X

മൂന്നാറില്‍ സിപിഎം സംഘപരിവാറിന് പരവതാനി വിരിക്കുമ്പോള്‍

ഇടുക്കി ജില്ലയില്‍ കാര്യമായ പ്രസക്തിയൊന്നും ഇല്ലാത്ത സംഘപരിവാറിന് നിരന്തരമുള്ള നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ഇടം നേടി കൊടുക്കുകയാണ് സിപിഎം

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചത് അയോധ്യയില്‍ പള്ളി പൊളിച്ചതിന് സമാനമാണെന്നായിരുന്നു മന്ത്രി എംഎം മണിയുടെ കണ്ടുപിടിത്തം. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന ദേവീകുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ആര്‍എസ്എസിന് വേണ്ടിയാണ് പണിയെടുക്കുന്നതെന്നും എംഎം മണി ആരോപിച്ചിരുന്നു. എംഎം മണിക്ക് ആരാണ് ഇത്തരം വിവരം നല്‍കുന്നതെന്ന് അറിയില്ല. മൂന്നാറില്‍ മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് പല രൂപങ്ങളില്‍, പല രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നത് വാസ്തവം. പതിവില്ലാത്ത വിധമാണ് മൂന്നാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടായത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ആ തരത്തില്‍ ഇടപെടാന്‍ കഴിയില്ല. എന്നാല്‍ പരിസ്ഥിതി പ്രശ്‌നമെന്ന നിലയില്‍ ചിലപ്പോള്‍ ഇടപെടാന്‍ കഴിഞ്ഞേക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന കാര്യത്തിലും സംശയമില്ല. പക്ഷെ നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കയ്യേറുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഒഴിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് സബ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഇതെങ്ങനെ ആര്‍എസ്എസ് അജണ്ടയാകും? തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് തടസമാകുന്നവരെ എല്ലാം സംഘപരിവാര്‍, ആര്‍എസ്എസ് ബന്ധമുള്ളവരായി ചിത്രീകരിക്കുന്നത് കൊണ്ട് ആരാണ് ഇവിടെ നേട്ടമുണ്ടാക്കാന്‍ പോകുന്നത്?

ഒരു ഭാഗത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ നയമാണെന്ന് പറയുകയും മറുഭാഗത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തികഞ്ഞ ഇരട്ടത്താപ്പ്. കുരിശ് പൊളിച്ച് നീക്കം ചെയ്യുന്നത് സംബന്ധിച്ച് കാര്യമായി വിവാദങ്ങളും ചര്‍ച്ചകളും ഒന്നുമില്ലാതിരിക്കെ അതിന് തുടക്കം കുറിച്ചത് പിണറായി ആയിരുന്നു എന്നത് ശ്രദ്ധേയം. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു സാമുദായിക, വര്‍ഗീയ ധ്രുവീകരണം ഒഴിവാക്കാന്‍ സമചിത്തതയോടെ അദ്ദേഹം നടത്തിയ ഇടപെടലാണ് കുരിശ് നീക്കം ചെയ്തതിനെതിരെ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച നടപടിയെന്നാണ് അദ്ദേഹത്തെ ന്യായീകരിക്കുന്നവരുടെ വാദം. എന്നാല്‍ ക്രൈസ്തവ സഭാ നേതാക്കളില്‍ പലരും പിണറായിയുടെ പ്രസ്താവനയ്ക്ക് മുമ്പ് തന്നെ കയ്യേറ്റ സ്ഥലത്ത് സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ ന്യായീകരിച്ച് രംഗത്തെത്തുകയാണുണ്ടായത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പോലുള്ളവര്‍ കുരിശ് നീക്കം ചെയ്ത രീതിയില്‍ വിഷമമുണ്ടെന്ന് പറഞ്ഞത് പോലും പറഞ്ഞത് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷമായിരുന്നു.

