X

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസുകാരന് സംരക്ഷണ വലയം തീര്‍ക്കുന്ന കേരള പോലീസ്, മദ്യപിച്ച് സ്കൂട്ടറോടിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ചു കൊന്ന കുഞ്ഞുമോന്‍ എന്ന ദളിത്‌ യുവാവിനെ ഓര്‍മയുണ്ടോ?

ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസിന്റെ പേരിലുള്ള കുറ്റം മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ അപടകത്തില്‍ കൊലപ്പെടുത്തി എന്നതാണ്.

മദ്യലഹരിയില്‍ വാഹനമോടിച്ച് ആളപായത്തിന് ഇടവരുത്തിയ ശ്രീറാം വെങ്കട്ടരാമന്‍ ഐ.എ.എസിനെതിരെ ഏതെല്ലാം വകുപ്പുകള്‍ ചാര്‍ത്തപ്പെടുമെന്നും എന്തു ശിക്ഷയാകും ലഭിക്കുക എന്നുമുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലുമെല്ലാം സജീവമായിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ജീവനെടുത്ത അപകടം വരുത്തിവച്ചത് ശ്രീറാമല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്താണെന്നുമടക്കം വരുത്തിത്തീര്‍ക്കാന്‍ ആദ്യ ഘട്ടം മുതല്‍ പോലീസ് ശ്രമിച്ചിരുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടിക്രമങ്ങളില്‍ നിന്നും ശ്രീറാം രക്ഷപ്പെടുമോ എന്ന ചോദ്യവും നിലനിന്നിരുന്നു.

അപകടം നടന്ന് ഒന്‍പത് മണിക്കൂറിനു ശേഷം മാത്രമാണ് രക്തപരിശോധന നടന്നത് എന്ന വസ്തുതയും, ഔദ്യോഗിക പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യുന്നതടക്കമുള്ള നീക്കങ്ങള്‍ വൈകുന്നതും വിരല്‍ ചൂണ്ടുന്നത് ശ്രീറാമിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലേക്കാണെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് ശ്രീറാം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡീലക്‌സ് മുറിയില്‍ സുഹൃത്തുക്കളുടെ പരിചരണത്തില്‍ സുഖമായി കഴിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. റിമാന്‍ഡിലായിരുന്നിട്ടും സുഹൃത്തുക്കള്‍ക്കും അടുപ്പമുള്ളവര്‍ക്കുമൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി മുറിയില്‍ ചികിത്സയിലായിരുന്നു എന്ന വിവരം പുറത്തു വന്നതോടെ പ്രതിഷേധവും ഉണ്ടായി. ഒടുവില്‍  ശ്രീറാമിനെ പൂജപ്പുര ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റുകയായിരുന്നു. എഫ്.ഐ.ആര്‍ പുറത്തുവിടാതെയും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തും ശ്രീറാമിനു മുന്നില്‍ കണ്ണടയ്ക്കുന്ന പോലീസിനെതിരെ കടുത്ത ആരോപണങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നും തുടക്കം മുതല്‍ ഉയരുന്നുണ്ട്. ആദ്യ ഘട്ടം മുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും, കേസ് ദുര്‍ബലപ്പെടുത്താനും ശ്രമമുണ്ടെന്നും ആരോപണമുണ്ട്.

ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സ്വാധീനത്തില്‍ ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസിനെതിരായ കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസ് വീഴ്ച വരുത്തുന്നു എന്ന ആരോപണം ശക്തമാകുമ്പോള്‍, അതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു പേരുണ്ട്. മദ്യപിച്ച് വാഹനമോടിച്ചു എന്ന അതേ കുറ്റത്തിന്, ആളപായമൊന്നും വരുത്തിയില്ലെങ്കില്‍പ്പോലും പോലീസ് കസ്റ്റഡിയിലെടുത്തു ഭേദ്യം ചെയ്തു കൊന്നുകളഞ്ഞ കുഞ്ഞുമോന്‍ എന്ന ദളിത് യുവാവിന്റേതാണത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും അധികം ദൂരെയല്ലാത്ത കുണ്ടറയിലായിരുന്നു കുഞ്ഞുമോന്റെ ദാരുണാന്ത്യം. കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും സര്‍വീസില്‍ത്തന്നെയുണ്ട്. പോലീസ് രേഖകളില്‍ പക്ഷേ, ഹൃദയസ്തംഭനമാണ് കുഞ്ഞുമോന്റെ മരണകാരണം. എന്നാല്‍, നാട്ടുകാര്‍ക്കും കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മയ്ക്കും പറയാനുള്ളത് അസ്ഥി മരവിച്ചുപോകുന്ന ക്രൂരമര്‍ദ്ദനത്തിന്റെയും കൊലപാതകത്തിന്റെയും കഥകളാണ്.

