X

ശബരിമല അക്രമം: 150പേരുടെ ഫോട്ടോ ആല്‍ബം പുറത്ത് വിട്ട് പോലീസ്; എല്ലാവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ

ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ എത്തിയ 7200 തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ഥ ഭക്തരെന്നും ബാക്കിയുള്ളവര്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അഞ്ച്, ആറ് തീയതികളില്‍ ശബരിമല അക്രമത്തില്‍ 150 പേരുടെ ഫോട്ടോ ആല്‍ബം തയ്യാറാക്കി പോലീസ്. ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞതുള്‍പ്പെടെയുള്ള കേസുകളില്‍ പെട്ടവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഏഴ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഫോട്ടോ ആല്‍ബം കൈമാറി. ഫോട്ടോകളും വീഡിയോകളും പോലീസ് പരിശോധിച്ച് വരികയാണ്. അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് കൂടുതല്‍ പേരുടെ ലിസ്റ്റ് തയ്യാറാക്കും എന്ന് പോലീസ് പറയുന്നു.

സന്നിധാനത്ത് അക്രമം കാട്ടിയവരോട് വിട്ടുവീഴ്ചവേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ ശബരിമല സംഘര്‍ഷങ്ങളില്‍ അറസ്റ്റ് തുടരാനാണ് പോലീസ് തീരുമാനം. ജാമ്യമില്ലാ വകുപ്പാണ് ഏവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

നിലയ്ക്കൽ സംഘര്‍ഷത്തില്‍ പോലീസ് നടപടിക്ക് വിധേയരായ 200 പേര്‍ ചിത്തിര ആട്ട വിശേഷങ്ങള്‍ക്കായി നടതുറന്ന ദിവസങ്ങളില്‍ വീണ്ടും ശബരിമലയില്‍ എത്തിയതായി പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ എത്തിയ 7200 തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ഥ ഭക്തരെന്നും ബാക്കിയുള്ളവര്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വീഡിയോ അടക്കമുള്ള തെളിവുകള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ ഫോട്ടോകള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇവരില്‍ ആരെങ്കിലും ശബരിമലയില്‍ എത്തിയാല്‍ കൃത്യമായി വിവരം രേഖപ്പെടുത്തുന്ന ഫേസ് ഡിറ്റക്ഷന്‍ സംവിധാനം ഇക്കുറി പോലീസ് ഉപയോഗിച്ചു. ഇതിലൂടെയാണ് മുമ്പ് കേസില്‍ ഉള്‍പ്പെട്ട 200 പേര്‍ വീണ്ടും ശബരിമലയില്‍ എത്തിയ കാര്യം സ്ഥിരീകരിച്ചത്.

This post was last modified on November 9, 2018 7:22 am

Related Post
Leave a Comment