X

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വകുപ്പ് മേധാവിയുടെ ആയുധ പൂജ; അധ്യാപകന് ആര്‍ എസ് എസ് ബന്ധം എന്നു വിദ്യാര്‍ത്ഥികള്‍

സര്‍ക്കാര്‍ കോളേജില്‍ പൂജ വെക്കുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്തെങ്കിലും ചടങ്ങുമായി മുന്നോട്ട് പോകുകയായിരുന്നെന്ന് ഡിപ്പാര്‍ട്‌മെന്റിലെ ഒരു വിദ്യാര്‍ഥി പറഞ്ഞു

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വകുപ്പ് മേധാവി ബിന്ദുകുമാറിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങള്‍ പൂജ വെച്ച നടപടി വിവാദമാകുന്നു. വിദ്യാര്‍ഥികളെ മുഴുവന്‍ നിര്‍ബന്ധപൂര്‍വം ചടങ്ങില്‍ പങ്കെടുപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പൂജ അവധി തുടങ്ങിയ വെള്ളിയാഴ്ച വൈകുന്നേരം ഡിപ്പാര്‍ട്‌മെന്റിലെ മുഴുവന്‍ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ബിന്ദുകുമാര്‍ തന്നെയാണ് ചടങ്ങിന് നേതൃത്വം നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കൂടാതെ പ്രസാദം നല്‍കാനും വകുപ്പ് മേധാവി മറന്നില്ല. പൂജ വെച്ചത് ശ്രീവത്സന്‍ എന്ന മറ്റൊരു അധ്യാപകനാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. 10 പേരോളം വരുന്ന മറ്റു അധ്യാപകരും സജീവമായി ചടങ്ങില്‍ പങ്കെടുത്തു. ഒരുമാസം മുമ്പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സ്ഥലം മാറിവന്ന ബിന്ദുകുമാറും മറ്റു ചില അധ്യാപകരും ചേര്‍ന്നാണ് പൂജ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ കോളേജില്‍ പൂജ വെക്കുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്തെങ്കിലും അദ്ദേഹം ചടങ്ങുമായി മുന്നോട്ട് പോകുകയായിരുന്നെന്ന് ഡിപ്പാര്‍ട്‌മെന്റിലെ ഒരു വിദ്യാര്‍ഥി പറഞ്ഞു.

വാക്കുകളിലേക്ക്
‘സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് പോലുള്ളൊരു സ്ഥാപനത്തില്‍ ഏതെങ്കിലും മതപരമായ ചടങ്ങു നടത്തുന്നതിന് വിലക്കുണ്ടായിട്ടും ഇത്തരത്തില്‍ കോളേജിലെ മതേതരത്വം തകര്‍ക്കുന്ന നടപടി സ്വീകരിച്ച വകുപ്പ് മേധാവിക്കെതിരെ നടപടി സ്വീകരിക്കണം. ഇതര മതസ്ഥരായ വിദ്യാര്‍ഥികളെ പോലും നിര്‍ബന്ധപൂര്‍വം ചടങ്ങില്‍ പങ്കെടുപ്പിച്ചത് എങ്ങനെ ന്യായീകരിക്കാനാവും. ബിന്ദുകുമാര്‍ എന്ന അദ്ധ്യാപകന് ആര്‍ എസ് എസുമായി ബന്ധമുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്രക്ക് വര്‍ഗീയപരമായ നിലപ്പാടാണ് പലപ്പോഴും അദ്ദേഹം സ്വീകരിക്കാറുള്ളത്. തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കേവലം ഒരു മാസം മുമ്പ് മാത്രമാണ് അദ്ദേഹം ഇടുക്കിയില്‍ എത്തിയത്. എന്നിട്ടും ഒരു കൂസലുമില്ലാതെയാണ് ഇത്തരത്തില്‍ ഒരു പരിപാടിയോ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. സത്യത്തില്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം. പ്രത്യക്ഷത്തില്‍ പ്രതികരിച്ചാല്‍ കഴിഞ്ഞ വര്ഷം പുറത്തായ 12 കുട്ടികളുടെ അവസ്ഥവരുമോ എന്ന് പലരും സത്യത്തില്‍ ഭയപ്പെടുന്നുണ്ട്. ഇവിടുത്തെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം പുലര്‍ത്തുന്നവരല്ല. അതുകൊണ്ട് തന്നെ പ്രതികാര നടപടി എപ്പോ വേണേലും പ്രതീക്ഷിക്കാം’

അടുത്ത പ്രവര്‍ത്തി ദിവസത്തില്‍ വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി എഴുതിനല്‍കുമെന്നു ക്യാമ്പസിലെ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറഞ്ഞു. മെക്കാനിക്കല്‍ വകുപ്പ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുന്നതു വരെ സമരവുമായി മുന്നോട് പോകുമെന്നാണ് അവരുടെ പക്ഷം.

 

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on October 1, 2017 2:13 pm