മദ്യപിച്ച് സ്‌കൂട്ടറോടിച്ചു എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പെറ്റിക്കേസില്‍ പിഴയടച്ചില്ല എന്നതായിരുന്നു കുഞ്ഞുമോന്‍ ചെയ്ത കുറ്റകൃത്യം. ഇക്കാരണം കാണിച്ച് 2016 ഒക്ടോബര്‍ 22ന് രാത്രി ഒരു മണിയോടെയാണ് പെരിനാടുള്ള വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ നിയമസഹായത്തിനായി വക്കീലിനെയോ തൊട്ടടുത്ത് താമസിച്ചിരുന്ന കെ.പി.എം.എസ് പ്രവര്‍ത്തകനെയോ ബന്ധപ്പെടാന്‍ കുഞ്ഞുമോന്‍ ശ്രമിച്ചെങ്കിലും, അതിനു പോലും കുണ്ടറ പോലീസ് അനുവദിച്ചിരുന്നില്ല. പിഴയായി അടയ്‌ക്കേണ്ട മൂവായിരം രൂപ സംഘടിപ്പിച്ച് പിറ്റേന്ന് രാവിലെ തന്നെ താന്‍ സ്റ്റേഷനിലെത്തിയതായി ചെല്ലമ്മ പറയുന്നു. എന്നാല്‍, തുക വാങ്ങി വച്ച് ചെല്ലമ്മയെ വീട്ടിലേക്ക് തിരികെ അയയ്ക്കുകയും കുഞ്ഞുമോനെ ഉടനെ വിട്ടയയ്ക്കാമെന്ന് ഉറപ്പു നല്‍കുകയുമാണ് പോലീസുദ്യോഗസ്ഥര്‍ ചെയ്തത്. തിരികെ വീട്ടിലെത്തിയ ചെല്ലമ്മയ്ക്ക് അല്‍പസമയത്തിനകം പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍വിളി വന്നു. കുഞ്ഞുമോന് ദേഹാസ്വാസ്ഥ്യമാണെന്നും എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കണം എന്നുമായിരുന്നു നിര്‍ദ്ദേശം.

താലൂക്ക് ആശുപത്രിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്കും, അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മൃതപ്രായനായ കുഞ്ഞുമോനെയും കൊണ്ട് ചെല്ലമ്മ യാത്ര ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്നുമാണ് തന്റെ മകന് ക്രൂരമായ മര്‍ദ്ദനമേറ്റ വിവരം ചെല്ലമ്മ അറിയുന്നത്. ആന്തരികാവയവങ്ങള്‍ക്കടക്കം സാരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞുമോന്‍. തലയ്‌ക്കേറ്റ ക്ഷതവും കടുത്തതായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം, മെഡിക്കല്‍ കോളേജില്‍ വച്ചുതന്നെ കുഞ്ഞുമോന്‍ മരണപ്പെട്ടു. പിഴയായി ഒടുക്കിയ മൂവായിരം രൂപ തിരികെ നല്‍കി, ആംബുലന്‍സ് വിളിച്ചു കൊടുത്ത് കുഞ്ഞുമോനുമായി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട പോലീസ് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കിയതേയില്ലെന്ന് ചെല്ലമ്മ പറയുന്നു. കുഞ്ഞുമോന്റെ മരണകാരണം സ്‌ട്രോക്കാണെന്നും ഹൃദയസ്തംഭനമാണെന്നുമെല്ലാം വിശദീകരിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് കാര്യമായ നടപടികളൊന്നും നേരിടേണ്ടി വന്നതുമില്ല. ഒരു അര്‍ദ്ധരാത്രി വീട്ടില്‍ നിന്നും പോലീസ് പൂര്‍ണ ആരോഗ്യത്തോടുകൂടി പിടിച്ചുകൊണ്ടു പോയ തന്റെ മകന്‍, ദുരൂഹമായി കൊല്ലപ്പെട്ടതിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ചെല്ലമ്മ ഏറെ ആഗ്രഹിച്ചെങ്കിലും, ഫലമുണ്ടായില്ല. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം നടത്തിയെങ്കിലും, സമരക്കാര്‍ക്കെതിരെ കേസെടുക്കുകയല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായതേയില്ല. കുണ്ടറയിലെ കുഞ്ഞുമോന്റെ ഘാതകര്‍ നിയമത്തിന്റെ കണ്ണില്‍നിന്നുമകന്ന് ഇപ്പോഴും സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്നു.

