UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനംജിയുടെ ഇമ്മിണി ബല്യ രാഷ്ട്രീയ പൂതികൾ

മുഖ്യമന്ത്രിയുടെ മുറിക്ക് പിന്നാലെ ഉപദേഷ്ടാക്കളും; അതിമോഹം ചക്രം ചവിട്ടും എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്

കെ എ ആന്റണി

കെ എ ആന്റണി

സ്കൂളുകളിൽ ടീച്ചർമാർ ചെറിയ കുട്ടികളോട് ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് ഭാവിയിൽ നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹമെന്നതാണ്. പണ്ടൊക്കെ ഭൂരിഭാഗം കുട്ടികളും മാഷോ ടീച്ചറോ ആവണമെന്ന് പറയുമായിരുന്നു. ഡോക്ടർ, എഞ്ചിനീയർ, കളക്ടർ എന്നൊക്കെ പറയുന്ന കുട്ടികളുടെ എണ്ണം കൂടിയാൽ രണ്ടോ മൂന്നോ. അച്ഛൻ കർഷകൻ ആണെങ്കിലും അച്ഛനെപ്പോലെ ആകണം എന്ന് പറയുന്ന കുട്ടികളും അന്നുണ്ടായിരുന്നു.

“ഇതാ അച്ഛനും മകനും. അച്ഛൻ പീഠത്തിൽ ഇരിക്കുന്നു. മകൻ താഴെയും. രണ്ടു പേർക്കും ഒരേ ഛായ” എന്നും . “അമ്മ എനിക്ക് ദിവസവും കാച്ചിയ പാൽ കുടിക്കാൻ തരും. അത് കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നതു? ഞാൻ അച്ഛനോളം വലുതാവണം. അതാണ് അമ്മക്ക് ഇഷ്ട്ടം”, എന്നിങ്ങനെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുന്ന മലയാള പാഠാവലി പഠിച്ചു തുടങ്ങുന്ന ഏതൊരു കുട്ടിക്കും അച്ഛനെപ്പോലെ ആകാൻ മോഹം ഉണ്ടാകുക തികച്ചും സ്വാഭാവികം.

എന്നിരുന്നാലും ചില കുട്ടികൾ ടീച്ചർ, ഡോക്ടർ, എഞ്ചിനീയർ, കളക്ടർ എന്നൊക്കെ പറഞ്ഞിരുന്നത് എന്റെയൊക്കെ കുട്ടിപ്രായത്തിൽ അവരൊക്കെയായിരുന്നു കുഞ്ഞു മനസ്സുകളിലേക്കു കടന്നു കൂടിയ വലിയ മനുഷ്യർ എന്നതുകൊണ്ട് കൂടിയായിരുന്നു. പോരെങ്കിൽ ശിശുദിന ആഘോഷവേളകളിൽ മുഖ്യ പ്രഭാഷണം നടത്തുന്ന ആളുകൾ കുട്ടികൾക്ക് Ambitions ഉണ്ടായിരിക്കണം എന്ന ജവാഹർലാൽ നെഹ്രുവിന്റെ ഉപദേശം ആവർത്തിക്കുക പതിവുമായിരുന്നു.

എല്ലാവരെയുംപോലെ തന്നെ നമ്മുടെ കുമ്മനംജിയും മേല്പറഞ്ഞ പാഠഭാഗങ്ങൾ പഠിക്കുകയും ഭാവിയിൽ ആരാകണമെന്ന ചോദ്യത്തെ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ടാവും എന്ന കാര്യത്തിൽ തർക്കം വേണ്ട. എന്നാൽ ഭാവിയിൽ ആരായിത്തീരണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരിക്കുക എന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്തായാലും അക്കാലത്തെ മറ്റു കുട്ടികളെപ്പോലെ തന്നെ എം എൽ എ, മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ സ്ഥാനങ്ങളെക്കുറിച്ചൊന്നും ബാലനായ രാജശേഖരൻ പറഞ്ഞിരിക്കാൻ ഇടയില്ല.

ഗാന്ധിജിയെയും എബ്രഹാം ലിങ്കനെയും നെഹ്‌റു, ശാസ്ത്രി തുടങ്ങി പല നേതാക്കളെയും അന്നും കുട്ടികൾക്ക് ഏറെ ഇഷ്ട്ടമായിരുന്നെങ്കിലും ഒരു രാഷ്ട്രീയക്കാരൻ ആവാനാണ് പൂതിയെന്നു അക്കാലത്തു ഒരു കുട്ടിയും പറഞ്ഞുകേട്ടിട്ടില്ല.

