാണ്. പഴയ സ്വാധീനമില്ലെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയും ജോയ്‌സിന് ഗുണം ചെയ്യും. എം പി എന്ന നിലയില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും അനുകൂലഘടകമാണ്. കൂടാതെ, ഈ പഴയ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരന് ആ പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ തവണ കിട്ടയതുപോലെയുള്ള പിന്തുണ ഇത്തവണയും കിട്ടാന്‍ സാധ്യത കൂടുതലാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടം ഇത്തവണ ഉണ്ടാകില്ലെന്നൊക്കെയാണ് പറയുന്നതെങ്കിലും എ, ഐ പോര് അങ്ങനെയങ്ങ് നിലയ്ക്കില്ലെന്നാണ് ഇടുക്കിയില്‍ നിന്നും കിട്ടുന്ന വിവരം. കോണ്‍ഗ്രസ് വോട്ടുകള്‍ തന്നെ ചോര്‍ന്നാല്‍ അതുണ്ടാക്കുന്ന തിരിച്ചടി എത്രയാണെന്നു ഡീനിന് കഴിഞ്ഞ തവണ മനസിലായതുമാണ്.

ശബരിമല പ്രശ്‌നം അത്ര കണ്ട് ഏശില്ലാത്ത മണ്ഡലമാണ് ഇടുക്കി. എന്നാലും ഈഴവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമെന്ന നിലയില്‍ ബിഡിജെഎസിന്റെ ബിജു കൃഷ്ണന്‍ പിടിക്കുന്ന വോട്ടുകളും എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ സാബു വര്‍ഗീസ് 50,438 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ഈ വോട്ട് കൂടുമെന്നതില്‍ സംശയമില്ല. അങ്ങനെയാണെങ്കില്‍ നഷ്ടം ജോയ്‌സിനും ഡീനിനും ഒരുപോലെയാണ്.

ഇത്തരത്തില്‍ പല പല സാധ്യതകള്‍ പറയാമെന്നല്ലാതെ, ഇത്തവണ ഇടുക്കിയില്‍ ആരു വീഴും ആര് നേടുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമെ പറയാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.

This post was last modified on April 20, 2019 6:10 pm