കുഞ്ഞുമോന്റെ മരണം മാത്രമല്ല കേരള പൊലീസിന്റെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുന്നത്. ഏതാണ്ട് കുഞ്ഞുമോന്റെ അറസ്റ്റിനോട് അടുത്ത ദിവസങ്ങളില്‍ത്തന്നെയാണ് തലശ്ശേരിയില്‍ നിന്നും കാളിമുത്തു എന്ന ഇതരസംസ്ഥാനത്തൊഴിലാളിയെ മോഷണക്കുറ്റമാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ കാളിമുത്തുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇരുപത്തിനാലു മണിക്കൂറുകള്‍ക്കു ശേഷം കോടതിയിലേക്ക് എത്തിക്കുന്നതിനിടെ വഴിയില്‍ വച്ച് കാളിമുത്തു മരിച്ചു. പ്രതിഷേധിക്കാനോ തുടരന്വേഷണം ആവശ്യപ്പെടാനോ ആരുമില്ലാതിരുന്നതിനാല്‍ കാളിമുത്തു എങ്ങനെ മരിച്ചു എന്ന് ആരുമറിഞ്ഞില്ല. മുടി വളര്‍ത്തി എന്ന പേരില്‍ പോലീസ് മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ച വിനായകനും ദളിതനായിരുന്നു. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള വിനായകന്റെ ആത്മഹത്യ പിന്നീട് വലിയ ചര്‍ച്ചയായെങ്കിലും, വ്യവസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നു വേണം പറയാന്‍.

കുഞ്ഞുമോന്‍ ചെയ്ത തെറ്റ് മദ്യപിച്ച് സ്‌കൂട്ടറോടിച്ചു എന്നതായിരുന്നു. ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസിന്റെ പേരിലുള്ള കുറ്റം മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ അപടകത്തില്‍ കൊലപ്പെടുത്തി എന്നതാണ്. കുഞ്ഞുമോന്‍ എന്ന ദളിതനെ അര്‍ദ്ധരാത്രി വീട്ടില്‍ക്കയറിച്ചെന്ന് ബലമായി പിടിച്ച് സ്റ്റേഷനിലെത്തിക്കാനും പിന്നീട് തലയിലടക്കം മാരകമായി മര്‍ദ്ദനമേല്‍പ്പിച്ച് കൊലപ്പെടുത്താനും അറയ്ക്കാതിരുന്ന അതേ പോലീസ് സേനയാണ് ഇപ്പോള്‍ ശ്രീറാം എന്ന പേരിനൊപ്പമുള്ള ഐഎഎസ് എന്ന അക്ഷരങ്ങള്‍ക്കു മുന്നില്‍ തലകുനിച്ച് മാറി നില്‍ക്കുന്നത്. അധികാര ശ്രേണിയില്‍ ഏറ്റവും മേല്‍ത്തട്ടിലുള്ളവരുടെ സഹായം ശ്രീറാമിനു ലഭിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ നിയമനടപടികള്‍ വൈകുമ്പോള്‍, കുഞ്ഞുമോന്‍ അടക്കമുള്ളവരുടെ കഥകള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കേണ്ടത് ആവശ്യമാണ്.

Also Read: പുറത്ത് ജനമൈത്രിയും അകത്ത് ‘ഇടിയന്മാരു’മായ പോലീസ് ഭരിക്കുന്ന കേരളം; ഇനി എത്ര ജീവനുകള്‍ കൂടി വേണം

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author: