X

കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്

ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഹാദിയ വിഷയത്തില്‍ ഇടപെടാത്തതിന്റെ കാരണങ്ങള്‍

സ്ത്രീയെന്ന തരത്തിലും വ്യക്തിയെന്ന തരത്തിലുമുള്ള സര്‍വ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട് ആറ് മാസക്കാലം വീട്ടിനുള്ളില്‍ തടങ്കലിന് സമാനമായ ജീവിതമനുഭവിച്ച ഹാദിയയുടെ വിഷയത്തില്‍ എന്തുകൊണ്ടാണ് ഒരു സമൂഹമൊന്നടങ്കം മൗനം പാലിച്ചത്? ഒരു വശത്ത് ബിജെപിയും ആര്‍എസ്എസും ശക്തമായ പ്രചരണ പരിപാടികള്‍ നടത്തുമ്പോള്‍ മറുവശത്ത് ഇതിനെ എതിര്‍ക്കാനോ മറ്റൊരുവാദം മുന്നോട്ട് വക്കാനോ ആരുമുണ്ടായില്ല എന്നതാണ് പുരോഗമന കേരളം കണ്ട/കാണുന്ന കാര്യം.

സിപിഎം,സിപിഐ,കോണ്‍ഗ്രസ്സ് എന്നീ സംഘടനകളെ കൂടാതെ മുസ്ലീം ലീഗും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് പോലും മുതിര്‍ന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ദേശീയ തലത്തില്‍ വരെ വലിയ ചര്‍ച്ചയാവുകയും സുപ്രീകോടതിയിലേക്ക് നീളുകയും ചെയ്ത ഒരു കേസില്‍ ബിജെപി മാത്രമാണ് തുറന്ന പ്രതികരണം നടത്തുന്നതെന്നത് ഭീതിതമാണ്. സാമുദായിക, രാഷ്ട്രീയ ഭേദമന്യേ ഇസ്ലാമോഫോബിക് ആയ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് ഹാദിയയുടെ വിഷയത്തില്‍ കണ്ടത്.

2013ല്‍ മതംമാറിയ ഹാദിയയുടെ മതംമാറ്റവും തുടര്‍ന്നുള്ള വിവാഹവും ആണ് കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഇഷ്ടമുള്ള മതവിശ്വാസപ്രകാരം ജീവിക്കാനുള്ള അനുമതിയും നല്‍കി അച്ഛന്റെ സംരക്ഷണയിലയച്ചു. എന്നാല്‍ അന്നു മുതല്‍ സംഘപരിവാര്‍ ശക്തികള്‍ ഹാദിയയെന്ന പെണ്‍കുട്ടിയുടെ ‘കരുതല്‍’ ഏറ്റെടുത്തു. ബിജെപിയും ആര്‍എസ്എസും ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും സിറിയയിലേക്ക് നാടുകടത്താനായി നടന്ന വിവാഹമായിരുന്നു അവരുടേതെന്നും അച്ഛന്റെ സംരക്ഷണയില്‍ അവള്‍ സുരക്ഷിതയാണെന്നും തുടങ്ങിയ ഒരു കൂട്ടം വാദങ്ങളും പ്രചാരണങ്ങളും നിരന്തരം നടത്തിക്കൊണ്ടിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അധികാരത്തിലെത്തിയ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തില്ല എന്നു മാത്രമല്ല ഒരു പരസ്യപ്രസ്താവന പോലും ഉണ്ടായതുമില്ല. കഴിഞ്ഞയിടെ വിഎസ് അച്യുതാനന്ദന്‍ മാതൃഭൂമിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഹാദിയയുടെ വിഷയം രണ്ട് സമുദായത്തിലേയും വര്‍ഗീയവാദികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും, വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ് പരിഗണിക്കപ്പെടേണ്ടത് എന്ന തരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. സിപിഎമ്മുിം സിപിഐയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവച്ചത് വിഎസ് മാത്രമാണ്. ഹാദിയയുമായി ബന്ധപ്പെട്ട വിഷയം മതവര്‍ഗീയ വാദികള്‍ രാഷ്ട്രീയലാഭത്തിനായി ദുരുപയോഗം ചെയ്യുമ്പോള്‍ ഇടപെടേണ്ടിയിരുന്നത് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

കേരളത്തിലെ ഈഴവും സമുദായവും മസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ കാലങ്ങള്‍ക്ക് മുമ്പേ തന്നെ ഐക്യം നിലനിന്നിരുന്നു എന്നതാണ് വസ്തുത. സാമുദായികമായും സാമ്പത്തികമായും ഏതാണ്ട് തുല്യ നിലവാരം പുലര്‍ത്തിയിരുന്ന ഇരു വിഭാഗങ്ങളും തമ്മില്‍ മിശ്രവിവാഹങ്ങളും പതിവായിരുന്നു എന്നത് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ഈ ഐക്യം തകര്‍ക്കുകയും ഈഴവ സമുദായത്തിനുള്ളില്‍ വര്‍ഗീയത വളര്‍ത്തുകയും ചെയ്യുക എന്നത് സംഘപരിവാര്‍ ശക്തികളുടെ എക്കാലത്തേയും ആവശ്യമായിരുന്നു. മതാതീത ആത്മീയത നിലനില്‍ക്കുന്ന ഈഴവ സമുദായം കേരളത്തെ മതേതര സമൂഹമായി നിലനിര്‍ത്തുന്നതിലും ഏറെ പങ്കുവഹിക്കുന്നുണ്ട് എന്നത് കാണാതെ വയ്യ. എന്നാല്‍ ഇത് തകര്‍ക്കുകയും കേരളത്തിലെ ഈഴവരും മുസ്ലീം സമുദായവും തമ്മില്‍ സ്പര്‍ദ്ദ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഹിന്ദുത്വയുടെ അജണ്ട എന്ന കാര്യം വ്യക്തമാക്കുന്നതാണ് ലൗജിഹാദുമായി ബന്ധപ്പെട്ട് ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ ഈഴവ സമുദായങ്ങള്‍ക്കിടയില്‍ നടത്തിവന്ന കാമ്പയിന്‍. ലൗജിഹാദ് പ്രചാരണങ്ങളുടെ തുടക്കം മുതല്‍ സംഘപരിവാറുകാര്‍ ഈഴവ സമുദായങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചരങ്ങള്‍ നടത്തിയിരുന്നു. ഈഴവ സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു പലപ്പോഴും കാമ്പയിന്‍. ഇതിനെ തുടര്‍ന്നാണ് ഹാദിയയുടെ വിഷയമുള്‍പ്പെടെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതും എന്നത് കണക്കിലെടുക്കേണ്ടതാണ്. എന്നാല്‍ ഇത്തരം പദ്ധതികളുമായി ഫാസിസ്റ്റ് ശക്തികള്‍ മുന്നേറുമ്പോള്‍ സിപിഎം സിപിഐ പാര്‍ട്ടികളുടെ ശക്തികേന്ദ്രമായ ഈഴവ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാവും എന്ന ഭീതിയാണ് പ്രധാനമായും ഇടത് സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടാതിരിക്കാനുള്ള കാരണമായി കണക്കാക്കാനാവുക.

