X

മലദ്വാരമില്ലാതെ നാലര വർഷം; ഈ ആദിവാസിബാലന്റെ ദുരിതജീവിതത്തിന് ദാരിദ്ര്യവും ഒരു കാരണമാണ്

മകന്റെ ഓപ്പറേഷൻ എന്ന് ചെയ്യാൻ കഴിയുമെന്ന ആശങ്കയിലാണ് ഭഗവതിയും മുനിസ്വാമിയും. അയ്യപ്പദാസാകട്ടെ ഇപ്പോൾ ആരോടും കൂട്ടുകൂടാറില്ല

അഞ്ചാറു മാസം മുൻപ് വാതിൽപ്പടിയിൽ കാൽ തട്ടി വീണപ്പോള്‍, മലം കളയുന്നതിനായി  വയറിന്റെ പുറത്ത് ഉറപ്പിച്ചിരിക്കുന്ന വന്‍ കുടലിന്റെ അറ്റം വേദനിച്ചപ്പോഴാണ്  നാലരവയസ്സുകാരനായ അയ്യപ്പദാസ് തന്റെ അച്ഛനോട് പറഞ്ഞത്. ഇപ്പോൾത്തന്നെ നമുക്ക് ആശുപത്രിയിൽ പോയി ഇത്‌ ശരിയാക്കാം അച്ഛാ എന്ന്. അവൻ മറ്റൊരു സംശയം കൂടി ചോദിച്ചു. ഒന്നര വയസ്സുകാരനായ അനിയന് തന്റേതുപോലെ വയറിന് പുറത്ത് ഇങ്ങനെയൊന്നും കാണുന്നില്ലല്ലോയെന്നും. നമുക്ക് പെട്ടെന്ന് തന്നെ ഒക്കെ ശരിയാക്കിയെടുക്കാമെന്ന്  പറഞ്ഞെങ്കിലും അയാൾക്ക് തന്നെ ഒരു ഉറപ്പുമില്ലായിരുന്നു എപ്പോഴാണ് അത് സാധിക്കുന്നതെന്ന്.

പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പയറ്റുകാട് ചള്ളയിലെ ചെലങ്കാവ് ആദിവാസി കോളനിയിലാണ് അയ്യപ്പദാസിന്റെ വീട്. അയ്യപ്പദാസ് ജനിക്കുമ്പോൾ തന്നെ മലദ്വാരം  ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മലം പുറത്തേക്ക് കളയുന്നതിനായി വന്‍കുടലിന്റെ അറ്റത്ത് ദ്വാരം ഉണ്ടാക്കി അറ്റം ശരീരത്തിന് പുറത്തേക്ക് വയറിന് വശത്തായി ഉറപ്പിക്കുകയായിരുന്നു. രണ്ടര വർഷത്തിനുള്ളിൽ ഓപ്പറേഷൻ ചെയ്ത് മലദ്വാരം സാധാരണ പോലെ പുനർനിർമ്മിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും ഇതേവരെ ഓപ്പറേഷൻ ചെയ്യാനായിട്ടില്ല. അയ്യപ്പദാസിന് വേണ്ടത്ര തൂക്കമില്ലാത്തതാണ് ഓപ്പറേഷൻ വൈകുന്നതിന് കാരണം.

നാലര വയസ്സുള്ള അയ്യപ്പദാസിന്റെ ഇപ്പോഴത്തെ തൂക്കം പതിമൂന്നര കിലോഗ്രാമാണ്. തൂക്കം കൂട്ടുന്നതിനായി കുട്ടിക്ക് പോഷകാഹാരം കൊടുക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ദാരിദ്ര്യം വിട്ടുമാറാത്ത വീട്ടിൽ പോഷകസമൃദ്ധമായ ആഹാരമെന്നത് സ്വപ്നം മാത്രമാണ്.

