X

എ ഗ്രേഡ് നേടിയത് 2 പേർ മാത്രം; സി കാറ്റഗറിയിൽ 5 പേർ: ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവർത്തനം വിലയിരുത്താൻ രാഹുലിന്റെ രഹസ്യ സർവ്വേ

കേരളത്തിലെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ്സ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ രഹസ്യ സർവ്വേയിൽ ഉയർന്ന യോഗ്യത നേടിയത് രണ്ടുപേർ മാത്രം. കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. ടി സിദ്ധീഖ്, പാലക്കാട്ടെ വികെ ശ്രീകണ്ഠൻ എന്നിവരാണ് മികച്ച പ്രവർത്തനം നടത്തിയതായി രഹസ്യ സർവ്വേ കണ്ടെത്തിയത്. ഇവരെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി.

മോശം പ്രകടനം കാഴ്ച വെച്ചത് അഞ്ച് പേരാണ്. ടിഎൻ പ്രതാപൻ (തൃശ്ശൂർ), ബിന്ദു കൃഷ്ണ (കൊല്ലം), നെയ്യാറ്റിൻകര സനൽ (തിരുവനന്തപുരം), ഹക്കീം കുന്നേൽ (കാസറഗോഡ്), ഇബ്രാഹിംകുട്ടി കല്ലാർ (ഇടുക്കി) എന്നിവരുടെ പ്രവർത്തനങ്ങളാണ് തൃപ്തികരമല്ലെന്ന് രഹസ്യ സർവ്വേ വിലയിരുത്തിയത്. സി കാറ്റഗറിയിലാണ് സർവ്വേ ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.

തരക്കേടില്ലാത്ത പ്രവർത്തനം നടത്തിയവരാണ് ബി കാറ്റഗറിയിൽ വന്നത്. മലപ്പുറത്തെ വിവി പ്രകാശ്, പത്തനംതിട്ടയിലെ ബാബു ജോർജ്, കോട്ടയത്തെ ജോഷി ഫിലിപ്പ്, ആലപ്പുഴയിലെ അഡ്വ. എം ലിജു, വയനാട്ടിലെ ഐസി ബാലകൃഷ്ണൻ എംഎൽഎ, വയനാട്ടിലെ സതീഷൻ പാച്ചേനി, എറണാകുളത്തെ ടിജെ വിനോദ് എന്നിവരാണ് ഈ കാറ്റഗറിയിൽ ഉൾപ്പെട്ടത്.

ടി സിദ്ധീഖിനെ ലോകസഭാ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത ഇതോടെ കൂടിയിരിക്കുകയാണ്. എംഐ ഷാനവാസിന്റെ നിര്യാണത്തോടെ ഒഴിവു വന്ന കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തേക്കും സിദ്ധീഖിനെ പരിഗണിക്കും. വികെ ശ്രീകണ്ഠനെ പാലക്കാട് ലോകസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും സാധ്യത വർധിച്ചു.

ടിഎൻ പ്രതാപൻ നേരത്തെ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ മികച്ച അഭിപ്രായം നേടിയിരുന്ന ഡിസിസി പ്രസിഡണ്ടാണ്. വിഎം സുധീരൻ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോൾ എ കാറ്റഗറിയിൽ വന്നയാളാണ്. എന്നാൽ ഇപ്പോൾ വിവിധ ഗ്രൂപ്പുകളുടെ നിസ്സഹകരണം നേരിടുകയാണ് അദ്ദേഹം. സ്ഥാനം രാജിവെക്കുകയാണെന്ന് പ്രതാപൻ അറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നിസ്സ. ബിന്ദു കൃഷ്ണയെ എഐസിസി സെക്രട്ടറിയാക്കി ഡിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മാറ്റാൻ ഇടയുണ്ട്.

This post was last modified on December 21, 2018 11:04 am