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

എന്നാല്‍ കേരളത്തിലെ സിപിഎം അടക്കമുള്ള സംഘടനകള്‍ ഇസ്ലാമോഫോബിയയുള്ളവരാണെന്ന വിമര്‍ശനമാണ് ഗവേഷകനായ എം.ആര്‍.സുധേഷ് മുന്നോട്ട് വക്കുന്നത് ‘കേരള സമൂഹം ഭയങ്കരമായ തോതില്‍ ഇസ്ലാമോഫോബിക് ആണ്. ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തന്നെ വളരെ ആസൂത്രിതമായി മുസ്ലീം വിരുദ്ധത ജനങ്ങളില്‍ ഉണ്ടാക്കുന്നതില്‍ കാര്യമായ ശ്രമിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഇഎംഎസിന്റെ കാലം മുതല്‍ക്കെ ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ പൊതുവായി മുസ്ലീംവിരുദ്ധത നിലനില്‍ക്കുന്നുണ്ട്. പിന്നെ ആഗോളവ്യാപകമായി ഉണ്ടായിട്ടുള്ള ഇസ്ലാമോഫോബിയയുടെ ഭാഗമായി സംഘടിതമായ പ്രചാരണത്തിന്റെ ഫലമായി കേരളത്തിലും ഇസ്ലാമോഫോബിയ മുസ്ലീം ജനവിഭാഗങ്ങളല്ലാത്ത എല്ലാവരിലും ഉണ്ടെന്ന് പറയാം. അതില്‍ രാഷ്ട്രീയപാര്‍ട്ടിയൊന്നും വിഷയമല്ല. അതിന്റെ ഭാഗമായിട്ടുതന്നെ ആളുകള്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് ഭയപ്പാടോടെയാണ് പലരും കാണുന്നത്. എന്റെ ചെറുപ്പകാലത്ത് ഈഴവ സമുദായത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം പേരുകള്‍ ഇടുന്നത് കണ്ടിരുന്നു. അക്കാലത്ത് ഈഴവ-മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളില്ലാത്ത നല്ല സൗഹൃദം നിലനിന്നിരുന്നു എന്നതിന്റെ സൂചയാണത്. എന്നാല്‍ ഏതാണ്ട് തൊണ്ണൂറുകളോടെ ഹിന്ദുത്വ ആധിപത്യവും ആശയപ്രചാരണത്തിന്റെ ഭാഗമായിട്ടും മുസ്ലീം പേരുകള്‍ പോലും ഇടാത്ത രീതിയിലും, അടുപ്പവും സ്‌നേഹവും ഇല്ലാതെയാവുകയും ചെയ്തു. മുസ്ലീങ്ങളും അമുസ്ലീങ്ങളുമായ സൗഹൃദങ്ങള്‍ പോലും കുറഞ്ഞുവന്നു. അത്തരത്തിലൊരു അകല്‍ച്ച ഇരുസമുദായങ്ങള്‍ക്കിടയിലും ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹാദിയയുടെ അച്ഛന്‍ ആര്‍എസ്എസുകാരനല്ല. പക്ഷെ ഇത്തരം പ്രചാരണങ്ങളുടെ ഇരയാണ് അദ്ദേഹം. മക്കളെ കല്യാണം കഴിച്ചുകൊണ്ടുപോയി തീവ്രവാദി വിഭാഗങ്ങള്‍ക്ക് കൊടുത്ത് നശിപ്പിക്കുമെന്ന് ഹിന്ദുത്വപ്രചാരകര്‍ അശോകനെപ്പോലുള്ളവരെ വിശ്വസിപ്പിക്കുകയാണ്.

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

മറ്റൊരു വിഷയം എസ്ഡിപിഐ ഒരു തീവ്രവാദ സംഘടനയാണെന്ന് മുസ്ലീം സമുദായത്തിനുള്ളില്‍ തന്നെ അഭിപ്രായമുണ്ടെന്നുള്ളതാണ്. അധ്യാപകന്റെ കൈവെട്ട് കേസുമായി ബന്ധപ്പെട്ട് അക്കാര്യം വളരെ ശക്തമായ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ കേരളത്തില്‍ നടന്നിട്ടുള്ള ഏക അക്രമം ഇത് മാത്രമാണെന്നുള്ള രീതിയിലുള്ള പ്രചരണം നിലനില്‍ക്കുന്നുണ്ട്. കൈവെട്ടിയ പ്രവൃത്തിയ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. ഇവിടെ ആളുകളുടെ തലവെട്ടുന്നത് ചേമ്പിന്റെ ഇലവെട്ടുന്നത് പോലെ അത്രയും അനായാസകരമായി നടത്തിക്കൊണ്ടിരിക്കുന്നിടത്ത് കൈവെട്ടുന്നത് മാത്രം വലിയ അക്രമമായിട്ട് കാണുകയും മറ്റൊന്നും അക്രമമായിട്ട് കാണാതിരിക്കുകയും ചെയ്യുന്നത് അതില്‍ ഇസ്ലാം എന്ന ഘടകം നിലനില്‍ക്കുന്നത് കൊണ്ടാണ്. മതത്തിന്റെ ഘടകം നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് എസ്ഡിപിഐ ഇത്രയും വലിയ ഭീകരസംഘടനയായി വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ പൊതുസമൂഹം അല്ലെങ്കില്‍ മതേതര സമൂഹം എന്നുപറയുന്നത് വാസ്തവത്തില്‍ കടുത്ത മുസ്ലീം വിരുദ്ധമാണ്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഹാദിയ വിഷയത്തില്‍ ഇടപെടാത്തതിന് കാരണം.

