X

12ാം പട്ടികയിലും വയനാടും വടകരയുമില്ല, രാഹുലിന്റെ രണ്ടാം സീറ്റില്‍ അനിശ്ചിതത്വം തുടരുന്നു

ബംഗളൂരു നോര്‍ത്ത് അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന്റെ 12ാം സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടുമില്ല. രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇന്നലെ പ്രവര്‍ത്തകസമിതി യോഗത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വയനാട് സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന്റെ മറുപടി. പ്രവര്‍ത്തകസമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി പറയൂ എന്ന് വ്യക്തമാക്കിയിരുന്നു.

ബംഗളൂരു നോര്‍ത്ത് അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജെഡിഎസ് ഈ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. കര്‍ണാടക മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

ബംഗളൂരു സൗത്തില്‍ ബികെ ഹരിപ്രസാദിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സീറ്റാണിത്. അതേസമയം അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ മണ്ഡലവും ബിജെപിയുടെ ശക്തി കേന്ദ്രവുമായ ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിക്കും എന്ന പ്രതീക്ഷയാണ് കേരള നേതാക്കള്‍ പങ്കുവച്ചത്. അതേസമയം കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ ഉമ്മന്‍ ചാണ്ടി അടക്കമുള്ള കേരള നേതാക്കളുടെ വാദം തള്ളിക്കളഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലുള്ള ഗ്രൂപ്പ് വഴക്കാണ് രാഹുല്‍ വയനാട് വരുന്നു എന്ന വാര്‍ത്തകള്‍ക്കും ചര്‍ച്ചയ്ക്കും പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ പല ദേശീയ നേതാക്കളും അനുകൂലിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ രാഹുല്‍ ഗാന്ധിയോ എഐസിസിയോ ഇക്കാര്യം തള്ളിക്കളയുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല.

This post was last modified on March 26, 2019 11:13 am