X

ശബരിമല; ചര്‍ച്ച പരാജയം, നിലയ്ക്കല്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി സ്ത്രീകളെ ഇറക്കി വിടുന്നു

റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കാതിരുന്നതോടെ സമായ ചര്‍ച്ചയില്‍ നിന്നും പന്തളം രാജകുടുംബവും ഹിന്ദു സംഘടനകളും ഇറങ്ങിപ്പോയി

തുലാമാസ പൂജയ്ക്ക് ശബരിമല നട ബുധനാഴ്ച തുറക്കാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കിയ സമവായ ചര്‍ച്ച പരാജയം. സുപ്രിം കോടതയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കണമെന്ന പന്തളം രാജകുടുംബത്തിന്റെയും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് സംഘടനകളുടെയും ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കാതിരുന്നതോടെയാണ് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

ഇന്ന് തന്നെ സുപ്രിം കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്നായിരുന്നു രാജകുടുംബം ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 19 ആം തീയതി ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചത്. ഇതോടെയാണ് യോഗം പൂര്‍ത്തിയാക്കാതെ തന്നെ രാജകുടുംബത്തിന്‍രെ പ്രതിനിധിയും മറ്റുള്ളവരും ചര്‍ച്ച അവസാനിപ്പിച്ച് പുറത്തേക്കിറങ്ങിയത്. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ പന്തളം രാജകുടുംബത്തിലെ പ്രതിനിധി, യോഗക്ഷേമസഭ പ്രതിനിധികള്‍, അയ്യപ്പ സേവ സമിതി, സേവ സംഘം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെന്നാണ് രാജകുടുംബ പ്രതിനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി ഉത്തരവിനെതിരേ റിവിഷന്‍ പെറ്റീഷന്‍ നല്‍കുക, സ്ത്രീ പ്രവേശനത്തിന്‍െ കാര്യത്തില്‍ സാവകാശം നേടുക എന്നീ ആവശ്യങ്ങളായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് പ്രധാനമായും ദേവസ്വം ബോര്‍ഡിനോട് ആവിശ്യപ്പെടാനുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഉടനടിയൊരു മറുപടി പറയാന്‍ തയ്യാറാകാതിരുന്ന ബോര്‍ഡ് 19 ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന അഭിപ്രായം അംഗീകരിക്കാതെയാണ് മറ്റുള്ളവര്‍ ചര്‍ച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോന്നത്.

അതേ സമയം നിലയ്ക്കലില്‍ ഇപ്പോള്‍ അയ്യപ്പഭക്തര്‍ എത്തുന്ന വാഹനങ്ങളും സ്വകാര്യവാഹനങ്ങളും അടക്കം പരിശോധിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തുന്നുണ്ടോ എന്നുള്ള പരിശോധന നടക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും രാജ കുടുംബ പ്രതിനിധി മാധ്യമപ്രവര്‍ത്തകര അറിയിച്ചു. സ്ത്രീ പ്രവേശനത്തിനെതിരേ നാമജപ പ്രതിഷേധം തുടരുക മാത്രമായിരിക്കും ചെയ്യുകയെന്നാണ് രാജകുടുംബ പ്രതിനിധി പറഞ്ഞത്. വിശ്വാസികളെ തടയുന്ന പ്രവര്‍ത്തികള്‍ക്ക് തങ്ങളില്ലെന്നു പന്തളം രാജകുടുംബം നിലപാട് അറിയിക്കുമ്പോഴും നിലയ്ക്കലില്‍ സത്രീകളുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന തുടരുകയാണ്. ശബരിമല സംരക്ഷണസമിതിയുടെ പേരിലാണ് പ്രതിഷേധക്കാര്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ തുടരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുന്നത്.

