X

കുംഭക്കുടി സുധാകരനെ കൊമ്പുകുത്തിച്ച ശ്രീമതി ടീച്ചര്‍; അത് തന്നെയാണ് ഹൈലൈറ്റ്

കണ്ണൂർ മണ്ഡലത്തിൽ പുരുഷ വോട്ടര്‍മാരേക്കാൾ ഏതാണ്ട് ഒരു ലക്ഷത്തോളം വനിതാ വോട്ടർമാർ ഉണ്ടെന്നതും ടീച്ചറുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

പ്രഥമ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, രണ്ടു തവണ എം എൽ എ, ഇതിൽ ഒരു തവണ ആരോഗ്യ – കുടുംബ ക്ഷേമ വകുപ്പ് മന്ത്രി, കണ്ണൂരിലെ സിറ്റിംഗ് എം പി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, സി പി എം കേന്ദ്ര കമ്മിറ്റി അംഗം- എന്നിങ്ങനെ വിശേഷണങ്ങൾ ഒട്ടേറെയുണ്ട് കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്ന പി കെ ശ്രീമതി എന്ന മുൻ അധ്യാപിക കൂടിയായ ശ്രീമതി ടീച്ചറിന്. എന്നാൽ തിരെഞ്ഞെടുപ്പ് മത്സരങ്ങളിൽ വിജയം മാത്രം അവകാശപ്പെടാനുള്ള ഈ പൊതുപ്രവർത്തകയുടെ ഏറ്റവും വലിയ സവിശേഷത കടുത്ത എതിരാളികളെപ്പോലും ഹൃദ്യമായ പുഞ്ചിരിയിലൂടെ കൈയ്യിലെടുക്കാനുള്ള വൈഭവം തന്നെയാണ്. ഈ കഴിവിനൊപ്പം എം പി എന്ന നിലയിലും വനിതാ എന്ന നിലയിലും മണ്ഡലത്തിൽ ടീച്ചർക്കുള്ള പൊതു സ്വീകാര്യതയും പാർട്ടിക്കാരോ അനുഭാവികളോ അല്ലാത്തവരുടെ കൂടി വോട്ടുകൾ സമാഹരിക്കാനുള്ള വൈഭവവും കൂടി പരിഗണിച്ചു തന്നെയാണ് കണ്ണൂർ മണ്ഡലത്തിലേക്ക് മറ്റു ചില പേരുകൾ കൂടി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ അവരെ തന്നെ മത്സര രംഗത്തിറക്കാൻ സി പി എമ്മിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.

കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലം കോൺഗ്രസിൽ നിന്നും തിരിച്ചു പിടിക്കുക എന്നതായിരുന്നു ടീച്ചറുടെ ദൗത്യമെങ്കിൽ ഇക്കുറി മണ്ഡലം നിലനിര്‍ത്തുക എന്നതാണ്. 2014ൽ സിറ്റിംഗ് എം പി യും കോൺഗ്രസിലെ കരുത്തനായ കെ സുധാകരനെ ആറായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തികൊണ്ട് പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം ടീച്ചർ ഭംഗിയായി നിർവഹിച്ചു. അതുകൊണ്ടു തന്നെയാവണം ഇത്തവണയും കണ്ണൂരിൽ നിന്ന് മത്സരിക്കാൻ അവർക്കു തന്നെ നറുക്കു വീണത്. ഇക്കുറി കോൺഗ്രസ്സിനുവേണ്ടി ആരാണ് കളത്തിലിറങ്ങുന്നതെന്ന് വ്യക്തമല്ലെങ്കിലും 2009ൽ സി പി എമ്മിൽ നിന്നും കണ്ണൂർ മണ്ഡലം റാഞ്ചിയെടുക്കുകയും എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്നെ ടീച്ചർക്ക് മുന്നിൽ അടിയറവു പറയുകയും ചെയ്ത കെ സുധാകരനെ തന്നെയാണ് സി പി എം പ്രതീക്ഷിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസ്സുകാരെയും മാറി മാറി വിജയിപ്പിച്ച ചരിത്രം കണ്ണൂരിനുണ്ടെങ്കിലും 1984ൽ കണ്ണൂരിൽ നിന്നും കോൺഗ്രസ്സുകാരനായ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ചതോടെ സ്ഥിതി മാറി. അവിടുന്നങ്ങോട്ട് തുടർച്ചയായി അഞ്ചു തവണ മുല്ലപ്പള്ളിയുടെ ജൈത്രയാത്രയായിരുന്നു. 1999ൽ എസ് എഫ് ഐ നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടിയിലുടെ സി പി എം മണ്ഡലം തിരിച്ചു പിടിച്ചു. 2004ലും അബ്ദുള്ളക്കുട്ടിയോട് തോൽക്കാനായിരുന്നു മുല്ലപ്പള്ളിയുടെ വിധി. എന്നാൽ 2009ൽ സി പി എമ്മിലെ കെ കെ രാഗേഷിനെ 40,000ൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തി കെ സുധാകരൻ കോൺഗ്രസിന് കണ്ണൂർ മണ്ഡലം നേടിക്കൊടുത്തു. ശ്രീമതി ടീച്ചറാണ് സ്ഥാനാര്‍ത്ഥിയെങ്കിൽ ഞാൻ എപ്പോഴേ ജയിച്ചുകഴിഞ്ഞുവെന്ന് വീമ്പു പറഞ്ഞ സുധാകരനെയാണ് ടീച്ചർ 6566 വോട്ടിനു കൊമ്പ് കുത്തിച്ചത്.