അയ്യപ്പദാസിന്റെ അമ്മ പറയുന്നത്

ഭർത്താവ് മുനിസ്വാമി തൊട്ടടുത്ത തോട്ടങ്ങളിലാണ് പണിക്ക് പോകുന്നത്. അതും എപ്പോഴും പണിയൊന്നുമില്ല. ആഴ്ച്ചയിൽ മൂന്ന് ദിവസം. കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് വീട്ടുചിലവുകൾ നടത്തുന്നത്. ഭർത്താവിന്റെ അമ്മയും മൂന്ന് മക്കളും ഒപ്പമുണ്ട്. റേഷൻ കടയിൽ നിന്ന് കിട്ടുന്നത് 20 കിലോ അരിയാണ്. മുഴുവൻ അരിയും തരാറില്ല. ബാക്കി പുറത്ത് നിന്ന് വാങ്ങും. മോനെ നോക്കേണ്ടതിനാൽ എപ്പോഴും അവന്റൊപ്പമാണ്. അവൻ അങ്കണവാടിയിൽ പോകുമ്പോഴും ഒപ്പം പോകും. ഇടയ്ക്ക് മലവിസർജനം നടത്തിയാൽ വൃത്തിയാക്കണം. അതുകൊണ്ട് ജോലിക്കൊന്നും പോകാൻ കഴിയാറില്ല.

മലം പുറത്തേക്ക് കളയുന്നതിനായി വന്കുടലിന്റെ അറ്റം പുറത്തേക്ക് ഉറപ്പിച്ചിരിക്കുന്ന നിലയിൽ.

ആശുപത്രിയിലേക്കുള്ള യാത്ര ഇങ്ങനെ

പയറ്റുകാട് നിന്ന് ബസ് സർവീസുള്ള റോഡിലേക്ക്‌ രണ്ടു കിലോമീറ്റർ ദൂരമുണ്ട്. അസുഖം കൂടുമ്പോഴും ചെക്കപ്പിന് പോകേണ്ടി വരുമ്പോഴും അയ്യപ്പദാസിനെയും കൊണ്ട് ഇത്രയും ദൂരം നടന്നാണ് ഇവർ ബസ് സ്റ്റോപ്പിലെത്തുക. മഴയായാലും വെയിലായാലും ഇതു തന്നെയാണ് സ്ഥിതി. ഓട്ടോറിക്ഷക്കാണെങ്കിൽ 100 മുതൽ 150 രൂപ വരെയാകും.

അയ്യപ്പദാസിന്റെ ഇപ്പോഴത്തെ അവസ്‌ഥ.

വർഷങ്ങളായി ഇത്തരത്തിൽ മലവിസർജനം നടത്തുന്നതു കൊണ്ടും വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുന്നതുകൊണ്ടും അയ്യപ്പദാസിന് എപ്പോഴും അസുഖമാണ്. പൊടി കയറാതിരിക്കാൻ വന്‍കുടലിന്റെ അറ്റം തുണികൊണ്ട് പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. എന്നിട്ടും പനിയും കഫക്കെട്ടും ചുമയും വിടാതെ പിന്തുടരുന്നു.

ആറുമാസം മുൻപ് വരെ ഇവർ മുടങ്ങാതെ ചികിൽസ നടത്തിയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് ചികിൽസ. എന്നാൽ കൃത്യമായി ആശുപത്രിയിൽ പോകാൻ പണമില്ലാതെ വന്നതോടെ ഇപ്പോൾ അതും മുടങ്ങി. മകന്റെ ഓപ്പറേഷൻ എന്ന് ചെയ്യാൻ കഴിയുമെന്ന ആശങ്കയിലാണ് ഭഗവതിയും മുനിസ്വാമിയും. അയ്യപ്പദാസാകട്ടെ ഇപ്പോൾ ആരോടും കൂട്ടുകൂടാറില്ല. മറ്റ് കുട്ടികളോടൊപ്പം കളിക്കാനും അയ്യപ്പദാസിന് ഇപ്പോൾ മടിയാണ്. വീട്ടിൽ പരിചയമില്ലാത്ത ആരെങ്കിലും വന്നാൽ അവൻ ഓടിയൊളിക്കും. കൂട്ടുകാരോടൊപ്പം കൂടാതെയും കളിക്കാതെയും തന്റെ ബാല്യം നിർവികാരനായി ജീവിച്ചു തീർക്കുകയാണ് അയ്യപ്പദാസ്.

പട്ടികവർഗ വികസന വകുപ്പിന് പറയാനുള്ളത്

അയ്യപ്പദാസിനാവശ്യമായ ആഹാരസാധനങ്ങൾ മാവേലിസ്റ്റോർ വഴി അടുത്ത ദിവസം തന്നെ വിതരണം ചെയ്യുമെന്ന് പട്ടികവർഗ വികസന വകുപ്പ് അധികൃതർ പറഞ്ഞു. അയ്യപ്പദാസിന് ആശുപത്രിയിൽ പോകാനടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on March 4, 2018 3:07 pm