Read More: പ്രായം, ഗ്രാമീണം, വിപ്ലവത്തഴമ്പ്, പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആശാന്മാരും

യഥാര്‍ത്ഥത്തില്‍ സാമുദായിക വര്‍ഗീയ ശക്തികള്‍ വിമോചന സമരകാലത്തെന്ന പോലെ, സര്‍ക്കാരിനെതിരെ ഈ സംഭവം ആയുധമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഒരു സേവിംഗല്ല പിണറായി നടത്തിയത്. മറിച്ച് ഒന്നാന്തരം ഒരു സെല്‍ഫ് ഗോളായിരുന്നു അത്. മത, സാമുദായിക, വര്‍ഗീയ ശക്തികളുടെ കയ്യേറ്റ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും കരുത്ത് പകരുകയാണ് പിണറായി ചെയ്തത്. അത് ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ ആയാലും, സംഘപരിവാറിന്റെ ആയാലും. മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട് നിരവധി താത്വിക അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രത്യക്ഷപ്പെടുന്നുണ്ട്. അവര്‍ അദ്ദേഹത്തിന്റെ സമീപനം പക്വമാണെന്ന് പറഞ്ഞ് പ്രശംസിച്ചു. ബിന്‍ ലാദന്റെ മൃതദേഹത്തിന്റെ വിഷ്വല്‍ എന്തുകൊണ്ട് അമേരിക്ക പുറത്തുവിട്ടില്ല എന്നൊക്കെ ചോദിച്ചാണ് വിചിത്രമായ ന്യായീകരണങ്ങള്‍.

കുരിശ് പൊളിച്ച് നീക്കുന്ന വിഷ്വലുകള്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നും സിപിഎമ്മിനേയും എല്‍ഡിഎഫിനേയും തിരഞ്ഞെടുപ്പുകളില്‍ ദോഷകരമായി ബാധിക്കുമെന്നും ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ വലിയ തോതില്‍ സര്‍ക്കാരിനെതിരായി തിരിക്കും എന്നെല്ലാം അവര്‍ വാദിക്കുന്നു. മൂന്നാറിലും ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളിലും കയ്യേറ്റ ഭൂമികളില്‍ ക്രിസ്ത്യന്‍ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ഒക്കെ ഉണ്ടാകും. ഇതെല്ലാം ഒഴിപ്പിക്കുന്നതില്‍ പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകളുണ്ടെന്നതും ഒഴിപ്പിക്കുകയെന്നതോ പൊളിച്ച് നീക്കുക എന്നതോ ഒട്ടും എളുപ്പമല്ലെന്നതും യാഥാര്‍ത്ഥ്യമാണ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒന്നാം മൂന്നാര്‍ ദൗത്യസംഘവും ഇത്തരം കയ്യേറ്റങ്ങളില്‍ കൈ വച്ചിട്ടുമില്ല. റിസോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം രഹസ്യമായല്ലേ കുരിശ് പൊളിച്ച് നീക്കേണ്ടിയിരുന്നത് എന്നെല്ലാം ചോദിക്കുന്നവരുണ്ട്. ഒരു കാര്യം വ്യക്തമാണ്, ഭീമന്‍ കുരിശ് നിന്ന സ്ഥലം സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കയ്യേറിയ സ്ഥലത്ത് സ്ഥാപിച്ചിരുന്നതാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുക മാത്രമല്ല, അവിടെ നിര്‍മ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്ത കെട്ടിടങ്ങളോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉണ്ടെങ്കില്‍ അത് പൊളിച്ച് നീക്കുകയും വേണ്ടി വരും. കയ്യേറിയ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിയമ സാധുതയും നല്‍കാനാവില്ല.

Read More: അകത്തുള്ളവരും പുറത്തുള്ളവരും അഥവാ മണിയാശാനും ട്രംപും തമ്മിലെന്ത്?

കുരിശ് പൊളിച്ച് നീക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടയാക്കാന്‍ സാദ്ധ്യത ഉണ്ടായിരുന്നതിനാല്‍ അത് പകര്‍ത്തുന്നതില്‍ നിന്ന് മാദ്ധ്യമപ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ക്ക് തടയാമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ഈ തരത്തില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷെ മുഖ്യമന്ത്രി പറഞ്ഞ പോലെ വിശുദ്ധിയും അതിഭയങ്കരമായ യാതൊരു മാനങ്ങളും കയ്യേറ്റത്തിന് സാധുത നേടിയെടുക്കാനുള്ള ആ കുരിശ് രൂപത്തിനോ അത് പൊളിച്ച് നീക്കുന്ന ദൃശ്യങ്ങള്‍ക്കോ ഉണ്ടായിരുന്നില്ല. കുരിശിന് ഇല്ലാത്ത വിശുദ്ധി നല്‍കുകയാണ് തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ചെയ്തത്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയെ അംഗീകരിക്കാത്തത് കൊണ്ടാണ് പ്രമുഖ സഭാ നേതൃത്വങ്ങള്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്താത്തത് എന്നും പ്രമുഖ സഭകളുമായി ബന്ധപ്പെട്ട കയ്യേറ്റമോ കുരിശോ ആണ് ഇത്തരത്തില്‍ ഒഴിപ്പിക്കപ്പെടുകയോ പൊളിച്ച് നീക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ വലിയ കലാപം സര്‍ക്കാരിനെതിരെ ഉണ്ടാകുമായിരുന്നു എന്നും പറയുന്നതില്‍ തെറ്റില്ല. അത് സത്യമാണ്. പക്ഷെ ഇവിടെ സര്‍ക്കാര്‍ ചെയ്തത് എന്താണ്? സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയെ ഒരു കാര്യവുമില്ലാത്തെ ഒരു ഇടം നല്‍കി പ്രതിഷ്ഠിച്ചു. ടോം സക്കറിയ എന്ന സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ കയ്യേറ്റക്കാരനല്ലെന്ന് പറഞ്ഞ് ന്യയീകരിക്കുകയാണ് മന്ത്രി എംഎം മണി ചെയ്തത്. കുരിശ് പൊളിച്ച് നീക്കിയതിന് ശേഷം മരക്കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റുകളെയും എംഎം മണി എതിര്‍ത്തു.

