X

മരിക്കേണ്ടി വന്നാലും വിശ്വാസത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യാക്കോബായ സഭ, പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ്‌ വിഭാഗം; ഇന്ന് സുന്നഹദോസ്

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് പിറവം വലിയ പള്ളിയില്‍ എപിസ്‌കോപ്പല്‍ സുനഹദോസ്

പിറവം പള്ളിയില്‍ നടന്ന സംഭവങ്ങള്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമല്ലായിരുന്നു എന്ന് ഓര്‍ത്തഡോക്‌സ് സഭ. പൊതുസമൂഹത്തിന്റെയും നീതിന്യായ കോടതികളുടേയും കണ്ണില്‍ പൊടിയിടാനുള്ള കേവലം പ്രഹസനമായിരുന്നു ഇന്നലത്തേതെന്നും ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാര്‍ തോമസ് അത്താനാസിയോസ് പത്രക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പള്ളി വിട്ടുകൊടുക്കാനാവില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യാക്കോബായ സഭ. ഇന്ന് സുന്നഹദോസ് ചേരുമെന്നും ശ്രേഷ്ഠ കത്തോലിക്കാ ബാവ അറിയിച്ചു.

സുപ്രീം കോടതി വിധിയും ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണും ഉണ്ടായിരിക്കെ പോലീസ് സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തി കോടതിവിധി നടപ്പിലാക്കാനുള്ള ആത്മാര്‍ഥശ്രമം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നാണ് ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാര്‍ തോമസ് അത്താനാസിയോസ് പറയുന്നത്. ഇത് അത്യന്തം ദു:ഖകരമാണ്. കേവലം ചെറിയൊരു ജനവിഭാഗം മാത്രമാണ് അവിടെയുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്നവര്‍ പലരും ഇടവകയുടെ പുറത്തുനിന്ന് വന്നവരാണ്. കോടതിവിധി നടപ്പാക്കുവാന്‍ എല്ലാ സാഹചര്യമുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പോലീസിന്റെ നിര്‍ദ്ദേശം പൂര്‍ണമായും അംഗീകരിക്കുകയും പ്രകോപനം ഉണ്ടാക്കാതെ സഹകരിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍നടപടികളിലൂടെ സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്തമാണ്. കോടതിവിധി നടപ്പാക്കുക എന്നതിനപ്പുറം അതിലെ ന്യായാന്യായങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൂര്‍വ പിതാക്കന്‍മാര്‍ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാതോലിക്കാ ബാവ വ്യക്തമാക്കി. പിറവം പള്ളി വിഷയത്തില്‍ കോടതിയലക്ഷ്യം ഇല്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയ്യാറാണ്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകുന്നില്ല. മരിക്കേണ്ടി വന്നാലും വിശ്വാസത്തില്‍ നിന്ന് പിന്‍മാറില്ല. പള്ളിയില്‍ പോലീസ് വന്ന സാഹചര്യം ഏതെന്ന് വ്യക്തമല്ല. എന്നാല്‍ സാഹചര്യം മനസ്സിലാക്കി പോലീസ് പിന്‍വാങ്ങി. പ്രാര്‍ഥനാ യജ്ഞം അനിശ്ചിതകാലത്തേക്ക് തുടരുന്നതിനാണ് തീരുമാനം.

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് പിറവം വലിയ പള്ളിയില്‍ എപിസ്‌കോപ്പല്‍ സുനഹദോസ് ചേരും. മറ്റു പള്ളികളുടെ വിഷയങ്ങളും സുനഹദോസില്‍ ചര്‍ച്ച ചെയ്യും. യാക്കോബായ വിശ്വാസികളും സഭയും ആത്മസംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. പോലീസിനെ പള്ളിയില്‍ ഇറക്കിയതിന്റെ ചെലവ് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് ഈടാക്കണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

പിറവത്ത് സംഘര്‍ഷാവസ്ഥ: ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍

This post was last modified on December 11, 2018 7:45 am