എളാപ്പൻ നമ്പ്യാരുടെയും പി കെ മീനാക്ഷി അമ്മയുടെയും മകളായി 1949 ൽ ജനിച്ച പി കെ ശ്രീമതി മൂന്ന് പതിറ്റാണ്ടിലേറെയായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. എം പി എന്ന നിലയിൽ മണ്ഡലത്തിൽ കൊണ്ടുവന്ന കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം ഉൾപ്പെടെയുള്ള എണ്ണമറ്റ വികസന പ്രവർത്തങ്ങൾ അക്കമിട്ടു നിരത്തിയാണ് ടീച്ചർ പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതോടൊപ്പം പാർലമെന്റിലെ തന്റെ മികച്ച ഹാജർ നിലയും ചർച്ചകളിലെ സജീവ സാന്നിധ്യവും വനിതാ ശാക്തീകരണത്തിനായുള്ള കമ്മിറ്റി, മനുഷ്യ വിഭവ വികസന കമ്മിറ്റി, ആരോഗ്യ കുടുംബ ക്ഷേമ കമ്മിറ്റി എന്നിവയിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എന്ന നിലയിൽ നടത്തിയ ഇടപെടലുകളുമൊക്കെ ടീച്ചർ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ പുരുഷ വോട്ടര്‍മാരേക്കാൾ ഏതാണ്ട് ഒരു ലക്ഷത്തോളം വനിതാ വോട്ടർമാർ ഉണ്ടെന്നതും ടീച്ചറുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

സൗമ്യ പ്രകൃതവും ആരെയും കൈയിലെടുക്കാൻ പോന്ന വൈഭവവുമൊക്കെ ഉണ്ടെങ്കിലും എതിരാളികൾ ഇത്തവണ ടീച്ചർക്കെതിരെ പ്രചാരണായുധമാക്കാൻ ഇടയുള്ള ഒരു വിഷയം അനുജത്തിയുടെ ഭർത്താവ് ഇ പി ജയരാജൻ ടീച്ചറുടെ മകൻ സുധീർ നമ്പ്യാർക്ക് വ്യവസായ വകുപ്പിന് കീഴിലുള്ള ഒരു പൊതു മേഖല സഥാപനത്തിൽ വഴിവിട്ടു നിയമനം നൽകാൻ ശ്രമിച്ചു എന്നതാണ്. എന്നാൽ സുധീർ നമ്പ്യാർ പ്രസ്തുത നിയമനം സ്വീകരിച്ചിരുന്നില്ലെന്നത് ടീച്ചർക്കും സി പി എമ്മിനും പറഞ്ഞു നിൽക്കാനുള്ള നല്ല അവസരം നൽകുന്നുണ്ട്.

എതിരാളി ആരെന്നു കോൺഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എൻ ഡി എ യിൽ നിന്നും പറഞ്ഞു കേൾക്കുന്ന പേര് കണ്ണൂർക്കാരൻ കൂടിയായ ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പദമനാഭന്റേതാണ്. എന്തായാലും ഇക്കുറിയും കണ്ണൂരിൽ തീ പാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on March 11, 2019 5:16 pm