2007ലെ കയ്യേറ്റമൊഴിപ്പിക്കല്‍ കാലത്ത് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. “കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ അമ്പലങ്ങള്‍, മോസ്‌കുകള്‍, ക്രിസ്ത്യന്‍ പള്ളികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യണം എന്നൊരു പ്രശ്‌നം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇത്തരം സ്ഥാപനങ്ങള്‍ തല്‍ക്കാലം തൊടേണ്ടെന്നാണ് തീരുമാനം”. വിഎസ് അന്ന് പറഞ്ഞത് നിയമപരമായി നോക്കുമ്പോള്‍ ശരിയല്ലാത്ത കാര്യമാണ്. ഏത് തരത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കപ്പെടേണ്ടതും അവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കപ്പെടേണ്ടതും തന്നെയാണ്. എന്നാലും പ്രായോഗികമായ ചില ബുദ്ധിമുട്ടുകളും തലങ്ങളും അതിലുണ്ടായിരുന്നു. സിപിഐയുടെ ഓഫീസ് പൊളിക്കാന്‍ ചെന്ന ദൗത്യസംഘത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിന് ശേഷം കൂടിയായിരുന്നു ഇത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ സര്‍ക്കാരിന് നിഷ്പ്രയാസം പൊളിച്ച് നീക്കാന്‍ കഴിയുന്നതായിരുന്നു എന്നത് വേറൊരു കാര്യം. എന്നാല്‍ കയ്യേറ്റ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ആരാധനാലയം പോലെയല്ല, കയ്യേറ്റത്തിന് സാധുതയ്ക്കായി സ്ഥാപിച്ചിരിക്കുന്ന കുരിശ്. അത് തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാഞ്ഞിട്ടാണോ അതോ ഇതിരിക്കട്ടെ, ഒരു ആവശ്യത്തിന് ഇതിരിക്കട്ടെ എന്ന് കരുതിയിട്ടാണോ?

പിണറായിക്ക് ഈ വിഷയത്തില്‍ അബദ്ധം പറ്റിയതാണ് എന്ന് കരുതാനാവില്ല. കാരണം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം പിന്നീട് നടന്ന ഉന്നതതല യോഗത്തില്‍ മുന്നോട്ട് വച്ചത്. അവസാനം ഒരു കാരണം കണ്ടെത്തി എന്ന പോലെ കുരിശിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂച്ച് വിലങ്ങിടുകയും ചെയ്തു. ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പായി ജനപ്രതിനിധികളോടും മതമേലധ്യക്ഷന്മാരോടും മറ്റും ചര്‍ച്ച ചെയ്യണമെന്ന വിചിത്രമായ വാദവും ഉന്നയിക്കപ്പെട്ടു. മൂന്നാറില്‍ ഭൂമി കയ്യേറ്റമേ ഇല്ലെന്ന് വാദിക്കുന്ന, കയ്യേറ്റം ഒഴിപ്പിക്കുന്ന ഉദ്യോഗസ്ഥരെ നിരന്തരം ചീത്ത വിളിക്കുന്ന മന്ത്രി എംഎം മണിയും സ്ഥലം എംഎല്‍എ എസ് രാജേന്ദ്രനുമൊക്കെയാണ് ഈ പറഞ്ഞ ജനപ്രതിനിധികള്‍ എന്നതാണ് ശ്രദ്ധേയം.

