X

വട്ടിയൂർക്കാവിൽ കുമ്മനം വരണമെന്ന് ജില്ലാക്കമ്മിറ്റി; ശക്തരായ എതിരാളികളില്ലെങ്കിൽ ജയിക്കുമെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7622 വോട്ടുകൾക്കാണ് വട്ടിയൂർക്കാവ് മണ്ഡലം ബിജെപിക്ക് കൈവിട്ടു പോയത്.

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബിജെപി ജില്ലാക്കമ്മിറ്റി ആവശ്യപ്പെടും. ഇന്ന് നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ‌ ഈ ആവശ്യം അറിയിക്കും. ജില്ലാക്കമ്മിറ്റിയുടെ ആവശ്യത്തോട് കുമ്മനത്തിന് വിയോജിപ്പില്ലെന്നാണ് അറിയുന്നത്. പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

മണ്ഡലം കമ്മറ്റി അംഗങ്ങളുടെ യോഗത്തിൽ 28ൽ 27 പേരും കുമ്മനം മത്സരിക്കണമെന്ന നിലപാടാണ് പങ്കുവെച്ചത്. രണ്ടാമതായി ഉയർന്നുവന്ന പേര് ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷിന്റെ പേരായിരുന്നു.

എറണാകുളത്താണ് കോർ കമ്മിറ്റി യോഗം ചേരുക. യോഗത്തിൽസ തീരുമാനമുണ്ടായാൽ ഉപതെരഞ്ഞെടുപ്പുകളിൽ ആദ്യം പ്രഖ്യാപിക്കപ്പെടുന്ന സ്ഥാനാർത്ഥി കുമ്മനമായിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7622 വോട്ടുകൾക്കാണ് വട്ടിയൂർക്കാവ് മണ്ഡലം ബിജെപിക്ക് കൈവിട്ടു പോയത്.

അതെസമയം, വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ ശക്തരല്ലെങ്കില്‍ കുമ്മനത്തിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.