”ഞാന്‍ മുസ്ലിമാണ്… എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം” ഹാദിയ-വീഡിയോ

വെള്ളാപ്പള്ളി നടേശനുള്‍പ്പെടെയുള്ളവര്‍ മുന്നോക്ക സംവരണത്തെക്കുറിച്ച് പറയുമ്പോള്‍ പോലും സംഘടിത മതശക്തികള്‍ എന്ന പ്രയോഗം ഊന്നിപ്പറയും. ഇത് മുസ്ലീങ്ങളെ തന്നയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. സംഘടിത മതശക്തികള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടിരിക്കുന്നു, ഏത് സര്‍ക്കാരായാലും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് പ്രചരണമാണ് സംഘപരിവാര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള ഒരു സമുദായമാണ് ഈഴവര്‍. സംഘടനക്കുള്ളില്‍ നിരന്തരമെന്നോണം മുസ്ലീംവരുദ്ധ പ്രചാരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഞാന്‍ ഒരു ഈഴവസമുദായാംഗമായതിനാലാണ് ഇത് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത്. എസ്എന്‍ഡിപിയുടെ ഏറ്റവും താഴെയുള്ള യൂണിറ്റുകളിലും കുടുംബയോഗങ്ങളിലും പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് പറയുന്നത്. അല്ലാതെ സവര്‍ണ മേധാവിത്വത്തിനെതിരെയല്ല. ന്യൂനപക്ഷങ്ങളില്‍ തന്നെ മുസ്ലീങ്ങളെ കേന്ദ്രീകരിക്കുന്നുമുണ്ട്.

ഹാദിയ: ‘മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകല്‍’ അഥവാ ‘അവള്‍ക്ക് ഭ്രാന്താണ്’

കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയുമടക്കം എല്ലാ പാര്‍ട്ടികളും മുസ്ലീംവിരുദ്ധരാണ്. ഒന്ന് തീവ്രഹിന്ദുത്വം-ബിജെപി, രണ്ട് മൃദുഹിന്ദുത്വം-കോണ്‍ഗ്രസ്, മറ്റൊന്ന് മതേതരഹിന്ദുത്വം- സിപിഎം; അങ്ങനെയാണ് ഞാന്‍ വിശേശിപ്പിക്കുക. വാസ്തവത്തില്‍ മൂന്നും ഹിന്ദുത്വം തന്നെയാണ്. ഇതില്‍ കോണ്‍ഗ്രസ് മുസ്ലീം സമുദായവുമായി കുറച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്ത് പോവുന്നത് അവര്‍ക്ക് ഭരിക്കണമെങ്കില്‍ മുസ്ലീം ലീഗ് ആവശ്യമാണ് എന്നതുകൊണ്ടാണ്. എന്നാല്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മുസ്ലീങ്ങളേയോ മുസ്ലീംലീഗിനേയോ അടിക്കാനോ പിണങ്ങാനോ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ അവര്‍ ഭംഗിയായി ഉപയോഗിക്കാറുമുണ്ട്. സിപിഎമ്മും ബിജെപിയും മുസ്ലീങ്ങളെ ഒരു ഗ്രൂപ്പിലും അടുപ്പിക്കാന്‍ പാടില്ല എന്ന നിലപാടുള്ളവരാണ്. ഐഎന്‍എല്‍ എന്ന സംഘടനയെ ഇടത് മുന്നണിയില്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കാലഘട്ടത്തില്‍ മദനിയുമായി വേദി പങ്കിട്ടു എന്നതായിരുന്നു പിണറായിക്കെതിരെയുള്ള ശക്തമായ ആരോപണം. ആ തിരഞ്ഞെടുപ്പ് തോല്‍ക്കുന്നതിന് കാരണവും കൂടിയായി അത് വിലയിരുത്തപ്പെട്ടു. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അവര്‍ ഇനി ഒരു മുസ്ലീം സംഘടനയുമായും ഒരു വിധത്തിലുമുള്ള ഐക്യവുമുണ്ടാവില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയത്. കാരണം കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഹിന്ദുത്വബോധത്തിനെ ഇടത് വോട്ടാക്കി മാറ്റണമെങ്കില്‍ മുസ്ലീങ്ങളെ അകറ്റി നിര്‍ത്തുക എന്നതാണ് അവരെ സംബന്ധിച്ച് ഏറ്റവും നല്ലകാര്യം. അത്തരത്തിലുള്ള വിഷയം കൂടിയാണ് സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹാദിയ കേസില്‍ മൗനംപാലിക്കാനുള്ള കാരണം.’

