X

ശബരിമല: സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം ശ്രമിക്കില്ല, പ്രേമചന്ദ്രന്റെ ബില്ലിനെ അനുകൂലിക്കില്ല, ആചാരം സംരക്ഷിക്കണമെന്നും രാം മാധവ്‌

നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകില്ല.

ശബരിമലയിലെ യുവതീപ്രവേശനം തടയണം എന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് ബിജെപി നേതാക്കളായ രാം മാധവിന്റേയും മീനാക്ഷി ലേഖിയുടേയും പ്രസ്താവനകള്‍. പ്രേമചന്ദ്രന്റെ ബില്‍ മാധ്യമശ്രദ്ധ നേടാനുള്ള തന്ത്രം മാത്രമാണ് എന്നും സമഗ്രമായ ബില്ലാണ് വേണ്ടത് എന്നുമാണ് മീനാക്ഷി ലേഖി പറഞ്ഞത്. അതേസമയം നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകില്ല എന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ശബരിമല വിശ്വാസസംരക്ഷണത്തിന്റെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തില്‍ എന്തെല്ലാം ചെയ്യാനാകും എന്നതില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു. അതേസമയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സുപ്രീം കോടതിയെ പൂര്‍ണമായി മറികടന്ന് ഒരു നടപടി കേന്ദ്ര സര്‍ക്കാരിന് സ്വീകരിക്കാനാകില്ല. പക്ഷേ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. കേരളത്തിലേത് മാത്രമല്ല, ഇന്ത്യയിലെങ്ങും ശബരിമല അയ്യപ്പന്റെ വിശ്വാസികളുണ്ട്. ഞാന്‍ വരുന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. അവിടെയും നിറയെ അയ്യപ്പ ഭക്തരുണ്ട്. ഇത് കണക്കിലെടുത്ത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും രാം മാധവ് വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു മറുപടി. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലില്‍ ഇപ്പോള്‍ തല്‍ക്കാലം നിലപാടെടുക്കാനാകില്ല. അതേസമയം ആചാരസംരക്ഷണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാം മാധവ് വ്യക്തമാക്കി.

This post was last modified on June 21, 2019 10:17 pm