X

അക്കാദമിയിലെ അധിനിവേശ കാമറ: സാറ ജോസഫ്, കെ.ആർ മീര, എം.എൻ കാരശ്ശേരി…

മാവോവാദ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ കേരള സാഹിത്യ അക്കാഡമി ക്യാമ്പസിനെ ഒത്തുചേരല്‍ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രമുഖര്‍ പ്രതികരിക്കുന്നു. (തയ്യാറാക്കിയത്- സുഫാദ് ഇ. മുണ്ടക്കൈ)

സാറാ ജോസഫ്
‘എലിയെ കൊല്ലാന്‍ ഇല്ലം ചുടുക എന്ന് പറയുന്ന പോലെയാണ് ഇത്. അക്കാദമി വെറും ഒരു പൊതു ഇടമല്ല, ഇതൊരു സാംസ്‌കാരിക ഇടമാണ്. ഒരു സാംസ്‌കാരിക ഇടം അതേപടി നിലനിര്‍ത്തേണ്ട ബാധ്യത അവിടെ പ്രവേശിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മറ്റാളുകള്‍ക്കും ഉണ്ട്. unwanted ആയിട്ടുള്ള ആളുകളെ അകത്ത് പ്രവേശിപ്പിക്കാതിരിക്കാന്‍ മറ്റെന്തെല്ലാം ഉപാധികളുണ്ട്. കാമറ വച്ചു കൊണ്ടാണോ തടയിടാന്‍ ശ്രമിക്കേണ്ടത്? വരുന്നവരും പോവുന്നവരുമൊക്കെ നിരീക്ഷിക്കപ്പെടേണ്ടവരാണ് എന്നാണോ അക്കാദമി വിചാരിക്കുന്നത്? അക്കാദമിയിലേക്ക് കടന്ന് ചെല്ലുമ്പോള്‍ നമ്മള്‍ നോട്ടപ്പുള്ളികളാണെന്ന ബോധം ഉണ്ടാവുന്നത് അത്ര നല്ലതല്ല. മനുഷ്യന്റെ പൊതു ഇടം ചുരുങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇത്. കാമറ വെക്കേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. പക്ഷേ, സാധാരണക്കാര്‍ വന്നിരിക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ല എന്നാണെങ്കില്‍ മറ്റൊന്നും ഞാന്‍ പറയുന്നില്ല. അക്കാദമി ഒരു സ്വതന്ത്ര ഇടമാണ്. ഒരു സാംസ്‌കാരിക ഇടമാണ്. അത് അതുപോലെ സ്വതന്ത്രവും സാംസ്‌കാരിക സമ്പന്നവുമാക്കി നിലനിര്‍ത്തുകയാണ് വേണ്ടത്. അവിടെ കാമറ വച്ച് എല്ലാവരും നിരീക്ഷിക്കപ്പെടേണ്ടവരാണ് എന്ന തോന്നല്‍ നല്ലതല്ല.

കെ ആര്‍ മീര
‘മിക്കവാറും എല്ലാ ഇടങ്ങളും കാമറയുടെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. കാമറയുടെ ഈ അധിനിവേശം വളരെ നിശ്ശബ്ദമായും സന്തോഷമായും സഹിച്ച ഒരു ജനതയാണ് നമ്മള്‍. നമ്മുടെ പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും എന്തിന് വീടുകളില്‍ പോലും കാമറ വരുന്നതിനെ സന്തോഷത്തോടെ സ്വീകരിച്ച നമ്മള്‍ അക്കാദമിയില്‍ കാമറ വരുമ്പോള്‍ മാത്രം എന്തിനാണ് ഇത്ര അസ്വസ്ഥരാവുന്നത്? അക്കാദമിയുടെ പുസ്തകങ്ങള്‍ സൂക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഇത് സാധാരണമായിക്കഴിഞ്ഞു. അക്കാദമിയില്‍ മാത്രം ഇത് പ്രത്യേകമായ സാംസ്‌കാരിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പോലും നാം കാമറയുടെ നിരീക്ഷണത്തിലാണ്. അത് മാത്രമല്ല, ഉപഗ്രഹ കാമറകള്‍ നമ്മെ നിരീക്ഷിക്കുന്നുണ്ട്. ഇത് നാം നമ്മെ പഠിപ്പിച്ചെടുത്ത ഒരു പ്രത്യേക മാനസികാവസ്ഥയുടെ തുടര്‍ച്ച മാത്രമാണ്. കാരണം ഒരുതരം അരക്ഷിതാവസ്ഥ നമ്മള്‍ എല്ലാ സ്ഥലത്തും വളര്‍ത്തിയെടുത്തു കഴിഞ്ഞു. ഇപ്പോള്‍ അത് ചില സ്ഥലത്ത് മാത്രം പാടില്ല എന്ന് പറയുന്നതില്‍ അര്‍ഥമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

എം എന്‍ കാരശ്ശേരി
അക്കാദമിയിലും പരിസരപ്രദേശങ്ങളിലും കാമറ വെക്കുക എന്ന് പറയുന്നത് തീര്‍ച്ചയായും ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. എന്നാല്‍ നിങ്ങളുടെ സ്വകാര്യത നോക്കേണ്ട സ്ഥലമല്ല ലൈബ്രറി. അവിടെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പുസ്തകശേഖരമുണ്ട്. അത് സംരക്ഷിക്കാന്‍ കാമറ വേണം എന്ന് സെക്രട്ടറി പറഞ്ഞാല്‍ അതിനെ എതിര്‍ക്കേണ്ടതില്ല. നേരെ മറിച്ച് മറ്റ് സ്ഥലങ്ങള്‍ അങ്ങനെയല്ല. അവിടെ വരുന്ന ആളുകളുടെ, ജോലിക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് ഉറപ്പ് വരുത്തേണ്ടത് അക്കാദമിയുടെ ഉത്തരവാദിത്തമാണ്. 

 

കൂടുതൽ വായനയ്ക്ക് 

ഇത് സാഹിത്യ അക്കാഡമിയോ അതോ ഡിഫന്‍സ് അക്കാഡമിയോ: അന്‍വര്‍ അലി

This post was last modified on January 9, 2015 5:27 pm