X

കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ സിഐഎ ചാരന്‍? 2017ല്‍ മലേഷ്യയില്‍ കൊല്ലപ്പെട്ടു?

2017 ഫെബ്രുവരിയില്‍ സിഐഎ പ്രതിനിധിയെ കാണാനായി കിം ജോങ് നാം മലേഷ്യയിലെത്തിയിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാം സിഐഎയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയിരുന്ന ഇന്‍ഫോര്‍മന്റ് ആയിരുന്നു എന്നും 2017ല്‍ മലേഷ്യയില്‍ വച്ച് വധിക്കപ്പെട്ടതായും റിപ്പോര്‍ട്ട്. യുഎസിലെ ദ വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത വാര്‍ത്താസ്രോതസിനെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ഫെബ്രുവരിയില്‍ സിഐഎ പ്രതിനിധിയെ കാണാനായി കിം ജോങ് നാം മലേഷ്യയിലെത്തിയിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

കിം ജോങ് ഉന്നിന്റെയും നാമിന്റേയും പിതാവ് ഉത്തരകൊറിയന്‍ മുന്‍ ഭരണാധികാരി കിം ജോങ് ഇല്‍ ആണ്. രണ്ട് ബന്ധത്തിലുണ്ടായ മക്കള്‍. കിം ജോങ് നാം കിം ജോങ് ഇല്ലിന്റെ പിന്‍ഗാമിയാകും എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത് എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു. എന്നാല്‍ കിം ജോങ് നാം ആഭ്യന്തര രാഷ്ട്രീയ മത്സരങ്ങളില്‍ ഒതുക്കപ്പെട്ടു. വര്‍ഷങ്ങളായി ഉത്തരകൊറിയയ്ക്ക് പുറത്തായിരുന്നു കിം ജോങ് നാമിന്റെ താമസം. ഇതുകൊണ്ട് തന്നെ ഉത്തരകൊറിയന്‍ ആഭ്യന്തര രഹസ്യങ്ങള്‍ ശേഖരിക്കുക നാമിനെ സംബന്ധിച്ച് അസാധ്യമാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ട്.

എന്നാല്‍ ചൈനീസ് സുരക്ഷാ ഏജന്‍സികളുമായി കിം ജോങ് നാമിന് ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നു. കിം ജോങ് നാമിന് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച പേരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ കേസുണ്ടായിരുന്നു. നിരോധിത രാസായുധം ലിക്വിഡ് വിഎക്‌സ് ഉപയോഗിച്ചായിരുന്നു വധശ്രമം. 2017 ഫെബ്രുവരിയില്‍ ക്വാലലംപൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്‍ഡോനേഷ്യക്കാരിയായ സിതി ആസിയയെ ആ വര്‍ഷം മാര്‍ച്ചിലും വിയറ്റ്‌നാം കാരി ഡൊവാന്‍ തി ഹുനോങിനെ മേയിലും മോചിപ്പിച്ചിരുന്നു. കിമ്മിന്റെ ബാഗില്‍ നിന്ന് 1,20,000 ഡോളര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുള്ള പണമായിരിക്കാം എന്നും അതല്ല ചൂതാട്ടത്തില്‍ നിന്ന് ലഭിച്ചതാണ് എന്നും പറയുന്നു.

This post was last modified on June 11, 2019 2:28 pm