കോട്ടയത്തു നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥിനികളെയും പമ്പവഴി പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ട സംഭവവും ഉണ്ടായി. പമ്പയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനികള്‍. ഇവരെ കണ്ടതോടെ നിലയക്കലില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാവുകയും, പിന്നീട് ബലം പ്രയോഗിച്ച് ഇറക്കിവിടുകയുമായിരുന്നു. ഇപ്പോഴും യാത്രക്കാരെ പരിശോധിച്ചതിനു ശേഷം മാത്രമാണ് ഇതുവഴി ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ കടത്തിവിടുന്നത്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ വരെ അകത്ത് കയറിയാണ് യാത്രക്കാരായ പെണ്‍കുട്ടികളെ ഇറക്കിവിടുന്നത്. ആക്രോശിച്ച് കൊണ്ടാണ് പലപ്പോഴും പ്രതിഷേധക്കാര്‍ വാഹനങ്ങളെ സമീപിക്കുന്നത്. ഭയപ്പാടോടെയാണ് കുട്ടികളില്‍ പലരും ബസ് വിട്ട് ഇറങ്ങിയത്. ഇന്ന് രാവിലെ മുതലാണ് ഒരു സംഘം സ്ത്രീകള്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും പരിശോധിക്കുകയും ചെയ്യാന്‍ ആരംഭിച്ചത്. യാത്രക്കാരെ ബോധവത്കരിക്കുകയാണ് എന്നായിരുന്നു ഇവരുടെ വാദം. പമ്പയിലെ സാഹചര്യം വിലയിരുത്തുന്നതിനായാണ് തങ്ങള്‍ എത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സന്നിധാനത്തേക്കയ്ക്ക് പോകുക എന്നതായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. സംഘര്‍ഷവും പ്രതിഷേധവും കടുത്തതോടെ ഇവരെ പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. വിദ്യാര്‍ഥികള്‍ മടങ്ങിപ്പോയതാണ് റിപ്പോര്‍ട്ടുകള്‍.

തുലാമാസ പുജകള്‍ക്കായി നാളെ നട തുറക്കാനിരിക്കെയാണ് ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. വാഹനങ്ങള്‍ പരിശോധിച്ച് സ്ത്രീകള്‍ പമ്പയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം. അതേസമയം, സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനിതാ ഭക്തര്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ നിലയക്കലിലും പമ്പയിലും വനിതാ പൊലീസ് സംഘത്തെ സര്‍ക്കാര്‍ സജ്ജരാക്കിയിട്ടുണ്ടെങ്കിലും മതിയായ പൊലീസുകാര്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇവിടെയില്ലെന്നാണ് പറയുന്നത്. പ്രതിഷേധം കൂടുതല്‍ രൂക്ഷമായാല്‍ കൂടുതല്‍ പൊലീസ് സംഘം എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയോടെയാണ് പൊലീസും സര്‍ക്കാരും ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങാനാണ് സാധ്യത. പ്രത്യേക സുരക്ഷ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രത്യേക പെട്രോളിംങ്ങ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ തടയുന്നതടക്കം നിയമ കയ്യിലെടുക്കുന്ന തരത്തിലേക്ക് നീങ്ങിയാല്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം ഭക്ത ജനങ്ങളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്‍ വിശ്വാസികള്‍ പോയി ശാന്തമായി തിരിച്ചു വരികയാണ് പതിവ്. അതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് വിരുദ്ധമായി കാര്യങ്ങള്‍ ഉണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

രാവിലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നു തന്നെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. വിധിയെ മറികടക്കാന്‍ ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിനും സര്‍ക്കാരില്ലെന്നും റിവ്യൂ ഹര്‍ജി പോവാന്‍ ഉദ്ദേശമില്ലെന്നും കോടതി എന്ത് പറയുന്നോ അത് നടപ്പാക്കുമെന്നും നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചിരുന്നു.

റിവ്യു ഹര്‍ജി നല്‍കണോ എന്നത് ദേവസ്വം ബോര്‍ഡിന്റെ തീരുമനമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം ഒരുക്കിയിരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടായി അറിയിച്ചത്. സ്ത്രിയും പുരുഷനും തുല്യരാണ് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എല്ലാ അവകാശവും സ്ത്രിക്കുണ്ട്. ഹിന്ദു ധര്‍മ്മശാസ്ത്ര പണ്ഡിതരുടെ ഒരു കമ്മീഷന്‍ വച്ച് സ്ത്രീപ്രവേശന വിഷയത്തില്‍ അഭിപ്രായം തേടണം എന്ന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെ പിന്തുണച്ച് ഒരു നിയമനിര്‍മ്മാണത്തിന് ഇല്ല എന്നും വ്യക്തമാക്കിയതാണ്. സ്ത്രീകള്‍ ശബരിമലയില്‍ അവിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കെ 1991ല്‍ ഇതു നിരോധിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്. ഇത്രകാലം സര്‍ക്കാര്‍ അതു പാലിച്ചു. സുപ്രിംകോടതി വിധി തിരുത്തിയിരിക്കുന്നു. ഇപ്പോള്‍ ആ ഉത്തരവും സര്‍ക്കാര്‍ പാലിക്കും.

This post was last modified on October 16, 2018 8:31 pm