X

മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടി മദ്യപാനികള്‍, വ്യാജ ചാരായവും സുലഭമാകുന്നു

മൂന്നോ നാലോ ദിവസത്തേക്കുള്ള കുപ്പികള്‍ കൂട്ടത്തോടെയെത്തി വാങ്ങുകയെന്ന രീതിയാണ് പലരും പിന്തുടരുന്നത്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാജ്യത്തെ മദ്യശാലകളില്‍ ഭൂരിഭാഗവും അടച്ചതോടെ മദ്യപാനികള്‍ ദുരിതത്തിലായിരിക്കുകയാണ്. അപ്രതീക്ഷിതമായി മദ്യപാനം നിര്‍ത്തേണ്ടി വന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

അതേസമയം മദ്യദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് മദ്യപാനികള്‍. രാജ്യത്തിന്റെ പലയിടങ്ങളിലും സമീപഭാവിയില്‍ വന്‍ വിഷമദ്യ ദുരന്തങ്ങള്‍ക്കുള്ള സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ വാറ്റ് ചാരായം ലഭ്യമായി തുടങ്ങിയതായാണ് അറിയുന്നത്. അതേസമയം കോടതി ഉത്തരവ് വന്നതിന് ശേഷം മാത്രം പലരും വാറ്റാനുള്ള തയ്യാറെടുപ്പ് തുടങ്ങിയതായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്രീജിത്ത് പറഞ്ഞു. ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളില്‍ പലരും നാല് ദിവസമായി മദ്യം ലഭിക്കാത്തതിന്റെ ക്ഷീണം പ്രകടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ചാരയത്തിന്റെ കോട ശരിയാകുമ്പോള്‍ തിരുവനന്തപുരത്തിന്റെ പല മേഖലകളിലും ചാരായം ലഭ്യമായി തുടങ്ങുമെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിന്റെ മറ്റ് ജില്ലകളിലും ചാരായ ലോബികള്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍. മദ്യം സുലഭമായിരുന്ന കാലത്തും വാറ്റിയിരുന്നവരാണ് ഇപ്പോള്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലും വാറ്റ് ചാരായം സുലഭമാകുന്നുണ്ടെന്നാണ് അറിയുന്നത്.

അതേസമയം പുതിയ സാഹചര്യം മുതലെടുത്ത് വാറ്റ് ചാരായത്തില്‍ നിന്നും ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് പലരും. ഇതില്‍ പരിചയ സമ്പത്തില്ലാത്തവരും ഈ നിയമ വിരുദ്ധ തൊഴില്‍ സ്വീകരിക്കുന്നുണ്ട്. പരിചയ സമ്പന്നര്‍ക്ക് പോലും സംഭവിക്കുന്ന കൈയബദ്ധങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നിരിക്കെ ചാരായ വാറ്റ് വ്യാപകമാകുന്നതിനെ ആശങ്കയോടെയേ കാണാന്‍ സാധിക്കൂ. ചാരായം വാറ്റുമ്പോള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുന്ന മീഥെയ്ല്‍ ആല്‍ക്കഹോള്‍ ചാരായത്തോടൊപ്പം കലരുന്നതാണ് വിഷമദ്യ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. ഇതാണ് സമീപഭാവിയില്‍ നമ്മെ തുറിച്ചുനോക്കുന്ന വന്‍ ദുരന്തത്തെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിപ്പിക്കുന്നത്.

അതേസമയം മദ്യം ലഭ്യമല്ലാതെ വന്നതോടെ വന്‍തോതില്‍ കഞ്ചാവും മറ്റും ലഹരി പദാര്‍ത്ഥങ്ങളും വിപണിയില്‍ ലഭ്യമായി തുടങ്ങിയെന്ന് കൊച്ചി വൈറ്റില സ്വദേശി ജിനേഷ് പറയുന്നു. കഞ്ചാവ്, ലഹരി നല്‍കുന്ന ഗുളികകള്‍, പേസ്റ്റുകള്‍, ഇന്‍ജക്ഷനുകള്‍ തുടങ്ങിയവയാണ് കൊച്ചി നഗരത്തില്‍ സുലഭമായി കൊണ്ടിരിക്കുന്നത്. ഇത് പിന്നീട് ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോടതി ഇറക്കിയ പുതിയ ഉത്തരവ് വരാനിരിക്കുന്ന തലമുറയെ പോലും വന്‍ വിപത്തിലേക്ക് നയിക്കുമെന്ന അവസ്ഥയിലാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത്.

എല്ലാ ജില്ലകളിലും നാമമാത്രമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ചല്ലാത്തതിനാല്‍ എല്ലായിടങ്ങളും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും എത്തിയാണ് പല ബിവറേജസുകള്‍ക്കും മുന്നിലും ആളുകള്‍ ക്യൂവില്‍ ഇടംപിടിക്കുന്നത്. മലയിന്‍കീഴില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തിലുള്ള ക്യൂവാണ് അനുഭവപ്പെട്ടതെന്ന് ശ്രീജിത്ത് പറയുന്നു. നാല് മണിക്കൂര്‍ വരെ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങുന്നത്. മദ്യപാനരോഗികളായവര്‍ എത്ര സഹിച്ചും മദ്യം വാങ്ങാന്‍ തയ്യാറാകുന്നുമുണ്ട്.

മൂന്നോ നാലോ ദിവസത്തേക്കുള്ള കുപ്പികള്‍ കൂട്ടത്തോടെയെത്തി വാങ്ങുകയെന്ന രീതിയാണ് പലരും പിന്തുടരുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ വ്യാജ വിദേശ മദ്യം വിപണിയിലിറക്കുന്ന സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വിപണി വിലയുടെ ഇരട്ടിയിലേറെ തുകയ്ക്കാണ് പലരും വില്‍പ്പന നടത്തുന്നത്. ഇത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിലിറ്ററി ക്വാട്ടയില്‍ നിന്നും വാങ്ങുന്നവരും ഒരു ഫുള്‍ ബോട്ടിലിന് രണ്ടിരട്ടി വരെ വില നല്‍കേണ്ടി വരുന്നുവെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ വാഹനാപകടങ്ങളുടെ പേരിലുള്ള ഈ നിരോധനത്തിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബാറുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലാണ് മദ്യം വിളമ്പുന്നത്. മദ്യശാലകള്‍ എന്നതിനപ്പുറം ഭക്ഷണശാലകള്‍ കൂടിയായിരിക്കും ഇവ. ഇത്തരം സ്ഥലങ്ങളില്‍ മദ്യം ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഉണ്ട്. കോടതി പറയുന്നതനുസരിച്ച് മദ്യപാനമാണ് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതെങ്കില്‍ ഇത്തരം മദ്യശാലകള്‍ മാത്രമാണ് പൂട്ടേണ്ടത്. കാരണം ബിവറേജസ് കോര്‍പ്പറേഷന്‍ പോലുള്ള മദ്യവില്‍പ്പന മാത്രം നടക്കുന്ന ശാലകളില്‍ മദ്യം ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഇല്ല. സ്വാഭാവികമായും മദ്യപാനികള്‍ ഇവിടെ നിന്നും മദ്യം വാങ്ങി കൊണ്ടു പോയി കഴിക്കുകയാണ് ചെയ്യുന്നത്. പിന്നെ എന്തിനാണ് ഇത്തരം മദ്യശാലകളും നിരോധിക്കുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

 

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author: