X

നിരപരാധികളെന്ന് തെളിഞ്ഞു: ലഷ്കർ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെയും യുവതിയെയും വിട്ടയച്ചു

ശനിയാഴ്ച പിടിയിലായതു മുതൽ ഞായറാഴ്ച വൈകീട്ടു വരെ ഇരുവരെയും അന്വേഷണ ഏജന്‍സികൾ ചോദ്യം ചെയ്യുകയായിരുന്നു.

തീവ്രവാദബന്ധം സംശയിച്ച് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി റഹീം അബ്ദുൾ ഖാദറിനെയും സുൽത്താൻ ബത്തേരി സ്വദേശിനിയെയും വിട്ടയച്ചതായി റിപ്പോർട്ട്. എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇരുവരെയും ചോദ്യം ചെയ്തു. എന്നാൽ തീവ്രവാദ ബന്ധമുണ്ടെന്ന് ഇവർക്ക് കണ്ടെത്താനായില്ല.

ശനിയാഴ്ച പിടിയിലായതു മുതൽ ഞായറാഴ്ച വൈകീട്ടു വരെ ഇരുവരെയും അന്വേഷണ ഏജന്‍സികൾ ചോദ്യം ചെയ്യുകയായിരുന്നു. കോടതിയിൽ മറ്റൊരു കേസിൽ ഹാജരാകാനെത്തിയപ്പോഴാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്. എന്‍.ഐ.എക്ക് പുറമെ ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തിരുന്നു. വ്യക്തി വൈരാഗ്യം മൂലം യുവാവിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാകാമെന്ന് ബന്ധുക്കൾക്ക് സംശയമുള്ളതായി മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

വാർത്താ ഏജൻസിയായ എഎൻഐ അടക്കമുള്ളവർ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ബഹറൈനിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് അബ്ദുൾ ഖാദർ റഹീം കൊച്ചിയിലെത്തിയതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. കേരളത്തിനെതിരായ പ്രചാരണത്തിന് ഒരു വിഭാഗമാളുകൾ ഈ റിപ്പോർട്ടുകളെ വ്യാപകമായി ഉപയോഗപ്പെടുത്തുകയുമുണ്ടായി.

മലയാളി ഉൾപ്പെടുന്ന ആറംഗ സംഘം ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിലേക്ക് കടന്നെന്ന റിപ്പോർട്ട് രണ്ടുദിവസം മുമ്പ് വന്നിരുന്നു. ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ട്. ഈ ഭീകര സംഘത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് പൊലീസ് അബ്ദുൾ ഖാദർ റഹീമിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളിലുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മടവന സ്വദേശിയാണ് അബ്ദുൾ ഖാദർ. ശ്രീലങ്കയിൽ നിന്നെത്തിയവർ കോയമ്പത്തൂർ അടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ചിരുന്ന വിവരം. കേരളത്തിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെല്ലാം പ്രത്യേക ജാഗ്രത ഏർപ്പാടാക്കിയിട്ടുണ്ട്. നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി ഇവരെത്തുമെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. 1500 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി വിന്യസിക്കുകയുമുണ്ടായി.