X

ജാതിവിദ്വേഷം വ്യാപിക്കുന്നു; കുട്ടികൾ പോലും പേരിനൊപ്പം ജാതിവാൽ ചേർക്കുന്നു: ടി പത്മനാഭൻ

സിബിസി വാര്യർ ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ച് സംസാരിക്കവെ രാജ്യത്ത് ജാതിപ്രശ്നങ്ങൾ വളരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

താൻ മരണപ്പെട്ടാൽ ചിതാഭസ്മം ഭാരതപ്പുഴയിലൊഴുക്കാനും കർമ്മങ്ങള്‍ ചെയ്യാനുമെല്ലാം ഒരു മുസൽമാനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് കഥാകാരൻ ടി പത്മനാഭൻ. തന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിലെ നദിയിലൊഴുക്കിയതും സമൂഹം കീഴ്ജാതിക്കാരെ വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സിബിസി വാര്യർ ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ച് സംസാരിക്കവെ രാജ്യത്ത് ജാതിപ്രശ്നങ്ങൾ വളരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

ഇന്ന് നാട് ഒരു തിരിച്ചുപോക്കിലാണെന്ന് പത്മനാഭൻ പറഞ്ഞു. മുംബൈയിൽ സഹപ്രവർത്തകരുടെ ജാത്യധിക്ഷേപം താങ്ങാനാകാതെ ഒരു ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ടൊന്നും ജാതിവിദ്വേഷം ഇത്ര ശക്തമായിരുന്നില്ല. പേരിന്റെ കൂടെ ജാതിവാൽ ചേർക്കുന്നത് അത്ര വ്യാപകമായിരുന്നില്ല. ഇപ്പോൾ കുട്ടികളെല്ലാം പേരിന്റെ കൂടെ ജാതി വെക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദികൾ രാഷ്ട്രീയക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരിക്കുന്നവരുടെ നയങ്ങളാണ് ഇതെല്ലാം പുതിയ തലമുറയിൽ അടിച്ചേൽപ്പിക്കുന്നത്.

തന്റെ മനസ്സിന് ഇപ്പോഴും യൗവനമാണെന്ന് തൊണ്ണൂറിലേക്ക് അടുക്കുന്ന ടി പത്മനാഭൻ പറഞ്ഞു. സ്വാതന്ത്ര്യസമരമൊക്കെ കളത്തിലിറങ്ങി കണ്ടയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും മന്ത്രി ജി സുധാകരനും ചേർന്നാണ് 50,000 രൂപയുടെ പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം പത്മനാഭനം നൽകിയത്. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ഉന്നതവിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്കൂളുകളുടെ മേധാവികൾക്കും ഉപഹാരം നൽകി.

This post was last modified on June 18, 2019 1:46 pm