X

പിണറായി വിജയൻ അച്യുതമേനോനു ശേഷം കേരളം കണ്ട മികച്ച മുഖ്യമന്ത്രി -സി പി സുഗതന്‍

'മുഖ്യമന്ത്രി അങ്ങനെ തരംതാണ പരിപാടികള്‍ കാണിക്കുന്നയാളൊന്നുമല്ല. അദ്ദേഹം എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനെ ഭീഷണിപ്പെടുത്തിയിട്ട് ഒരുകാര്യം ചെയ്യിക്കുമെന്ന് പറഞ്ഞാല്‍ അത് പറയുന്നവര്‍ ശുദ്ധഭോഷ്‌ക്കനാണ്.'

പിണറായി കേരളത്തിന്റെ മികച്ച മുഖ്യമന്ത്രിയാണെന്ന് ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. അച്യുതമേനോന്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും സുഗതന്‍ അഭിപ്രായപ്പെട്ടു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്നെ മാറ്റിച്ചിന്തിപ്പിച്ചതില്‍ മുഖ്യമന്ത്രിക്ക് വലിയ പങ്കുണ്ട്. അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സുഗതന്റെ വാക്കുകള്‍ ഇങ്ങനെ: ‘മുഖ്യമന്ത്രി, കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഉടന്‍ തന്നെ കാര്യങ്ങള്‍ പിടികിട്ടി. തുടര്‍ന്ന് എല്ലാവരുമായും ചര്‍ച്ച ചെയ്ത് അദ്ദേഹം നിലപാടെടുത്തു. സുപ്രീംകോടതി വിധി ഒരു സര്‍ക്കാരിന് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അത് ബിജെപിയായാലും മോദിയായാലും എല്ലാവര്‍ക്കും അതറിയാവുന്നതണ്. വിധി നടപ്പിലാക്കാനുള്ള ചുമതല തങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. പക്ഷെ ഞങ്ങളായിട്ട് ആക്ടിവിസ്റ്റുകളെ അവിടെ കൊണ്ടുപോവില്ല എന്ന് പറഞ്ഞപ്പോള്‍ അവിടെ സാഹചര്യങ്ങള്‍ ക്ലിയര്‍ ആയി. അതിന് ശേഷം ആ നിലപാടില്‍ സിപിഎമ്മും എല്ലാം ഉറച്ച് നില്‍ക്കുകയാണ്. സിപിഎം കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്, അവര്‍ക്ക് ശക്തിയുമുണ്ട്. അവര്‍ ഒരു നിമിഷം വിചാരിച്ചാല്‍ നൂറ് സ്ത്രീകള്‍ അവിടെ കയറുമല്ലോ? പക്ഷെ അവര്‍ എത്ര സംയമനത്തോടുകൂടിയാണ് ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. അവര്‍ വിചാരിച്ചാല്‍ മതി അവിടെ യുവതികള്‍ക്ക് കയറാന്‍. അത് സി.പി സുഗതനോ ബിജെപിക്കോ ആര്‍ക്കും തടയാനാവില്ല. ഡിവൈഎഫ് ഐയുടെ ഒരു ജില്ലാ ഘടകം തീരുമാനിച്ചാല്‍ യുവതികള്‍ അവിടെ കയറും. അപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രി എത്ര മനോഹരമായിട്ടാണ് അക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിധി വന്നതിന് ശേഷം അവരുടെ ഭാഗത്തു നിന്ന് രാഷ്ട്രീയപരമായൊന്നും അവര്‍ ചെയ്യുന്നില്ല. അവരുടെ വിശ്വാസം അങ്ങനെയെങ്കില്‍ ഞങ്ങളുടെ വിശ്വാസം ഇങ്ങനെ. അങ്ങനെയാണ് ഞങ്ങള്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നത്. നേരത്തെ യുവതികളെ തടയും എന്നതായിരുന്നു ഞങ്ങളുടെ നിലപാടെങ്കില്‍ ഇപ്പോള്‍ തടയില്ല എന്ന് നയത്തില്‍ മാറ്റം വരുത്തി. സര്‍ക്കാരിന്റെ നയത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്. സുപ്രീംകോടതി വിധി എന്താണോ അതനുസരിച്ച് നില്‍ക്കുക എന്ന തരത്തില്‍ ഹിന്ദുപാര്‍ലമെന്റ് നയം പരിഷ്‌കരിച്ചു.’

‘ഇത്രയും പുരോഗമനപരമായിട്ടുള്ള നടപടി മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുകയാണ്. പ്രളയകാലത്തൊക്കെ എന്തുമാത്രം നല്ല കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷം ഒരു വാക്ക് അധികമായിട്ട് പറഞ്ഞിട്ടുണ്ടോ? അദ്ദേഹത്തിന്റെ രാഷ്ട്രീയമെനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലായിരിക്കാം. ഒരുപക്ഷേ ആ രാഷ്ട്രീയക്കാരനല്ലായിരിക്കാം ഞാന്‍. പക്ഷെയെങ്കില്‍ അച്യുതമേനോന് ശേഷം കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തെ നമുക്ക് കുറ്റംപറയാനാവില്ല. നവോത്ഥാന യോഗം വിളിച്ചുവരുത്തിയതില്‍ അദ്ദേഹത്തിന് ദുരുദ്ദേശമൊന്നും ഉണ്ടായിരിക്കില്ല. ദുരുദ്ദേശമുണ്ടെന്നുണ്ടെങ്കില്‍ അത് അപ്പോള്‍ പറയാം. പക്ഷെ ഇപ്പോള്‍ എനിക്ക് പറയാനുള്ളത് അദ്ദേഹം നവോത്ഥാന മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ വേണ്ടി ആത്മാര്‍ഥമായി, മുഖ്യമന്ത്രി എന്ന നിലയിലാണ് വിളിച്ചത്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിത്തതാണെന്ന് ആരോപണത്തിനോട് പ്രതികരിച്ചപ്പോഴും അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ മറന്നില്ല. ‘മുഖ്യമന്ത്രി എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് നിലപാട് മാറ്റിച്ചതെന്ന് പറയുന്നു. എന്നെ ഭീഷണിപ്പെടുത്താനുള്ള ഒരു വകുപ്പും ഇല്ലല്ലോ. പിന്നെ, മുഖ്യമന്ത്രി അങ്ങനെ തരംതാണ പരിപാടികള്‍ കാണിക്കുന്നയാളൊന്നുമല്ല. അദ്ദേഹം എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനെ ഭീഷണിപ്പെടുത്തിയിട്ട് ഒരുകാര്യം ചെയ്യിക്കുമെന്ന് പറഞ്ഞാല്‍ അത് പറയുന്നവര്‍ ശുദ്ധഭോഷ്‌ക്കനാണ്. ‘

സി പി സുഗതനുമായുള്ള വിശദമായ അഭിമുഖത്തിന്റെ പൂര്‍ണ രൂപം: ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on December 5, 2018 8:01 am