X

ബിപിസിഎൽ സംയോജിത റിഫൈനറി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി ബിപിസിഎല്ലിന്റെ 25,000 കോടി മുതൽമുടക്കി നിര്‍മിച്ച സംയോജിത റിഫൈനറി സമർപ്പണം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വെച്ചാണ് സമർപ്പണം നടന്നത്. റിഫൈനറിക്കു സമീപം തയാറാക്കിയ പ്രധാനവേദിയില്‍ വെച്ചാണ് ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സ് നാടിന് സമർപ്പിച്ചത്.

പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ വെച്ച് നടന്നു.

ഇനി പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം തൃശൂരിലേക്ക് തിരിക്കും. കുട്ടനെല്ലൂരിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം തേക്കിൻകാട് മൈതാനിയിലെത്തും. 4.15ന് യുവമോർച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം 5.45 നു മടങ്ങും.

വിമാനത്തിന് യന്ത്രത്തകരാർ സംങവിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര വൈകിയിരുന്നു. ഇതെത്തുടർന്ന് പ്രധാനമന്ത്രിക്ക് അദ്ദേഹത്തെ കുറച്ചുനേരം കാത്തിരിക്കേണ്ടതായി വന്നു. ഈ സമയത്ത് ബിപിസിഎല്ലിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോ സെഷനിൽ‌ പങ്കെടുക്കുകയാണുണ്ടായത്.

പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗവർണർ പി സദാശിവം, മന്ത്രി വിഎസ് സുനിൽകുമാർ, കൊച്ചി മേയർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.