X

നിങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളാനൊരുങ്ങുന്ന സ്ഥലമാണിത്; കണ്ണു തുറന്നു കാണുക

ഓടുചുട്ടപടുക്കയില്‍ നിര്‍ദ്ദിഷ്ട പ്ലാന്റിനായി കണ്ടുവച്ചിരിക്കുന്ന ഏഴര ഏക്കര്‍ സ്വകാര്യ ഭൂമി ജനവാസ കേന്ദ്രമല്ലെന്നും റിസര്‍വ് വനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് പ്ലാന്റിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്

പാലോട് ഓടുചുട്ടപടുക്കയില്‍ ബയോ മെഡിക്കല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഇവിടുത്തെ ആദിവാസി കുടുംബങ്ങള്‍ സമരം നടത്തുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകരും കലാകാരന്മാരും നടത്തുന്ന സംഗമം ഈ മാസം 23ന് വൈകിട്ട് പാലോട് ജംഗ്ഷനില്‍ നടക്കും.

ഓടുചുട്ടപടുക്കയില്‍ നിര്‍ദ്ദിഷ്ട പ്ലാന്റിനായി കണ്ടുവച്ചിരിക്കുന്ന ഏഴര ഏക്കര്‍ സ്വകാര്യ ഭൂമി ജനവാസ കേന്ദ്രമല്ലെന്നും റിസര്‍വ് വനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നുമാണ് പ്ലാന്റിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇക്കഴിഞ്ഞമാസം അഴിമുഖം പ്രതിനിധി ഈ പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ നിന്നു തന്നെ ഈ വാദം തെറ്റാണെന്ന് നേരില്‍ കണ്ട് മനസിലായതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ഓടുചുട്ടപടുക്ക, പെരിങ്ങമല പഞ്ചായത്തിന്റെ ഭാഗമായ ഇലവുപാലം എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

താന്നിമൂട് എന്ന ആദിവാസി കോളനിയാണ് ഇതിന് തൊട്ടടുത്തുള്ള ജനവാസ കേന്ദ്രം. 65 കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്. ഇലവുപാലത്തേക്ക് ഏഴര കിലോമീറ്റര്‍ മാത്രമാണ് ഇവിടെ നിന്നും ദൂരം. ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസ കേന്ദ്രങ്ങളൊന്നും പാടില്ലെന്ന് ഉള്ളപ്പോഴാണ് ഇവിടെ തന്നെ ഈ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഏഴ് ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആശുപത്രി മാലിന്യങ്ങള്‍ എന്നുപറഞ്ഞാല്‍ സിറിഞ്ചുകള്‍ മുതല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മനുഷ്യ ശരീരത്തില്‍ നിന്നും മുറിച്ചു മാറ്റുന്ന ശരീരാവയവങ്ങള്‍ വരെയുണ്ടാകും. പ്ലാന്റ് പെരിങ്ങമല പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതത്തെയും അപൂര്‍വങ്ങളായ കണ്ടല്‍ സമ്പത്തുള്ള റിസര്‍വ് വനത്തിന്റെ സ്വാഭാവികതയെയും നശിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

എന്നാല്‍ വനമേഖലയിലല്ല നിര്‍ദ്ദിഷ്ട ഭൂമിയെന്നാണ് ഐഎംഎയുടെ വാദം. കൂടാതെ പ്ലാന്റ് യാതൊരു വിധത്തിലും വന സമ്പത്തിനെ നശിപ്പിക്കില്ലെന്നും ഇവര്‍ വാദിക്കുന്നു. സ്വകാര്യ ഭൂമിയാണെങ്കിലും റിസര്‍വ് വനത്തിന്റെ ഭാഗത്തോട് ചേര്‍ന്നാണ് ഈ ചതുപ്പ് നിലം കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഒരു മുഖ്യ ജലസ്രോതസും ഈ വനമാണ്. സഹ്യാദ്രിയിലൂടെ പാലക്കാട് നിന്നും ഒഴുകിയെത്തുന്ന ഭൂഗര്‍ഭ ജലത്തിന്റെ കേരളത്തിലെ ഏറ്റവും ഒടുവിലുത്തെ സ്രോതസാണ് ഈ വനമേഖല. ഇവിടെ വളരുന്ന മെരിസ്റ്റിക്ക സാമ്പ എന്ന കണ്ടല്‍ച്ചെടിയാണ് ഇരുമ്പ് അയിര് കലര്‍ന്ന ജലം ശുദ്ധീകരിച്ച് മൈലാമൂട്, ചിറ്റാര്‍ എന്നീ തോടുകളിലൂടെ വാമനപുരം നദിയില്‍ എത്തിച്ചേരുന്നത്.

വന്യജീവികളുടെ വാസസ്ഥലമല്ലെന്നാണ് ഐഎംഎയുടെ മറ്റൊരു വാദം. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കൊപ്പമുള്ളത് കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും പകര്‍ത്തിയ ചിത്രങ്ങളാണ്. ഇവിടെ വന്യജീവി വരില്ല എന്ന് പറയുന്നവര്‍ കണ്ണുതുറന്ന് കാണേണ്ട ചിത്രമാണ് ഇത്. ഇത് കൂടാതെ കഴിഞ്ഞവര്‍ഷം ആന പെറ്റുകിടന്നത് ഈ മേഖലയിലാണ്. ജൈവ വൈവിധ്യ മേഖലകളുടെ അനുപാതം കണക്കാക്കുമ്പോള്‍ 0.5 ഉണ്ടെങ്കിലും അത് പ്രത്യേകമായി സംരക്ഷിക്കേണ്ട മേഖലയാണ്. ഇവിടെ ഈ അനുപാതം 7.5 ആണ്. അതായത് ഒരുപാട് ശ്രദ്ധയോടെ സംരക്ഷിച്ചില്ലെങ്കില്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രദേശം നമുക്ക് നഷ്ടമാകും എന്നര്‍ത്ഥം. ചിത്രശലഭങ്ങള്‍, സസ്തനികള്‍, അപൂര്‍വയിനം മത്സ്യങ്ങള്‍ എന്നിവയുടെയും കലവറയാണ് ഇവിടം.

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

(ചിത്രത്തില്‍ കാണുന്നത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട്)

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on January 19, 2018 2:09 pm