X

ജൂലൈ 18, 19, 20 തിയ്യതികളിൽ കനത്ത മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

പൊതുജനങ്ങൾ ജാഗ്രത പാലിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ തയ്യാറെടുപ്പുകൾ നടത്താനുമാണ് ഈ ജാഗ്രതാനിർദ്ദേശം.

ജൂലൈ 18, 19, 20 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അധികൃതരുടെ അറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ‘റെഡ്,’ ‘ഓറഞ്ച്’ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പുണ്ട്.

റെഡ് അലർട്ടുകൾ

ജൂലൈ 18ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും, ജൂലൈ 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും, ജൂലൈ 20ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ‘അതിതീവ്ര’ മഴയാണ് പ്രവചിക്കപ്പെടുന്നത്. 204 മില്ലിമീറ്ററിൽ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ തയ്യാറെടുപ്പുകൾ നടത്താനുമാണ് ഈ ജാഗ്രതാനിർദ്ദേശം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നതിൽ ഈ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളടക്കമുള്ളവ ഉദ്യോഗസ്ഥർ സജ്ജമാക്കിയിരിക്കണം.

ഓറഞ്ച് അലർ‌ട്ടുകൾ

ജൂലൈ 17ന് ഇടുക്കി, ജൂലൈ 18ന് കോട്ടയം, ജൂലൈ 19ന് എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ, ജൂലൈ 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ എന്നിങ്ങനെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പെയ്യാനിട. 115 mm വരെയാണ് ശക്തമായ മഴ. 115 mm മുതൽ 204.5 mm വരെയാണ് അതിശക്തമായ മഴ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

യെല്ലോ അലർട്ട്

ജൂലൈ 16 – ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
ജൂലൈ 17 – കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.
ജൂലൈ 18 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂലൈ 19 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർഗോഡ്.
ജൂലൈ 20 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്.

താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാൻ സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും സംസ്ഥാന ദുരന്തനിവാരണ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം സർ‌ക്കാർ പുറത്തിറക്കിയിട്ടുണ്ട്. (ഈ ലിങ്കില്‍ ഭൂപടം കാണാം)

2018ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമലിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണമെന്ന് നിർദ്ദേശമുണ്ട്. ഉരുൾപൊട്ടം സാധ്യതയുള്ള മേഖലകളുടെ ഭൂപടം ദുരന്തനിവാരണ അതോരിറ്റി തയ്യാറാക്കിയിട്ടുണ്ട്. (ഈ ലിങ്കിൽ ഭൂപടം കാണാം)

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കേരളതീരത്തേക്ക് പടിഞ്ഞാറു നിന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ജൂലൈ 16 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുള്ളത്.

This post was last modified on July 16, 2019 7:00 pm