X

മൂന്നാര്‍ കൈയേറ്റ പട്ടിക തയ്യാറായി; മുന്‍പില്‍ കുരിശ് സ്ഥാപിച്ച ടോം സഖറിയയുടെ കുടുംബം

മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലിജീഷ് ചിന്നക്കനാലില്‍ ഏഴരയേക്കര്‍ ഭൂമി കയ്യേറി

മൂന്നാറില്‍ കയ്യേറ്റം നടത്തിയവരുടെ പട്ടിക തയ്യാറാവുന്നു. റവന്യൂ വകുപ്പ് തയ്യാറാക്കുന്ന പട്ടികയില്‍ മുന്‍പന്‍ പപ്പാത്തി ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സഖറിയയുടെ വെള്ളൂക്കുന്നേല്‍ കുടുംബമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പപ്പാത്തി ചോലയില്‍ 200 ഏക്കറോളമാണ് ഇവര്‍ കൈയേറിയത്. അതേ സമയം ടോം സഖറിയയുടെ സഹോദരങ്ങളായ ജിമ്മി സഖറിയ 27 ഏക്കറും ബോബി സഖറിയ 12 ഏക്കറും കയ്യേറിയതായും പട്ടികയിയിലുണ്ട്. പ്രധാനമായും ചിന്നക്കനാല്‍ പ്രദേശത്താണ് ഇവരുടെ കയ്യേറ്റം.

മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലിജീഷ് ചിന്നക്കനാലില്‍ ഏഴരയേക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരന്‍ ടിസ്സിന്‍ ജെ തച്ചങ്കരി ഏഴേക്കറോളം കയ്യേറിയതായും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ എസ് ഇ ബി, വനം വകുപ്പ്,പഞ്ചായത്ത്, ഫിഷറീസ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെ ഭൂമിയാണ് കയ്യേറിയതില്‍ ഏറിയ പങ്കും.

അതേസമയം മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ കുറിച്ച് കൂടിയാലോചന നടത്തുന്നതിനായി സര്‍വ്വകക്ഷി യോഗം ഇന്ന് വൈകീട്ട് നടക്കും. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ ഭരണകൂടം കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കിയത്.

അതേ സമയം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന മൂന്നാറിലെ ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു സ്വന്തമാക്കിയതാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ വ്യക്തമാക്കി. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണോയെന്നു കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് എംഎല്‍എയുടെ ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു സ്വന്തമാക്കിയതാണെന്ന് മന്ത്രി രേഖകളുടെ അടിസ്ഥാനത്തില്‍ മറുപടി പറഞ്ഞത്.

This post was last modified on May 7, 2017 10:37 am