എന്നാല്‍ ഹാദിയ വിഷയത്തില്‍ ഇടപെട്ടിരുന്നവരില്‍ ചിലരെങ്കിലും കേരള രാഷ്ട്രീയത്തില്‍ വളരെ ശക്തമായ സ്വാധീനമുള്ള മുസ്ലീംലീഗിന്റെ അഭിപ്രായത്തിനായി കാതോര്‍ത്തിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. സാമുദായികമായ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ മുസ്ലീംലീഗ് ഉദാസീന നിലപാടാണ് സ്വീകരിക്കുക എന്നത് ബാബറി മസ്ജിദ് തകര്‍ത്ത കാലം മുതല്‍ കണ്ടതാണ്. എസ്ഡിപിഐ എന്ന സംഘടന ഹാദിയ വിഷയത്തില്‍ ഉള്‍പ്പെട്ടതും മുസ്ലീംലീഗിനെ പരസ്യപ്രതികരണത്തില്‍ നിന്ന് തടഞ്ഞതെന്നും വിലയിരുത്തപ്പെടുന്നു.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

മുസ്ലീംലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞതും സമാനമായ കാര്യമാണ് ‘ഞങ്ങള്‍ ഹാദിയയുടെ വിഷയം വികാരപരമായല്ല കണ്ടത്. അതില്‍ ഒരു പ്രശ്‌നം എന്താണെന്ന് വച്ചാല്‍, ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് വേറൊരു സംഘമാണ്. ആ ഗ്രൂപ്പിനെ സംബന്ധിച്ച് ധാരാളം പരാതികളുമുണ്ട്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്ന ആക്ഷേപവുമുണ്ട്. പിന്നെ ഹാദിയയുടെ കേസ് നടത്തിപ്പിന്റെ കാര്യത്തില്‍ കോടതിക്കെതിരെ പ്രകടനം നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്ലീംലീഗിന് വിയോജിപ്പാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളിലും, ഏത് മതവും സ്വീകരിക്കാനുള്ള അവകാശങ്ങള്‍ക്കും ഞങ്ങള്‍ അനുകൂലമാണ്. പക്ഷെ ഞങ്ങള്‍ ഇതിന് മുന്നില്‍ നില്‍ക്കാതിരുന്നതിന് കാരണം ആ വിഷയത്തിന്റെ പോക്ക് ശരിയായിരുന്നില്ല എന്നതാണ്. ഹാദിയയ്ക്ക് മനുഷ്യാവകാശം കൊടുക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിച്ചുണ്ട്. പക്ഷെ പ്രയക്ഷ സമരപരിപാടികളൊന്നും ഈ വിഷയത്തില്‍ ആവശ്യമില്ല. രക്ഷിതാവിനെ ഏല്‍പ്പിച്ചതാണ്, അവിടെ അവര്‍ക്ക് നീതികിട്ടുന്നില്ല എന്ന അവസ്ഥ വന്നു. പക്ഷെ കോടതിയാണ് അത് ചെയ്തിട്ടുള്ളത്, വീണ്ടും കോടതിക്ക് മുന്നില്‍ കാര്യങ്ങള്‍ വരുന്നു എന്ന രീതിയിലേ ഞങ്ങള്‍ അതിനെ കണ്ടിട്ടുള്ളൂ. ഹാദിയയുടേത് വൈകാരികമായ ഒരു വിഷയമാണ്. അത് വലുതാക്കിയതുകൊണ്ട് സമൂഹത്തിന് ഗുണമല്ല ഉണ്ടാവുക. സമൂഹത്തിനകത്ത് ഐക്യമുണ്ടാക്കുന്ന തരത്തിലും, വെറുപ്പും വിദ്വേഷവും ഇല്ലാത്തരീതിയിലും കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ഇത് സുപ്രീംകോടതി ഇടപെട്ട വിഷയമാണ്. അവര്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനവുമെടുക്കേണ്ടതാണ്. അതില്‍ കക്ഷി ചേര്‍ന്നിട്ട് മതവൈരം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവരുതെന്നാണ് ഞങ്ങളുടെ നിലപാട്.’

ഹാദിയ: ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇവരെ നാം എന്തുകൊണ്ട് വിചാരണ ചെയ്യണം

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on November 27, 2017 1:52 pm