X

കിഫ്ബിയെ മറയാക്കി കോടികളുടെ അഴിമതി; സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് അഴിമതി പുറത്തു വരുന്നത് ഭയന്ന്: രമേശ് ചെന്നിത്തല

തങ്ങളുടെ താൽപര്യക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടി ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതകളിൽ മാറ്റം വരുത്തിയെന്നും അദ്ദഹം ആരോപിച്ചു

കോട്ടയം ലൈൻസ് പദ്ധതി, കുന്നത്തുനാട് ലൈൻസ് പദ്ധതി എന്നിവയ്ക്കായി മാനദണ്ഡങ്ങൾ പാലിക്കാതെ വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ്ഗ്രിഡിൽ വലിയ അഴിമതി ന‍ടന്നിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹമായ ഇടപാടുകളാണ് ഈ പദ്ധതികളിൽ നടന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കെഎസ്ഇബി ഏതു പ്രവൃത്തി ടെൻഡർചെയ്യുമ്പോഴും ഇത് ബിഡബ്ല്യുഡിയുടെ നിരക്കുകൾക്ക് തുല്യമായാണ് നിശ്ചയിക്കാറുള്ളത്. എന്നാൽ ഈ നിരക്ക് പൂർണമായും ഉപേക്ഷിച്ച് ഈ രണ്ട് പദ്ധതിക്കും പ്രത്യേക റേറ്റ് നൽകിയിരിക്കുകയാണ്. പതിവിൽ നിന്നും ഭിന്നമായി കിഫ്ബി പദ്ധതിക്കു വേണ്ടി പ്രത്യേകം ഒരു ചീഫ് എൻജിനീയറെ കെഎസ്ഇബി നിയോഗിച്ചു. നോർത്തിലും സൗത്തിലും രണ്ട് ചീഫ് എൻജിനീയർമാർ നിലവിലുണ്ട്. അവരോടും ചര്‍ച്ച ചെയ്യാൻ സർക്കാര്‌ തയ്യാറായില്ല.

പ്രത്യേക റേറ്റുകളെന്ന പേരില്‍ പിഡബ്ല്യുഡിയുടേതിനെ അപേക്ഷിച്ച് 60 ശതമാനം ഉയർന്ന നിരക്കിലാണ് ഈ കരാറുകൾ നൽകിയിരിക്കുന്നത്. തങ്ങളുടെ താൽപര്യക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടി ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതകളിൽ മാറ്റം വരുത്തിയെന്നും അദ്ദഹം ആരോപിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് അനുവദിക്കാത്തത് അഴിമതി മറച്ചു വെക്കാനാണെന്ന ആരോപണമുയർത്തിയതിന്റെ പിന്നാലെയാണ് ചെന്നിത്തല പുതിയ ആരോപണവുമായി വരുന്നത്. സിഎജിക്ക് കിഫ്ബി ഓഡിറ്റ് നിഷേധിച്ച നടപടിയെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കാണിച്ചാണ് മന്ത്രി തോമസ് ഐസക് ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ടാണ് സിഎജിക്ക് ഓഡിറ്റ് അനുമതി നിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

This post was last modified on September 20, 2019 2:46 pm