X

കേരളം നേരിടാന്‍ പോകുന്ന മറ്റൊരു കലാവസ്ഥാ മാറ്റ ദുരന്തത്തിന്റെ സൂചനയോ തട്ടേക്കാട് കാട്ടുതീ?

ദേശാടന പക്ഷികള്‍ കൂടുതലായി എത്തുന്ന സമയമായതിനാല്‍ അവയും പക്ഷിസങ്കേതത്തിലെത്തുന്ന മറ്റു പക്ഷികളും തീയില്‍ അകപ്പെട്ടതായി സംശയം.

തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ അമ്പത് ഹെക്ടറോളം കാട് കത്തിയെരിഞ്ഞു. രണ്ട് ദിവസങ്ങളായി തുടര്‍ന്ന കാട്ടുതീയില്‍ സംരക്ഷിത വനത്തിന്റെ ഒരു ഭാഗം വെണ്ണീറായി. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഞായപ്പിള്ളി മുടി ഭാഗത്താണ് വന്‍കാട്ടുതീയുണ്ടായത്. അടിക്കാടുകളും വന്‍മരങ്ങളും കത്തിനശിച്ചു. അതീവ പാരിസ്ഥിതി പ്രാധാന്യമുള്ള വനപ്രദേശമാണ് ഞായിപ്പിള്ളി മുടിയും പരിസരവും. ദേശാടന പക്ഷികള്‍ കൂടുതലായി എത്തുന്ന സമയമായതിനാല്‍ അവയും പക്ഷിസങ്കേതത്തിലെത്തുന്ന മറ്റു പക്ഷികളും തീയില്‍ അകപ്പെട്ടതായി സംശയം.

ബുധനാഴ്ച സന്ധ്യയോടെയാണ് കാട്ടുതീ ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ അപ്പോഴേക്കും പല ഭാഗത്തേക്കും തീ വ്യാപിച്ചിരുന്നു. വിസ്തൃതമായ പ്രദേശത്തേക്ക് തീവ്യാപിച്ചതോടെ തീ അണക്കുക പ്രയാസമായി. വളരെചെറിയ വനമാണ് തട്ടേക്കാട്. 25.16 ചതുരശ്ര കിലോമീറ്ററാണ് തട്ടേക്കാട് വനമേഖല. ഇതില്‍ 9.8 ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലയാണ്. ബാക്കിയുള്ള വനമേഖലയ്ക്ക് നടുഭാഗത്തായുള്ള കീഴ്ക്കാംതൂക്കായ രണ്ട് മലകളില്‍ ഒന്നിന്റെ ചരുവിലാണ് തീപടര്‍ന്നത്. കാട്ടുതീ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തിയെങ്കിലും വന്യജീവികളെ കണ്ടതിനെ തുടര്‍ന്ന് മടങ്ങി. പിന്നീട് നാല്‍പ്പതോളം വനപാലകര്‍ കരിയിലകളും പുല്ലുകളും വകഞ്ഞ് മാറ്റി കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും ആദ്യ ദിവസം തീയണക്കാനായില്ല. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്. ശക്തമായി നിന്ന ചൂടുകാറ്റ് തീ ആളിപ്പടരുന്നതിന് കാരണമായി. ഞായിപ്പിള്ളി മുടിയുടെ താഴെഭാഗം ജനവാസ മേഖലയാണ്. ഇവിടേക്ക് തീപടര്‍ന്നാല്‍ വന്‍ദുരന്തമുണ്ടാവുന്നത് മുന്നില്‍ കണ്ട് വനപാലകര്‍ തീ പടരാതിരിക്കാനുള്ള നടപടികളാണ് പ്രധാനമായും സ്വീകരിച്ചത്.

തട്ടേക്കാട് ദേശാടനക്കിളികള്‍ കൂട്ടമായി എത്തുന്ന കാലമാണിത്. സ്വദേശീയരായ പക്ഷികളുടെ പ്രജനന കാലം ആരംഭിക്കുകയും ചെയ്തു. ചില പക്ഷികള്‍ പുല്ലുകള്‍ക്കും അടിക്കാടുകള്‍ക്കും ഇടയില്‍ കൂടുകൂട്ടി മുട്ടയിടുന്നതിനാല്‍ അവയ്ക്ക് ജീവഹാനി നേരിട്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. വന്യജീവികള്‍ കൂടുതലായി കാണപ്പെടുന്ന താഴ്‌വരയിലേക്ക് തീപടര്‍ന്നിട്ടില്ലാത്തതിനാല്‍ അവ തീയില്‍ പെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ തട്ടേക്കാട് മാത്രം കാണുന്ന ഇരുപത്തിനാല് ഇനം തവളകളും ഇഴജന്തുക്കളും തീയില്‍ വെന്തിരിക്കാനുള്ള സാധ്യത തട്ടേക്കാട് പക്ഷിസങ്കേതം ഡയറക്ടര്‍ ഡോ.സുഗതന്‍ ചൂണ്ടിക്കാട്ടുന്നു. ‘കാടിന് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല. വന്‍മരങ്ങളേക്കാള്‍ പ്രതലത്തിലുള്ള ചെടികളും പുല്ലുകളുമാണ് കൂടുതലും കത്തിനശിച്ചിരിക്കുന്നത്. നിലവിലെ പരിശോധനയില്‍ വന്യജീവികള്‍ തീയില്‍ പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.’ എന്ന് തട്ടേക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മണി സുദര്‍ശന്‍ പറഞ്ഞു. ഉണങ്ങിയ മരക്കുറ്റികളാണ് കൂടുതലും തീയില്‍ കത്തിയമര്‍ന്നതെന്ന് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജു പറയുന്നു. ‘മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനടുവില്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. മണില്‍ വാരിയെറിഞ്ഞും മരക്കമ്പ് കൊണ്ടും തല്ലിക്കെടുത്തുക എന്ന ഒരു മാര്‍ഗം മാത്രമേ വനംവകുപ്പിനുള്ളൂ. അതിനാല്‍ സമയം എടുക്കു. തീയണഞ്ഞാലും പുകഞ്ഞുകൊണ്ടിരിക്കാനും സാധ്യതയുണ്ട്.’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടിക്കാടുകള്‍ കത്തിനശിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നു. അടിക്കാടുകള്‍ ക്തതിനശിക്കുകയും കാട്ടുതീയുണ്ടാവുകയും ചെയ്ത മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും ഉണ്ടായത്. ഇത് ആപത്കരമായ സൂചനയാണെന്നും മാറിയ കാലാവസ്ഥയില്‍ കാട്ടുതീയുടെ പ്രഹരം അടിക്കടിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. നാല് വര്‍ഷം മുമ്പാണ് തട്ടേക്കാട് ഇതിന് മുമ്പ് കാട്ടുതീ ഉണ്ടാവുന്നത്. ഫയര്‍ലൈന്‍ വേര്‍തിരിച്ചിടുന്ന ജോലിക്കായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കാറുണ്ടെങ്കിലും അത് ചെയ്യാത്തതാണ് കാട്ടുതീയുണ്ടായാല്‍ അത് കൂടുതല്‍ പ്രദേശത്തേക്ക് പടരാന്‍ കാരണമാവുന്നതെന്നും ആക്ഷേപമുണ്ട്.

This post was last modified on February 16, 2019 5:01 pm