മൂന്നാറില്‍ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ഒന്നാം മൂന്നാര്‍ ഓപ്പറേഷന്‍ കാലത്തും എംഎം മണിയടക്കമുള്ള നേതാക്കള്‍ മുന്നോട്ട് പോയിരുന്നത്. ഏതൊക്കെ കയ്യേറ്റങ്ങളാണ് അന്ന് ഒഴിപ്പിച്ചത് എന്നും ഏതൊക്കെ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കപ്പെട്ടത് എന്നും വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും. ഇതിന്‍റെ കൃത്യമായ കണക്കുകളുണ്ട്. ടാറ്റയുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയുടെയും റിസോര്‍ട്ട് മാഫിയകളില്‍ നിന്ന് പിടിച്ച ഭൂമിയുടേയും, അനധികൃത നിര്‍മ്മാണങ്ങള്‍ ആയിരുന്ന പൊളിച്ച് നീക്കിയ കെട്ടിടങ്ങള്‍ സംബന്ധിച്ചും എല്ലാം ഉള്ളത്.

Read More: അത്ര ഗ്രാമീണനല്ല എംഎം മണി

പോരാട്ട ചരിത്രം ഏറെയുണ്ടെങ്കിലും ഇടുക്കി ജില്ലയിലും സമീപ പ്രദേശങ്ങളിലും മാത്രം കാര്യമായി അറിയപ്പെട്ടിരുന്ന നേതാവായിരുന്ന എംഎം മണി കേരള പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റുന്നത് 2007ലെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ കാലത്താണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരുടെ മുട്ടുകാല്‍ തല്ലിയൊടിക്കും എന്ന പ്രസ്താവനയിലൂടെയാണ് എംഎം മണിയെ കേരളം അറിയുന്നത്. പിന്നീട് വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പടെ നിരവധി വിവാദ പ്രസംഗങ്ങളിലൂടെയും  ശ്രദ്ധ പിടിച്ച് പറ്റിയ എംഎം മണി നിരുത്തരവാദപരമായി കാര്യങ്ങളില്‍ പറയുന്നതില്‍ പുതുമ ഇല്ലെങ്കിലും കുരിശ് പ്രശ്‌നത്തില്‍ വര്‍ഗീയത ഇളക്കി വിടുന്ന രീതിയിലാണ് മുന്നോട്ട് വന്നതെന്നും പറയാതെ വയ്യ. കയ്യേറ്റ ഭൂമിയില്‍ നിലനിന്നിരുന്ന പള്ളിയായിരുന്നില്ല ബാബറി മസ്ജിദ്. സംഘപരിവാര്‍ അന്ന് നടത്തിയത് കയ്യേറ്റം ഒഴിപ്പിക്കലും ആയിരുന്നില്ല. എന്നാല്‍ പാപ്പാത്തിച്ചോലയിലെ കുരിശ് സ്ഥാപിച്ചിരുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറിയായിരുന്നു. നിയമപരമായ നടപടികളുടെ ഭാഗമായി സര്‍ക്കാരാണ് അത് ഒഴിപ്പിച്ചത്. അല്ലാതെ ആര്‍എസ്എസുകാരല്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എംഎം മണി. യാതൊരു ബോധവുമില്ലാതെ തോന്നിയത് വിളിച്ച് പറയുമ്പോള്‍ എംഎം മണി ഇത്തരം കാര്യങ്ങള്‍ കൂടി ആലോചിക്കേണ്ടിയിരുന്നു. സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയന്‍ പണ്ട് ഒരു പ്രവര്‍ത്തകനോട് പറഞ്ഞത് മാത്രമേ പറയാനുള്ളൂ; വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞ് നടക്കരുത്.

ഉദ്യോഗസ്ഥരോട് അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റെ വീരാരാധനയും രാഷ്ട്രീയക്കാരോടുള്ള പുച്ഛവും അവജ്ഞയുമെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ്. ശ്രീറാം വെങ്കിട്ടരാമനെ ഹീറോ ആയി ചിത്രീകരിക്കുന്നതും അത്തരക്കാരായിരിക്കാം. പക്ഷെ മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച പ്രശ്‌നം അതല്ല. ശ്രീരാം വെങ്കിട്ടരാമന്‍ ആര്‍എസ്എസുകാരനാണ് എന്ന് ഒരു തെളിവുമില്ലാതെ തട്ടിവിടുന്നതിലൂടെയും സ്ഥാപിക്കുന്നതിലൂടെയും ആര്‍ക്കാണ് നേട്ടമുണ്ടാവുക. ശ്രീറാം ആര്‍എസ്എസുകാരനാണെന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആര്‍എസ്എസ് അജണ്ട വച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്നും നിങ്ങളുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനും സര്‍ക്കാരിന് നിഷ്പ്രയാസം കഴിയും.

