X

പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരണം ഇതുവരെ 57; ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സഹായം എല്ലായിടത്ത് നിന്നും വേണമെന്ന് മുഖ്യമന്ത്രി

ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.

ഇതുവരെ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി 57 ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആകെ 1,318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 46,400 കുടുംബങ്ങളില്‍പ്പെട്ട 1,65,519 പേര് ഈ ക്യാമ്പുകളിലുണ്ട്.

നഷ്ടപ്പെട്ട ജീവന്‍ ആര് വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റ് ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത് – മുഖ്യമന്ത്രി പറഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

This post was last modified on August 14, 2019 4:50 pm