X

മഴക്കെടുതിയില്‍ മരണം 83; വയനാട് പുത്തുമലയില്‍ ദുരന്തത്തിനിരയാവരുടെ കണക്ക് സംബന്ധിച്ച് ആശയക്കുഴപ്പം

58 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ കണക്ക്.

സംസ്ഥാനത്ത് മഴക്കെടുതിയുടെ ഭാഗമായുണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 83 ആയി. സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത് 72 മരണമാണ്. ദുരന്തം ഏറ്റവും സാരമായി ബാധിച്ച മലപ്പുറം കവളപ്പാറയില്‍ നിന്നും വയനാട് പുത്തുമലയില്‍ നിന്നുമായി ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് ആകെ മരണ സംഖ്യ 83 ആയി ഉയര്‍ന്നത്. തൃശൂര്‍ ജില്ലയില്‍ മൂന്ന് പേരും കണ്ണൂരിലും കോഴിക്കോടും രണ്ട് പേര്‍ വീതവും കോട്ടയത്തും ഇടുക്കിയിലും കാസറഗോഡും ഓരോരുത്തര്‍ വീതവും മരിച്ചിട്ടുണ്ട്. 58 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 50 പേരെ കാണാനില്ലാത്തത് നിലമ്പൂരിനടുത്തുള്ള കവളപ്പാറയിലാണ്.

വയനാട്ടിലെ പുത്തുമലയില്‍ 10 പേരും കവളപ്പാറയില്‍ 13 പേരും ഇതുവരെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പുത്തുമലയില്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. കളക്ടര്‍ എ ആര്‍ അജയകുമാര്‍ തന്നെ ഈ ആശയക്കുഴപ്പം വ്യക്തമാക്കിയിട്ടുണ്ട്. 17 പേര്‍ ദുരന്തത്തില്‍ പെട്ടെന്ന കണക്ക് വസ്തുതാപരമെന്ന് പറയാനാകില്ല എന്ന് കളക്ടര്‍ പറയുന്നു.

40ലേറെ പേര്‍ മണ്ണിനടിയിലുണ്ടാകാമെന്നാണ് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. ദുരന്തത്തില്‍ പെട്ടത് 18 പേരെന്നാണ് സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് 17 പേരെന്ന്. ഇതുവരെ ഇവിടെ കണ്ടെത്തിയത് 10 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനം ഇവിടെ ഇപ്പോളും ദുഷ്‌കരമായി തുടരുകയാണ്.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ 2,47,219 പേരാണുള്ളത്. 286 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂവായിരത്തിനടുത്ത് വീടുകള്‍ക്ക് കേടുപാടുണ്ടായി. ഇന്നത്തേയ്ക്ക് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. അതേസമയം നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.

ഓഗസ്റ്റ് 13ന് (ചൊവ്വാഴ്ച) ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിലും 14ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് ഈ ദിവസങ്ങളില്‍ സാധ്യതയുള്ളത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് നിര്‍ദ്ദേശം.

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുന:സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമാണ്. കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു.

This post was last modified on August 14, 2019 5:06 pm