മൂന്നാറില്‍ ആര്‍എസ്എസ് ഇടപെടുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ മുഖംമൂടികളുമായി അവര്‍ ഇടപെടുന്നുണ്ട്. മൂന്നാറില്‍ കേന്ദ്രമന്ത്രി സിആര്‍ ചൗധരി സന്ദര്‍ശനം നടത്തി വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതും കേന്ദ്ര ഇടപെടലിനെ കുറിച്ച് കേന്ദ്ര മന്ത്രിമാരും സംസ്ഥാന ബിജെപി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നതും വ്യക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ്. ഫെഡറല്‍ ഘടനയോട് യാതൊരു ബഹുമാനവും പ്രതിബദ്ധതയുമില്ലെന്ന് തെളിയിച്ചിട്ടുള്ള ബിജെപി പല തരത്തില്‍ ഇടപെടലുകള്‍ ഇനിയും നടത്തിക്കൊണ്ടിരിക്കും. ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പല രൂപത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതായി അവിടം സന്ദര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

ആര്‍എസ്എസ് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതും ബിജെപിയെന്ന രാഷ്ട്രീയ മുഖംമൂടിയെ വച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയാണ്. ഈ രാജ്യത്തിന്റെ തന്നെ അധികാരം നിയന്ത്രിക്കുന്ന സംഘടനയുമാണത്. അത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടുന്ന ഏത് രാഷ്ട്രീയ ആയുധവും ഉപയോഗിക്കും. ചിലപ്പോള്‍ ഭൂമി പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ടായിരിക്കാം, ചിലപ്പോള്‍ പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടായിരിക്കാം, പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളില്‍ ഇടപെട്ട് കൊണ്ടായിരിക്കാം. ഇങ്ങനെ പല തരത്തിലാകാം. അതിനെ സിപിഎം പ്രതിരോധിക്കേണ്ടത് ആ പാര്‍ട്ടിയുടെ ഇടതുപക്ഷ രാഷ്ട്രീയവും രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചുകൊണ്ടായിരിക്കണം. അല്ലാതെ പാര്‍ട്ടി നേതാക്കന്മാരുടെ വ്യക്തി താല്‍പര്യങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളാക്കി മാറ്റിക്കൊണ്ടാവരുത്.

വ്യക്തി താല്‍പര്യങ്ങള്‍ പാര്‍ട്ടി താല്‍പര്യങ്ങളായി ചിത്രീകരിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് സിപിഎം ഏറെക്കാലമായി നേരിടുന്ന ദുരന്തം. ഇതുകൊണ്ടാണ് മൂന്നാര്‍ എന്ന പ്രദേശത്തെ വലിയ നാശത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ അതിന്റെ പ്രാദേശിക നേതൃത്വം എതിര്‍ക്കുമ്പോള്‍ സംസ്ഥാന നേതൃത്വം അതിന് കുട പിടിക്കുന്നത്. സബ് കളക്ടറുടെ നിയമവിധേയമായ നടപടികള്‍ മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേരിടുന്നത് സ്വാഭാവികം. ഇതുകൊണ്ട് തന്നെ ഇതിനെ തള്ളിപ്പറയുന്നതിന് സിപിഎമ്മിനും സര്‍ക്കാരിനും പരിമിതികളുണ്ട്. അവസാനം കിട്ടിയ ഒരു കാരണമായിരുന്നു ഈ കുരിശ്. ഉദ്യോഗസ്ഥ സംവിധാനത്തില്‍ സംഘപരിവാര്‍ ഇടപെടുന്നുണ്ടെങ്കില്‍ അത് ഈ സര്‍ക്കാരിന്റേയും അതിനെ നയിക്കുന്ന സിപിഎമ്മിന്റേയും പരാജയമാണെന്നേ പറയാനാവൂ.