എന്നാൽ ഇപ്പോൾ (ഇപ്പോൾ എന്ന് പറഞ്ഞാൽ ബി ജെ പി സംസ്ഥാന അധ്യക്ഷനായതിനു ശേഷം) കുമ്മനംജിയുടെ മനസ്സിൽ ഇമ്മിണി ബല്യ രാഷ്ട്രീയ പൂതികൾ കടന്നുകൂടിയുട്ടുണ്ടെന്നു വേണം കരുതാൻ. അത് അദ്ദേത്തിന്റെ വാക്കിലും പ്രവൃത്തിയിലുമൊക്കെ പ്രകടമാണുതാനും.

കൃത്യമായി പറഞ്ഞാൽ കുമ്മനംജിയുടെ ഇപ്പോഴത്തെ ലക്‌ഷ്യം കേരളത്തിന്റെ മുഖ്യമന്ത്രി പദം തന്നെ. പുതുക്കി പണിയുന്ന ബി ജെ പി സംസ്ഥാന ആസ്ഥാന മന്ദിരത്തിൽ മുഖ്യമന്ത്രിക്കായി ഒരു മുറി നിർമിക്കുവാൻ തീരുമാനിച്ചത് കൊണ്ട് മാത്രമല്ല ഇങ്ങനെ പറയുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ തനിക്കും ഉപദേശകരെ നിയമിക്കാൻ തീരുമാനിച്ചതുകൊണ്ടു കൂടിയാണ്. തീരുമാനം കേന്ദ്ര നേതൃത്വം വകയാണെന്നു കുമ്മനംജി പറയുന്നുണ്ട്. ശരിയായിരിക്കാം. അങ്ങനെയാണെങ്കിൽ കുമ്മനംജിയുടെ മനസ്സ് അമിത്‌ജി കൃത്യമായി വായിച്ചിരുന്നു എന്ന് വേണം കരുതാൻ .

നിലവിൽ മൂന്നു ഉപദേഷ്ടാക്കളെയാണ് കുമ്മനംജിക്കു ലഭിച്ചിരിക്കുന്നത്. സാമ്പത്തിക ഉപദേഷ്ടാവായി ഡോക്ടർ ജിസി ഗോപാലപിള്ള, വികസനം, ആസൂത്രണം എന്നിവ ഉപദേശിക്കാൻ ഡോക്ടർ കെആർ രാധാകൃഷ്ണ പിള്ള , മാധ്യമ ഉപദേഷ്ടാവായി ജന്മഭൂമി മുൻ എഡിറ്റർ ഹരി എസ് കർത്താ. ഉപദേശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നും പാർട്ടിക്കുള്ളിലെ ചില തർക്കങ്ങൾ മൂലമാണ് അവരുടെ പേര് വിവരങ്ങൾ പ്രഖ്യാപിക്കാൻ വൈകുന്നതെന്നും പറഞ്ഞു കേൾക്കുന്നു.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏകോപനം സുഗമമാക്കാനാണ് ഈ ഉപദേശക നിയമനം എന്നാണു പറയുന്നത്. സത്യത്തിൽ ഏകോപനം നടത്തേണ്ട ജോലി മുഖ്യമന്ത്രിയുടേതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷി സംസ്ഥാനത്തു പ്രതിപക്ഷത്തായി പോയാൽ പ്രതിപക്ഷ നേതാവിനും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താം. അതിനു പക്ഷെ വകുപ്പ് തിരിച്ചു ഉപദേശകരെ നിയമിക്കേണ്ടതില്ലല്ലോ. അല്ലെങ്കിലും കുമ്മനംജി നിലവിൽ പ്രതിപക്ഷ നേതാവുമല്ലല്ലോ. എങ്കിലും ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ നേതാവെന്ന നിലയിൽ കേരളത്തിനുവേണ്ടി അദ്ദേഹം ശബ്‌ദം ഉയർത്തുന്നതിൽ ആർക്കും പരിഭവം ഉണ്ടാകാൻ ഇടയില്ലെങ്കിലും ഈ ഉപദേശക നിയമനം അത്രക്കങ്ങു ദഹിക്കുന്നില്ല. നെഹ്‌റു പറഞ്ഞതുപോലെ അംബീഷൻ ഉണ്ടാവുന്നത് നല്ലതൊക്കെ തന്നെ. പക്ഷെ അംബീഷൻ എന്ന വാക്കിനു അതിമോഹം എന്നുകൂടി അർത്ഥമുണ്ട്. അതിമോഹം ചക്രം ചവിട്ടും എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്.
ശുഭം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