കേരളത്തിലെ പൊലീസ് സേന സംഘപരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന ഗുരുതമായ ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥ സംവിധാനത്തില്‍ പല തരത്തിലുള്ള രാഷ്ട്രീയമുള്ളവര്‍ കാണും. അക്കൂട്ടത്തില്‍ സംഘപരിവാര്‍ ബന്ധമുള്ളവരും ധാരാളമായി കാണും. അവരെയെല്ലാം ഒഴിവാക്കുക എന്നത് പ്രായോഗികവുമല്ല. എന്നാല്‍ അവരുടെ അജണ്ടകളെ വ്യക്തമായ നയവും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ പ്രതിരോധിക്കാനാവും. എന്നാല്‍ അതിന് പകരം ഇവിടെ നടക്കുന്നതെന്താണ്? വര്‍ഗീയ, മത, സാമുദായിക ശക്തികള്‍ക്ക് ആയുധം തളികയില്‍ വച്ച് കൊടുക്കുന്ന ഏര്‍പ്പാട്. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ പറ്റി ആലോചിക്കാത്തത് എനിക്ക് ശേഷം പ്രളയം എന്ന ധാരണയില്‍ നിന്നാണോ? മൃദു ഹിന്ദുത്വവാദികളായ അരാഷ്ട്രീയ മധ്യവര്‍ഗക്കാരെ വലിയ തോതില്‍ ബിജെപിയിലെക്കും ആര്‍എസ്എസിലെക്കും അടുപ്പിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ് എംഎം മണിയെ പോലുള്ള സിപിഎം നേതാക്കള്‍ എന്ന് തോന്നിപ്പോകും. ഇടുക്കി ജില്ലയില്‍ കാര്യമായ പ്രസക്തിയൊന്നും ഇല്ലാത്ത സംഘപരിവാറിന് നിരന്തരമുള്ള നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ഇടം നേടി കൊടുക്കുകയാണ് ഇവര്‍.

കുരിശ് പൊളിച്ച് നീക്കിയതിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്? ശ്രീറാം വെങ്കിട്ടരാമന് പൊതുജന മദ്ധ്യത്തില്‍ ഒരു നല്ല പ്രതിച്ഛായ ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രതിച്ഛായ ഉള്ളയാളെ ഭൂമി കയ്യേറ്റങ്ങളെ ന്യായീകരിക്കുകയും അതിന് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നവരുടെ പക്ഷത്ത് നിന്ന് എതിര്‍ക്കുമ്പോള്‍ അത് ഏത് തരത്തിലുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക? അതും ആര്‍എസ്എസുകാരനായി അദ്ദേഹത്തെ ചിത്രീകരിക്കുമ്പോള്‍. ശ്രീറാമിന് വീര പരിവേഷം നല്‍കുന്ന മധ്യവര്‍ഗ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും യോജിക്കാനാവില്ലെങ്കിലും ഇത്തരത്തിലുള്ള പ്രതിച്ഛായാ നിര്‍മ്മിതികള്‍ക്ക് കാരണമാകുന്നത് അഴിമതിയിലും കള്ളത്തരങ്ങളിലും കൊള്ളരുതായ്മകളിലും മുങ്ങിക്കുളിച്ച ഉദ്യോഗസ്ഥ സംവിധാനവും രാഷ്ട്രീയ നേതൃത്വങ്ങളുമാണ് എന്നത് വസ്തുതയാണ്. ശ്രീറാം വെങ്കിട്ടരാമന്‍റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. അതിന് പ്രസക്തിയുണ്ടാകുന്നത് അദ്ദേഹം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി എന്തെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണ്. ഇവിടെ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന വ്യക്തിയെ ലക്ഷ്യം വയ്ക്കുകയും ഉദ്യോഗസ്ഥരെ ഒരു പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ചിത്രീകരിക്കുകയും ഭൂമി കയ്യേറ്റം എന്ന വലിയ സാമൂഹ്യ പ്രശ്‌നത്തെ കാണാതിരിക്കുകയും ചെയ്യുന്നതിലൂടെ ഏത് തരത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത് എന്നും അതാര്‍ക്കാണ് ഗുണം ചെയ്യാന്‍ പോകുന്നത് എന്നും സിപിഎം ആലോചിക്കണം.

ഏറ്റവും ഒടുവിലായി പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകരെ എംഎം മണി അധിക്ഷേപിച്ചു എന്ന് ആരോപിച്ച് എന്‍ഡിഎ ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. തങ്ങള്‍ക്ക് കിട്ടുന്ന ഓരോ കരുക്കളും രാഷ്ട്രീയ നീക്കങ്ങളാക്കുന്ന ബിജെപിയുടെ തന്ത്രങ്ങള്‍ എന്താണ് നാഴികയ്ക്ക് നാല്‍പ്പത് വട്ടം സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഎമ്മിന് മനസിലാകാതെ പോകുന്നത് എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.

This post was last modified on September 9, 2017 10:46 pm